പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന: ഫെഡറല്‍ ബാങ്കും ന്യൂ ഇന്ത്യ അഷ്വറന്‍സും ധാരണയില്‍
Thursday, May 7, 2015 10:51 PM IST
കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉടമകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജന നടപ്പാക്കുന്നതിന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ഈ പദ്ധതി പ്രകാരം 12 രൂപ വാര്‍ഷിക പ്രീമിയത്തിന്മേല്‍ അപകടം മൂലമുള്ള മരണത്തിനും അംഗവൈകല്യത്തിനും രണ്ടു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.

ഫെഡറല്‍ ബാങ്കിനുവേണ്ടി ജനറല്‍ മാനേജര്‍ ആന്റു ജോസഫും ന്യൂ ഇന്ത്യ അഷ്വറന്‍സിനുവേണ്ടി ഡയറക്ടറും ജനറല്‍ മാനേജറുമായ സനത് കുമാറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 18നും 70നും ഇടയില്‍ പ്രായമുള്ള സേവിംഗ്സ് അക്കൌണ്ട് ഉടമകള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ജൂണ്‍ ഒന്നിനാണ് ഇതു പ്രാബല്യത്തില്‍ വരിക. 31നകം അതത് ശാഖകളില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിച്ച് ഇടപാടുകാര്‍ക്ക് പദ്ധതിയില്‍ അംഗത്വമെടുക്കാം.


ഇന്‍ഷ്വറന്‍സ് ഉടമ അപകടത്തില്‍ മരണപ്പെട്ടാലോ അപകടംമൂലം രണ്ടു കണ്ണുകളുടെയും കാഴ്ച, രണ്ടു കൈകളോ രണ്ടു കാലുകളോ, ഒരു കണ്ണിന്റെ കാഴ്ചയ്ക്കൊപ്പം കൈകളുടെയും കാലുകളുടെയും ചലനശേഷി എന്നിവയിലേതെങ്കിലും പൂര്‍ണമായോ തിരിച്ചുലഭിക്കാനിടയില്ലാത്തവിധമോ നഷ്ടപ്പെട്ടാലോ രണ്ടു ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് ലഭിക്കും. ഒരു കണ്ണിന്റെ കാഴ്ചയോ ഒരു കൈയുടെയോ കാലിന്റെയോ ശേഷിയോ അപകടംമൂലം പൂര്‍ണമായോ തിരിച്ചുകിട്ടാനിടയില്ലാത്ത വിധമോ നഷ്ടമായാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.