കെ.എ. മുഹമ്മദ് സലിം അസിസ്റഡ് ലിവിംഗ് മേഖലയിലേക്ക്
Friday, March 6, 2015 11:22 PM IST
കൊച്ചി: ഐടി, ടെലികോം, റിയല്‍റ്റി രംഗങ്ങളില്‍ മൂന്നു ദശകങ്ങളുടെ വിപുലമായ പ്രവര്‍ത്തനപാരമ്പര്യമുള്ള പ്രമുഖ മാനേജ്മെന്റ് വിദഗ്ധന്‍ കെ.എ. മുഹമ്മദ് സലിം രാജ്യത്താദ്യമായി അസിസ്റഡ് ലിവിംഗ് പദ്ധതി നടപ്പാക്കുന്നു. 350 കോടിയോളം രൂപയുടെ നിക്ഷേപവുമായി ആദ്യ പദ്ധതി കോയമ്പത്തൂരിനു സമീപം അന്നൂരില്‍ 50 ഏക്കര്‍ സ്ഥലത്താണ് നിലവില്‍ വരിക. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യഘട്ടം 2017ല്‍ പൂര്‍ത്തിയാകും. ബംഗളൂരു ആസ്ഥാനമായ ഒരു പ്രമുഖ കോര്‍പറേറ്റ് സ്ഥാപനമാണ് മുഖ്യ പ്രൊമോട്ടറും മുഖ്യ പങ്കാളിയും. സാമ്പത്തിക-സാങ്കേതിക രംഗങ്ങളില്‍ ഇവരുടെ വലിയ തോതിലുള്ള നിക്ഷേപമുണ്ടാകും.

വളരെ ഉയര്‍ന്ന സാഹചര്യങ്ങളിലും പശ്ചാത്തലത്തിലും സാമ്പത്തികസ്ഥിതിയിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികള്‍ക്കും 60 വയസിനു ശേഷം അതേ സാഹചര്യത്തില്‍ത്തന്നെ തുടര്‍ന്നും ജീവിക്കാന്‍ അവസരമൊരുക്കുന്ന വിപുലമായ ടൌണ്‍ഷിപ് പദ്ധതിയാണ് അസിസ്റഡ് ലിവിംഗ് പദ്ധതി.

ലോകോത്തര നിലവാരത്തിലാകും ഇവിടത്തെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക. സ്വതന്ത്ര അപ്പാര്‍ട്ട്മെന്റുകളും അലോപ്പതി-ആയുര്‍വേദ ആശുപത്രികളും കേന്ദ്രീകൃത അടുക്കളയും ലൈബ്രറി, ക്ളബ് ഹൌസ്, സ്വിമ്മിംഗ് പൂള്‍, കളിസ്ഥലം, വിശ്രമസ്ഥലം, ലോണ്‍ഡ്രി, ജിംനേഷ്യം തുടങ്ങിയവയുമൊക്കെ അടങ്ങുന്ന ഗ്രീന്‍ പ്രോജക്റ്റാണിത്.


പദ്ധതിയുടെ രജിസ്ട്രേഡ് ഓഫീസ് ബംഗളൂരുവിലാണ്. പദ്ധതിയുടെ നടപ്പാക്കല്‍, നടത്തിപ്പ്, പരിപാലനം എന്നിവയെല്ലാം കമ്പനി നേരിട്ടായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റും ലഭിക്കുന്ന ഹൈഎന്‍ഡ് ലിവിംഗ് സ്റൈലും ഇന്ത്യന്‍ സംസ്കാരത്തിലൂന്നിയ ജീവിതചര്യയുമാണ് ഇവിടെ ഹ്രസ്വ- ദീര്‍ഘകാലങ്ങളിലേക്കു ലഭ്യമാവുക. 60 വയസ് പിന്നിട്ട വ്യക്തികള്‍ക്കും ദമ്പതികള്‍ക്കുമാണു പ്രവേശനം.

ബംഗളൂരു, ചെന്നൈ, കൊച്ചി മഹാനഗരങ്ങളില്‍ നിന്നുള്ള സൌകര്യപ്രദമായ അകലവും താരതമ്യേന മെച്ചപ്പെട്ട കാലാവസ്ഥയും ദ്രുതഗതിയിലുള്ള നഗരവളര്‍ച്ചയുമാണ് ആദ്യ പദ്ധതിക്കായി കോയമ്പത്തൂര്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പദ്ധതികള്‍ക്കു വരുംവര്‍ഷങ്ങളില്‍ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.