മുത്തൂറ്റ് ഗ്രൂപ്പും വിക്കി ടെക്നോളജീസും ചേര്‍ന്ന് വിക്കിപേ യുഎസ്-ഇന്ത്യ പേയ്മെന്റ് കോറിഡോര്‍
Tuesday, April 28, 2015 11:24 PM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുത്തൂറ്റ് ഗ്രൂപ്പ് യുഎസ്എയിലെ വിക്കി ടെക്നോളജീസുമായി ചേര്‍ന്ന് ഇന്ത്യയില്‍ യുഎസ്-ഇന്ത്യ പേമെന്റ് കോറിഡോറായ വിക്കിപേ പ്ളാറ്റ്ഫോം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് അവരുടെ 22,000 ജീവനക്കാര്‍ക്കും തുടര്‍ന്ന് ആറു ദശലക്ഷം ഉപയോക്താക്കള്‍ക്കുമായി വിക്കിപേ പ്ളാറ്റ്ഫോം വിപണനം ചെയ്യും.

വിക്കിപേ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം ഉപയോഗിച്ച് യുഎസില്‍ കഴിയുന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യയിലുള്ള ഏതു ബാങ്ക് അക്കൌണ്ടിലേക്കും ഇന്ത്യയിലെ എണ്ണായിരത്തിലധികം കാഷ് പിക്കപ്പ് കേന്ദ്രങ്ങളിലേക്കും പണമയയ്ക്കാം. വിക്കിടെക്നോളജീസ് സഹസ്ഥാപകനും പ്രസിഡന്റുമായ ടെഡ് ഡീഫ്യൂഡിസ്, മുത്തൂറ്റ് ഗ്രൂപ്പ് സിജിഎം കെ.ആര്‍. ബിജിമോന്‍ എന്നിവര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുതിയ പങ്കാളിത്തത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി.


വിക്കി ടെക്നോളജീസുമായുള്ള പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് ഗ്രൂപ്പിന് അമേരിക്കയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കഴിയും. മുത്തൂറ്റ് ഗ്രൂപ്പിന്റെ സംപൂര്‍ണ സബ്സിഡിയറിയായ റോയല്‍ എക്സ്ചേഞ്ച് യുഎസ്എയുടെ ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്ഫര്‍ ലൈസന്‍സ് ഉപയോഗിച്ചായിരിക്കും ഇന്ത്യയില്‍ വിക്കി ടെക്നോളജീസ് ഇടപാടുകള്‍ നടത്തുക.

വിക്കിടെക്നോളജീസുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്െടന്ന് മുത്തൂറ്റ് ഗ്രൂപ്പ് സിജിഎം കെ.ആര്‍. ബിജിമോന്‍ പറഞ്ഞു. രണ്ടു സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യുന്നതും നിലവില്‍ ഇന്ത്യയിലുള്ള ബിസിനസ് മെച്ചപ്പെടുത്തുന്നതിനും വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനും സഹായിക്കുന്നതുമാണ് ഈ പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഡിവിഷന്‍ എജിഎം ജോസ് സ്കറിയ ചടങ്ങില്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.