റിനോ ലോഡ്ജി കേരള വിപണിയില്‍
റിനോ ലോഡ്ജി കേരള വിപണിയില്‍
Saturday, April 25, 2015 11:31 PM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളിലൊന്നായ റിനോ ഇന്ത്യ പുതിയ വാഹനമായ റിനോ ലോഡ്ജി കേരള വിപണിയില്‍ അവതരിപ്പിച്ചു. ഇതോടെ റിനോ ഇന്ത്യയില്‍ അതിവേഗം വളരുന്ന വാഹനവിഭാഗമായ എംപിവിയിലേക്കും കടന്നിരിക്കുകയാണ്. കൊച്ചി എക്സ്ഷോറൂം വിലയില്‍ 8.32 ലക്ഷം മുതല്‍ 11.92 ലക്ഷം വരെ വരുന്ന ഏഴു വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്. പെര്‍ഫോമന്‍സ്, ഇന്ധനക്ഷമത, യാത്രാസുഖം, സൌകര്യങ്ങള്‍ എന്നിവയില്‍ പുതിയ മാനം കുറിക്കുന്ന ലോഡ്ജി സെഡാന്റെയും എംപിവിയുടെയും സൌകര്യങ്ങള്‍ സമന്വയിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

റിനോ ലോഡ്ജി മൂന്നു നിരകളിലായി എട്ട് പേര്‍ക്ക് യാത്ര ഒരുക്കുന്നു. കൂടാതെ മികച്ച ഇന്ധനക്ഷമതയും സൌകര്യങ്ങളും സെഡാന്റെ പെര്‍ഫോമന്‍സിനും എംപിവിയുടെ ഉപയോഗക്ഷമതയ്ക്കും ഒപ്പം ചേരുന്നു. പവറും ഇന്ധനക്ഷമതയും സമ്മേളിക്കുന്ന ലോഡ്ജിക്ക് രണ്ടു എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.


110 പിഎസ് കൂടിയ പവറും 1750 ആര്‍പിഎമ്മില്‍ 245 ന്യൂട്ടണ്‍ മീറ്റര്‍ എന്ന പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡയറക്ട് ഇന്‍ജക്ഷന്‍ എന്‍ജിന്‍ ലിറ്ററിന് 19.98 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഈ വിഭാഗത്തില്‍ ആദ്യമായി ആറു സ്പീഡ് ഗിയര്‍ബോക്സും വാഹനത്തിലുണ്ട്.

85 പിഎസ് കൂടിയ പവറും 1900 ആര്‍പിഎമ്മില്‍ 200 ന്യൂട്ടണ്‍ മീറ്റര്‍ പീക്ക് ടോര്‍ക്കും നല്‍കുന്ന ഡിസിഐ എന്‍ജിന് 21.04 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇന്ത്യന്‍ കാര്‍വിപണിയില്‍ അഞ്ചു ശതമാനം വിഹിതം നേടിയെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് റെനോയെന്ന് വൈസ് പ്രസിഡന്റ് റാഫേല്‍ ട്രെഗ്വര്‍ കൊച്ചിയില്‍ വാഹനം അവതരിപ്പിക്കവേ ചൂണ്ടിക്കാട്ടി. ഇതിനായി ഡീലര്‍മാരുടെ എണ്ണം 157ല്‍ നിന്ന് 280 ആക്കി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.