ജികെഎസ്എഫ് ഒമ്പതാം സീസണ്‍ മെഗാമേളയാക്കുന്നു
Saturday, May 23, 2015 11:33 PM IST
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് ഈ വര്‍ഷം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'വിസിറ്റ് കേരള 2015' മായി സംയോജിപ്പിച്ച് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ്് ഫെസ്റിവല്‍ ഒമ്പതാമത് എഡിഷന്‍ ഒരു മെഗാമേളയായി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി എ. പി അനില്‍കുമാര്‍ പറഞ്ഞു. കേരളം കാണുന്നതോടൊപ്പം ഷോപ്പിംഗ് കൂടി വിനോദ സഞ്ചാരത്തിന്റെ മുഖ്യഭാഗമാക്കി മാറ്റുവാന്‍ ഉതകുന്ന തരത്തിലുള്ള നൂതനവും, വ്യത്യസ്തവുമായ പദ്ധതികളാണ് മെഗാ സീസണ്‍ 9 ന്റെ ഭാഗമായി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് മന്ത്രി അിറയിച്ചു.

ജികെഎസ്എഫില്‍ ആദ്യമായി തദ്ദേശീയരും, വിദേശീയരുമായ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ ഡിസ്കൌണ്ട് കാര്‍ഡുകളാണ് ഈ സീസണിന്റെ മുഖ്യ ആകര്‍ഷണം. ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപറേറ്റര്‍മാരെയും, കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളെയും, ഏകോപിപ്പിച്ചു കൊണ്ടാണ് ഈ നൂതന സംരംഭം നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

സീസണ്‍ 9ന്റെ മുന്നോടിയായി ഓണക്കാലത്ത് ജികെഎസ്എഫ് ബ്രാന്‍ഡുകളില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കുടുംബശ്രീ ഉത്പന്നങ്ങളടക്കമുള്ള തദ്ദേശീയ ഉത്പന്നങ്ങളുടെ വിളംബര വിപണനമേളകള്‍ സംഘടിപ്പിക്കും. കേരളത്തിന്റെ തനത് ഉത്പന്നങ്ങളുടെ പ്രചരണമാണ് ഈ മേളയുടെ ഉദ്ദേശം. ദുബായ് കേന്ദ്രമാക്കി ഓണക്കാലത്ത് ഒരു കേരള ഫെസ്റിവല്‍ സംഘടിപ്പിക്കുവാനും ആലോചിക്കുന്നുണ്ട്.

10 ലക്ഷമോ അതിലധികമോ സമ്മാനകൂപ്പണ്‍ വിതരണം ചെയ്യാന്‍ തയാറാകുന്ന സ്ഥാപനങ്ങളെ മേളയുടെ 'വ്യാപാരപങ്കാളികള്‍' ആയി പ്രഖ്യാപിക്കും. ഈ സ്ഥാപനങ്ങള്‍ക്ക് വ്യാപാര വര്‍ധനവിനായി ജി കെ എസ് എഫ് നടത്തുന്ന അച്ചടി, ദൃശ്യമാധ്യമ പ്രചരണങ്ങളില്‍ പ്രത്യേക പങ്കാളിത്തം നല്‍കും. 25 കോടി രൂപയുടെ സമ്മാനങ്ങള്‍ ഉള്‍കൊള്ളുന്ന ആകര്‍ഷകമായ സമ്മാനഘടനയാണ് മെഗാ സീസണ്‍ 9നു വേണ്ടി ആവിഷ്കരിച്ചിട്ടുള്ളത്.


കേരളീയ ഉത്പന്നങ്ങളെയും, കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളെയും പ്രേത്സാഹിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മുന്‍കൂര്‍ ബുക്കിംഗ് പദ്ധതി, ഷോപ്പ് ടു ഹോം തുടങ്ങി വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും ഒരേ സമയം പ്രയോജനം ലഭിക്കുന്ന നിരവധി വ്യത്യസ്ഥങ്ങളായ പദ്ധതികള്‍ കൂടി സീസണ്‍ 9ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ കരകൌശല ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കരകൌശല ഉത്പന്നങ്ങളുടെ പ്രചരണവും, വിപണനവും സാധ്യമാക്കുന്നതിനുവേണ്ടി 'സൂരജ് കുണ്ട് ' മാതൃകയില്‍ നടത്തുന്ന ഒരു ദേശീയ കരകൌശല മേള ടൂറിസം വകുപ്പിന്റെ കീഴിലുള്ള വടകരയിലെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ സീസണ്‍ 9ല്‍ ഒരുക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ വിവിധ വിദേശ രാജ്യങ്ങളിലെ കയറ്റുമതി പ്രോത്സാഹന ഏജന്‍സികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതോടൊപ്പം ബയര്‍, സെല്ലര്‍ മീറ്റും സംഘടിപ്പിക്കും

തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വ്യാപാര പ്രോത്സാഹനത്തിനായി വിദ്യാലയങ്ങളെയും, കലാശാലകളേയും, വീട്ടമ്മമാരേയും പങ്കാളികളാക്കുന്നതിന് ആവശ്യമായ പരിപാടികളും ഈ സീസണിന്റെ പ്രത്യേകത ആയിരിക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരസഭകള്‍ കേന്ദ്രീകരിച്ച് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ പ്രാദേശികവ്യാപാരമേളകള്‍ സംഘടിപ്പിക്കും. വിപണനം, വിജ്ഞാനം, വിനോദം ഇവ സാധ്യമാകുന്ന രീതിയില്‍ സീസണ്‍ 9 ന്റെ സമഗ്രമായ പ്രവര്‍ത്തനരൂപരേഖ ജികെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. മേല്‍ സൂചിപ്പിച്ച പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സമിതിയുടെ അംഗീകാരം ലഭിച്ചതായി ഡയറക്ടര്‍ ആറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.