ചെലവുചുരുക്കല്‍: എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു
ചെലവുചുരുക്കല്‍: എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു
Tuesday, April 28, 2015 11:18 PM IST
ന്യൂഡല്‍ഹി: ചെലവുചുരുക്കലിന്റെ ഭാഗമായി എയര്‍ ഇന്ത്യ സ്വദേശത്തെയും വിദേശത്തെയും ബുക്കിംഗ് ഓഫീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 ബുക്കിംഗ് ഓഫീസുകള്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടിക്കഴിഞ്ഞു. ചെലവു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബുക്കിംഗ് ഓഫീസുകള്‍ അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് ആഭ്യന്തര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി.

ഡാര്‍ജിലിംഗ്, സൂററ്റ്, അലഹാബാദ്, ആഗ്ര, കാണ്‍പൂര്‍, ലേ, മൈസൂരു, ഉദയ്പൂര്‍, അമൃത്സര്‍, ഡെറാഡൂണ്‍ എന്നിവയോടൊപ്പം തൃശൂരിലെ ബുക്കിംഗ് ഓഫീസും അടച്ചുപൂട്ടിയ 23 എണ്ണത്തില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റ് വില്പനയില്‍ ഏറിയകൂറും നടക്കുന്നത് ഏജന്റുമാര്‍ മുഖേനയാണ്. നേരിട്ടു ബുക്ക് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഇത്തരത്തില്‍ ഉപഭോക്താക്കള്‍ തീരെ കുറവായ ഓഫീസുകളാണ് അടച്ചുപൂട്ടിയത്. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലൂടെ ബുക്കിംഗ് നടത്താവുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഇത്തരത്തിലുള്ള അധിക ചെലവുകള്‍ കുറയക്കുക തന്നെ വേണമെന്നും ശര്‍മ പറഞ്ഞു. നിലവില്‍ 54 ബുക്കിംഗ് ഓഫീസുകള്‍ തദ്ദേശീയമായി പ്രവര്‍ത്തിച്ചുവരുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.


എയര്‍ ഇന്ത്യ വിദേശത്തെ ബുക്കിംഗ് ഓഫീസുകളില്‍ ചിലത് പൂട്ടിയതായും ചിലത് പൂട്ടാന്‍ തീരുമാനമെടുത്തുകഴിഞ്ഞതായും ആഭ്യന്തര വ്യോമയാനമന്ത്രി ഗണപതിരാജു ലോക്സഭയെ രേഖാമൂലം അറിയിച്ചു. ചില കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ഓഫീസുകള്‍ ചെറുതാക്കുകയും ചെയ്തിട്ടുണ്ട്. സൂറിച്ച്, ചിറ്റഗോംഗ്, വിയന്ന എന്നിവിടങ്ങളിലെ ഓഫീസുകള്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അടച്ചിരുന്നു. സൂറിച്ചിലെ പ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയിട്ടുണ്ട്.

വിയന്നയിലെ ഓഫീസ് വിയന്ന ബിസിനസ് സെന്ററിലെ ചെറിയ ഇടത്തിലേക്ക് മാറ്റി. കെയ്റോ, ടെഹ്റാന്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ പൂട്ടുവാന്‍ തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു. വാഷിംഗ്ടണ്‍, ലോസാഞ്ചലസ്, ആംസ്റര്‍ഡാം എന്നിവിടങ്ങളിലേക്ക് ഫ്ളൈറ്റ് സര്‍വീസില്ലെങ്കിലും ഇവിടങ്ങളിലെ എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്െടന്നും നിയമ-സാങ്കേതിക കാരണങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയുടെ കാര്യത്തിലും വേണ്ട സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.