കാര്‍ഷികോത്പന്ന അവധി വ്യാപാരത്തില്‍ മുന്നേറ്റം; ഉത്പാദക സംഘങ്ങള്‍ സജീവമായിത്തുടങ്ങി
കാര്‍ഷികോത്പന്ന അവധി വ്യാപാരത്തില്‍ മുന്നേറ്റം; ഉത്പാദക സംഘങ്ങള്‍ സജീവമായിത്തുടങ്ങി
Sunday, April 26, 2015 12:00 AM IST
കൊച്ചി: വിവിധ കാര്‍ഷികോത്പന്നങ്ങളുടെ അവധി വ്യാപാരം വന്‍ പുരോഗതിയിലെത്തിയതായി കമ്മോഡിറ്റി എക്സ്ചേഞ്ചായ എന്‍സിഡിഇഎക്സ് വിലയിരുത്തി. കഴിഞ്ഞ ആറു മാസക്കാലത്ത് നടന്നത് 2,494.1 ലക്ഷം രൂപ വില വരുന്ന 7,888 ടണ്‍ ഉത്പന്നങ്ങളുടെ അവധി വ്യാപാരമാണ്. നിലവില്‍ 27 ഉത്പന്നങ്ങളുള്ള അവധി വ്യാപാര രംഗത്ത് ചോളം, മല്ലി, പഞ്ചസാര, ആവണക്ക്, ജീരകം എന്നീ ഉത്പന്നങ്ങളിലാണ് കൂടുതലും ഇടപാടുകള്‍ നടന്നതെന്ന് എന്‍സിഡിഎക്സ് എംഡിയും സിഇഒയുമായ സമീര്‍ ഷാ പറഞ്ഞു.

4,100 ടണ്‍ ചോളത്തിന്റെയും 2,330 ടണ്‍ ആവണക്കിന്റെയും ഇടപാടു നടന്നപ്പോള്‍ പഞ്ചസാര 600 ടണ്ണിന്റെയും മല്ലി 520 ടണ്ണിന്റെയും ജീരകം 228 ടണ്ണിന്റെയും വിപണന കരാറുകള്‍ ഒപ്പിട്ടു. എക്സ്ചേഞ്ചില്‍ കൈമാറ്റം ചെയ്യാവുന്ന ഉത്പന്ന അവധി വ്യാപാര കരാറുകള്‍ നല്‍കുന്ന എന്‍സിഡിഎക്സ് ഈ രംഗത്ത് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും പ്രയോജനകരമാകാവുന്ന വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.


കമ്മോഡിറ്റി പാര്‍ട്ടിസിപ്പന്റ് മെംബര്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം അംഗത്വത്തിനു തുടക്കമിടാന്‍ കഴിഞ്ഞു. അവധി വ്യാപാരത്തിലേക്ക് ആകര്‍ഷിക്കാന്‍ കാര്‍ഷികോത്പാദക സംഘങ്ങള്‍ക്കു പ്രത്യേക ഡിസ്കൌണ്ടുകള്‍ അനുവദിച്ചു. ബിഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം 10 സംഘങ്ങള്‍ അംഗത്വമെടുത്ത് സജീവമായി രംഗത്തുണ്ട്. പുതിയ 14 സംഘങ്ങളുടെ അംഗത്വ അപേക്ഷ പരിഗണനയിലാണ്.

കാര്‍ഷികോത്പന്ന വിപണിയെ കൂടുതല്‍ സജീവമാക്കാനും കര്‍ഷകര്‍ക്ക് പരമാവധി പ്രതിഫലം ലഭ്യമാക്കാനുമുള്ള എല്ലാ നടപടികളും തികഞ്ഞ വൈദഗ്ധ്യത്തിന്റെ പിന്തുണയോടെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സമീര്‍ ഷാ പറഞ്ഞു.

ദേശീയ തലത്തിലുള്ള വിപണിയുമായി കര്‍ഷകരെയും സാധാരണ കച്ചവടക്കാരെയും ബന്ധപ്പെടുത്തുകയെന്ന ലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനം മികച്ച ഫലമുളവാക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.