ഓഹരി വിപണിയില്‍ തിളക്കമാര്‍ന്ന പ്രകടനം
ഓഹരി വിപണിയില്‍ തിളക്കമാര്‍ന്ന പ്രകടനം
Monday, May 25, 2015 10:37 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: സാങ്കേതിക വശങ്ങള്‍ നല്‍കിയ കരുത്തുമായി ഇന്ത്യന്‍ ഓഹരി വിപണി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ബോംബെ സെന്‍സെക്സ് കഴിഞ്ഞവാരം 633 പോയിന്റ് കയറി. നിഫ്റ്റി സൂചിക 196 പോയിന്റും ഉയര്‍ന്നു. രണ്ടു സൂചികയും രണ്ടു ശതമാനത്തില്‍ അധികം നേട്ടം സ്വന്തമാക്കി.

സെന്‍സെക്സ് അതിന്റെ 200 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലെത്തിയെങ്കിലും 50 ഡേ മൂവിംഗ് ആവറേജിനു മുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മുന്‍വാരം സൂചിപ്പിച്ച പ്രതിരോധമായ 27,936 പോയിന്റിനെ മറികടന്ന് 27,957 ല്‍ ബിഎസ്ഇ വാരാന്ത്യം ക്ളോസ് ചെയ്തു. ഈവാരം 28,215-28,473 ല്‍ പ്രതിരോധമുണ്ട്. ഇത് മറികടക്കാനുള്ള കരുത്തു ലഭിച്ചാല്‍ ജൂണില്‍ സൂചിക 28,881 നെ ലക്ഷ്യമാക്കി സഞ്ചരിക്കാം. എന്നാല്‍ വിപണി വീണ്ടും വില്പനക്കാരുടെ നിയന്ത്രണത്തിലേക്ക് വഴുതിയാല്‍ 27,549-27,141 ല്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാം. ഈ നീക്കം വിജയിച്ചില്ലെങ്കില്‍ 26,883 റേഞ്ചിലേക്ക് തിരിയാം. എംഎസിഡി, പാരാബോളിക്ക് എസ് ആന്റ് പി എന്നിവ ബുള്ളിഷ് ട്രന്റ് നിലനിര്‍ത്തിയപ്പോള്‍ സ്ളോ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവര്‍ ബോട്ട് പൊസിഷനിലുമാണ്.

നിഫ്റ്റി സൂചിക 8,284 റേഞ്ചില്‍ നിന്നുള്ള കുതിപ്പില്‍ 8,484 വരെ കയറിയെങ്കിലും വാരാന്ത്യം 8,458 ലാണ്. ഈവാരം 8,533 ല്‍ ശക്തമായ പ്രതിരോധം നേരിടാം. ഇതിന് മുകളിലേക്ക് നീങ്ങാനായാല്‍ 8,733 വരെ കയറാം. സൂചികയ്ക്ക് തളര്‍ച്ച നേരിട്ടാല്‍ 8,333 ല്‍ ആദ്യ താങ്ങ് ലഭ്യമാവും. ക്ളോസിംഗ് വേളയില്‍ ഇത് നിലനിര്‍ത്താനായില്ലെങ്കില്‍ 8,208-8,133 റേഞ്ചിലേക്ക് തിരിയാം. വ്യാഴാഴ്ച മെയ് സീരീസ് സെറ്റില്‍മെന്റാണ്. ഓപ്പറേറ്റര്‍മാര്‍ മുന്നിലുള്ള മൂന്ന് ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാക്കും.


അഞ്ച് ആഴ്ച്ചകളിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് നിലകൊള്ളുന്നത്. ഡെറിവേറ്റീവ് മാര്‍ക്കറ്റിലെ സെന്‍റ്റില്‍മെന്റ് വേളയില്‍ സൂചിക ആടിയുലഞ്ഞാലും മണ്‍സൂണ്‍ കേരള തിരത്തു പ്രവേശിക്കുന്ന മുഹൂര്‍ത്തത്തില്‍ വീണ്ടും കുതിപ്പിന് സൂചിക ശ്രമിക്കാം.

കഴിഞ്ഞവാരത്തിലെ കുതിച്ചു ചാട്ടത്തില്‍ മുന്‍നിരയിലെ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 81,947.46 കോടി രൂപയുടെ വര്‍ധന. ആര്‍ഐഎല്‍, ഒഎന്‍ജിസി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയവയാണ് മുന്‍പന്തിയില്‍. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 21,526.42 കോടി രൂപയുടെ വര്‍ധന.

ജൂണ്‍ രണ്ടിന് റിസര്‍വ് ബാങ്ക് വായ്പാ അവലോനയോഗം ചേരുകയാണ്. നാണ്യപ്പെരുപ്പം താഴ്ന്ന തലത്തില്‍ നീങ്ങുന്നത് കണക്കിലെടുത്താല്‍ പലിശ നിരക്കില്‍ കുറവുവരുത്താന്‍ കേന്ദ്രബാങ്ക് നീക്കം നടത്താം. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് ഇനി പുറത്തു വരാനിരിക്കുന്ന ത്രൈമാസ പ്രവര്‍ത്തന ഫലങ്ങളും മണ്‍സൂണിന്റെ സാന്നിധ്യവുമെല്ലാം ആര്‍ബിഐ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

അമേരിക്കന്‍ ഓഹരി വിപണിയിലും വന്‍കുതിപ്പ്. ഡൌ ജോണ്‍സ് സൂചിക റിക്കാര്‍ഡ് പ്രകടനത്തിലൂടെ 18,351 വരെ കയറിയ ശേഷം വാരാന്ത്യം 18,232 ലാണ്. വാരാന്ത്യം ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന്റെ തിരിച്ചുവരവ് കണ്ട് ഫണ്ടുകള്‍ ഓഹരികളില്‍ ലാഭമെടുപ്പിനു മത്സരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.