സ്പെക്ട്രം: ടെലികോം കമ്പനികളുടെ ബാധ്യതയേറുന്നു; നിരക്കുകള്‍ ഉയരും
സ്പെക്ട്രം: ടെലികോം കമ്പനികളുടെ ബാധ്യതയേറുന്നു; നിരക്കുകള്‍ ഉയരും
Friday, March 27, 2015 10:53 PM IST
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം സംബന്ധിച്ച് സര്‍ക്കാരിനു പ്രാഥമിക അടവ് സ്വീകരിക്കാമെന്ന സുപ്രീം കോടതിയുടെ വിധി ടെലികോം കമ്പനികളുടെ ബാധ്യത ഭീമമായി വര്‍ധിപ്പിക്കും.

ബുധനാഴ്ച പൂര്‍ത്തിയായ ലേലത്തില്‍ വിജയിച്ച കമ്പനികള്‍ അടയ്ക്കേണ്ടതായ തുക ഇന്ത്യയിലെ ടെലികോം കമ്പനികളുടെ നിലവിലെ കടബാധ്യതയായ രണ്ടരലക്ഷം കോടി രൂപ മൂന്നര ലക്ഷം കോടി രൂപയാകുമെന്നാണ് അസോച്ചം വിലയിരുത്തുന്നത്. ഇത്തരത്തില്‍ വര്‍ധിച്ച ബാധ്യത തരണം ചെയ്യുന്നതിന്റെ ഭാഗമായി ടെലിക്കോം കമ്പനികള്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഐഡിയ സെല്ലുലാറും ഭാരതി എയര്‍ടെല്ലും വോഡഫോണും ചേര്‍ന്ന് സ്പെക്ട്രം ലേല തുകയായ 1.09 ലക്ഷം കോടി രൂപയുടെ 77 ശതമാനമായ 85,396.92 കോടി രൂപ നല്‍കണം. ഇന്ത്യയുടെ ടെലിക്കോം ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ ലേലമെന്നാണ് ടെലിക്കോം മന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടത്. സുപ്രീം കോടതി വിധി വന്നശേഷം അദ്ദേഹം ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. സ്പെക്ട്രം ലേലത്തിന്റെ അന്തിമ തീരുമാനങ്ങളുമായി മുന്നോട്ടുപോകാനുള്ള അനുമതിക്കൊപ്പം പ്രാഥമിക അടവിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട 28,872.77 കോടി രൂപ സമാഹരിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.


ലേലം പ്രകാരം ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഐഡിയ സെല്ലുലാര്‍ 30,306.98 കോടി രൂപ നല്‍കണം. രണ്ടാമത്തെ വലിയ ലേല കമ്പനിയായ ഭാരതി എയര്‍ടെല്‍ 29,130.20 കോടി രൂപയും വോഡഫോണ്‍ ഇന്ത്യ 25,959.74 കോടി രൂപയും നല്‍കണം.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 10,077.53 കോടി രൂപയും ടാറ്റ ടെലി 7,851.31 കോടി രൂപയും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 4,299.13 കോടി രൂപയുമാണ് നല്‍കേണ്ടത്.

ആദ്യ ഘട്ട അടവായി ഐഡിയ 7,790.10 കോടി രൂപയും ഭാരതി എയര്‍ടെല്‍ 7,832.58 കോടി രൂപയും വോഡഫോണ്‍ 6,867.93 കോടി രൂപയും അടയ്ക്കണം.

ജിയോ 2,519.38 കോടി രൂപ നല്‍കുമ്പോള്‍ ടാറ്റ ടെലി 2013.33 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 1,106.95 കോടി രൂപയും അടയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.