ബാങ്ക് വായ്പകളില്‍ വര്‍ധന
Saturday, March 7, 2015 12:52 AM IST
മുംബൈ: ഫെബ്രുവരി 20ന് അവസാനിച്ച വിശകലന കാലയളവില്‍ രാജ്യത്തെ ബാങ്ക് വായ്പ വാര്‍ഷിക അടിസ്ഥാനത്തില്‍ 10.39 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 58,45,833 കോടി രൂപയായിരുന്ന വായ്പ ഇതോടെ 64,53,394 കോടി രൂപയായതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വായ്പയുടെ ആവശ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ വളര്‍ച്ചയും നേരിയ തോതിലാണ്. നിക്ഷേപങ്ങള്‍ ഈ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.85 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് 84,74,824 കോടി രൂപയായി. മുന്‍വര്‍ഷം നിക്ഷേപം 75,76,609 കോടി രൂപയായിരുന്നു. മുന്‍ വിശകലന കാലയളവില്‍ വായ്പാ വര്‍ധന 10.38 ശതമാനമായിരുന്നപ്പോള്‍ നിക്ഷേപ വളര്‍ച്ച 11.77 ശതമാനമായിരുന്നു.

ബാങ്കിന്റെ കാലപരിധിയുള്ള നിക്ഷേപങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.85 ശതമാനത്തിന്റെ വര്‍ധനയോടെ 77,05,748 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ മറ്റു നിക്ഷേപങ്ങള്‍ 7,69,079 കോടി രൂപയായി.

മുന്‍വര്‍ഷം കാലപരിധിയുള്ള നിക്ഷേപങ്ങള്‍ 68,88,771 കോടി രൂപയായിരുന്നു.

ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപവും വായ്പയും യഥാക്രമം 10.9, 10.1 ശതമാനത്തിന്റെ വളര്‍ച്ചയാണു നേടിയത്. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 15.4, 14.2 ശതമാനത്തിന്റേതായിരുന്നു.

മൊത്തം നിക്ഷേപത്തിന്റെ 73.3 ശതമാനവും മൊത്തം വായ്പയുടെ 71.2 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതായിരുന്നു. സ്വകാര്യമേഖലയ്ക്കു നിക്ഷേപത്തിന്റെ 19.2 ശതമാനവും വായ്പയുടെ 21 ശതമാനവുമാണു നേടാനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.