ഇരുചക്ര വാഹന വില്പനയില്‍ ഇടിവ്
Sunday, May 3, 2015 12:09 AM IST
മുംബൈ: ഇരുചക്ര വാഹനവില്പനയില്‍ ഏപ്രിലില്‍ കാര്യമായ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിനു 2015-ല്‍ ഏറ്റവും വലിയ വില്പനയിടിവ് രേഖപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്.

2015 ലെ ആദ്യ നാലു മാസക്കാലയളവില്‍ മൂന്നാമത്തെ ഇടിവാണ് ഹീറോ രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഹീറോ വിറ്റഴിച്ചത് 5,33,305 യൂണിറ്റാണ്. മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 5,71,054 യൂണിറ്റായിരുന്ന വില്പനയില്‍ നിന്ന് ഏഴു ശതമാനത്തിന്റെ കുറവാണുണ്ടായത്.

വിപണിയിലെ മറ്റു പ്രമുഖരായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, സുസുക്കി മോട്ടോര്‍സൈക്കിള്‍സ്, മഹീന്ദ്ര ടൂവീലേഴ്സ് എന്നിവരും ഏപ്രിലില്‍ ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര ആവശ്യത്തിലുണ്ടായ മാന്ദ്യമാണ് വില്പനയില്‍ മോശം പ്രകടനമായി പ്രതിഫലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വാഹനങ്ങള്‍ പകുതിയും നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമാണ് വിറ്റഴിക്കപ്പെടുന്നതെങ്കിലും ശേഷിക്കുന്ന പകുതിയുടെ വില്പന ഉള്‍നാടന്‍ ഗ്രാമങ്ങളെ ആശ്രയിക്കുന്നുവെന്നത് നിര്‍ണായകമാണ്.

മാര്‍ച്ചില്‍ കാലംതെറ്റിയെത്തിയ മഴയാണ് ഗ്രാമങ്ങളില്‍ നിന്നുള്ള വാഹന ആവശ്യത്തെ പ്രതികൂലമായി ബാധിച്ചതെന്ന് ഹീറോ മോട്ടോര്‍കോര്‍പ് വക്താവ് അഭിപ്രായപ്പെട്ടു. തുടര്‍ന്നുണ്ടായ മോശം വിളവെടുപ്പും ഗ്രാമീണമേഖലയില്‍ വേതനത്തിലുണ്ടായ കുറവും ഗ്രാമങ്ങളുടെ സാമ്പത്തികക്രമത്തെ തകര്‍ത്തു, ഇവയുടെ പ്രതിഫലനമാണ് വില്പനയിലുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ധനക്ഷമത വാങ്ങലിലെ സ്വാധീനിക്കുന്ന ഗ്രാമീണമേഖലകളിലേക്കുള്ള വില്പന കുറഞ്ഞതോടെ പ്രാഥമിക ശ്രേണിയിലെ ബൈക്കുകളുടെ വില്പനയില്‍ കാര്യമായ ഇടിവുണ്ടായി. മൊത്തം ഇരുചക്രവാഹന വില്പനയുടെ പകുതിയോളം വരും പ്രാഥമികശ്രേണീ വാഹനങ്ങള്‍.

ഇരുചക്ര വാഹനങ്ങളുടെ പ്രാഥമിക നിരയുടെ വില്പനയെ കാലാവസ്ഥാ വ്യതിയാനം അടിമുടി ബാധിച്ചതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ വൈസ്-പ്രസിഡന്റ് വൈ.എസ്. ഗുലേറിയ അഭിപ്രായപ്പെട്ടു.

സ്കൂട്ടറുകളുടെ വില്പന കൂടുതലും നഗരങ്ങളിലായതിനാല്‍ ഈ വിഭാഗത്തിന്റെ വില്പനയില്‍ കാര്യമായ ഇടിവുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷം ഏപ്രിലില്‍ 1,31,377 യൂണിറ്റായിരുന്ന വില്പന 2015 ഏപ്രിലില്‍ 1,31,291 യൂണിറ്റായാണ് കുറഞ്ഞു.

എന്നാല്‍ ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോഴ്സ് ഈ സാഹചര്യത്തെ 13 ശതമാനത്തിന്റെ വില്പന വര്‍ധനയിലൂടെയാണ് നേരിട്ടത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,43,434 യൂണിറ്റിരുന്ന ടിവിഎസിന്റെ വില്പന ഈ വര്‍ഷം 1,62,516 യൂണിറ്റായതായും കമ്പനി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.