സ്വര്‍ണവായ്പ: മണപ്പുറം ഫിനാന്‍സ് നവീന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നു
Thursday, April 2, 2015 1:38 AM IST
കൊച്ചി: നിലവിലുള്ള സ്വര്‍ണവായ്പാ ബിസിനസ് സമ്പ്രദായത്തിന് അടിമുടി മാറ്റം വരുത്താനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണു തങ്ങളെന്ന് പ്രമുഖ സ്വര്‍ണവായ്പാ കമ്പനിയായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) ആസ്പദമാക്കി തനിയെ പ്രവര്‍ത്തിക്കുന്നതും താക്കോല്‍ വേണ്ടാത്തതും എന്‍ക്രിപ്റ്റഡ് ഐടി സംവിധാനം വഴി നിയന്ത്രിക്കപ്പെടുന്നതുമായ നെക്സ്റ്ജെന്‍ ലോക്കറുകള്‍ എന്ന ഇ-ലോക്കര്‍ സംവിധാനമാണ് ഇതില്‍ മുഖ്യം. നിലവിലുള്ള ഐടി സംവിധാനങ്ങളോടൊപ്പം ചേര്‍ന്നായിരിക്കും ഇ-ലോക്കറുകളും പ്രവര്‍ത്തിക്കുക.

ഓട്ടോമാറ്റിക് ഇന്‍ട്രൂഷന്‍ അലര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം (എഐഎഎംഎസ്) ആണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സംവിധാനം. കമ്പനിയുടെ എല്ലാ ശാഖകളിലും ഈ സംവിധാനം ഉണ്ടായിരിക്കും. സെന്‍സറുകള്‍ വഴിയാണ് എഐഎഎംഎസ് പ്രവര്‍ത്തിക്കുന്നത്. അതിക്രമിച്ചു കയറുന്നത് സിസ്റം തിരിച്ചറിഞ്ഞ് തടസപ്പെടുത്താനുള്ള റിയാക്ടീവ് സംവിധാനം ഇതിലുണ്ടാകും. രാത്രികാല കാവല്‍ക്കാര്‍ക്കു പകരക്കാരനാകുന്ന എഐഎഎംഎസിലൂടെ കമ്പനിക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് നൂറു കോടി രൂപ ലാഭിക്കാനാകും.


യുഐഡിഎസിയുമായി നേരിട്ട് ബന്ധപ്പെടുത്തി ശാഖകളില്‍ തിരിച്ചറിയല്‍, താമസ രേഖ ആയി സമര്‍പ്പിച്ചിരിക്കുന്ന ആധാര്‍ കാര്‍ഡുകളുടെ ആധികാരികത ഉറപ്പുവരുത്താനുള്ള ഇകെവൈസി ഓഥന്റിക്കേഷന്‍ സിസ്റ്റവും ഉടന്‍ തന്നെ നിലവില്‍ വരും.

സാങ്കേതിക സംരംഭങ്ങള്‍ വികസിപ്പിക്കാനായി മണപ്പുറം സെന്റര്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ഇന്നോവേഷന്‍ (മാക് ഇന്‍) എന്ന സ്ഥാപനം ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ സൈന്‍ ടെക് പാര്‍ക്കില്‍ മേയ് ഒന്നിനു പ്രവര്‍ത്തനം തുടങ്ങും.

കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മോഹന്‍ വിഴക്കാട്ട്, ജനറല്‍ മാനേജര്‍ ഐടി ജിജി ഉമ്മന്‍, ആര്‍. സതീഷ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.