ഈ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചത്
ഈ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചത്
Thursday, March 5, 2015 11:41 PM IST
മുംബൈ: ഒന്നരമാസത്തിനുള്ളില്‍ രഘുറാം രാജന്‍ രണ്ടാംതവണ റീപോ നിരക്ക് കുറച്ചു. രണ്ടും നിരക്കുമാറ്റം തീരുമാനിക്കാറുള്ള പണനയ അവലോകന മീറ്റിംഗിലല്ല പ്രഖ്യാപിച്ചത്. അവലോകനങ്ങള്‍ക്കിടയിലുള്ള ദിവസങ്ങളിലാണ്.

ജനുവരിയിലേതുപോലെ അപ്രതീക്ഷിതമാണ് ഇന്നലത്തെ പ്രഖ്യാപനം എന്നതു ശരിയല്ല. ഈയാഴ്ച നിരക്ക് പ്രഖ്യാപനം പ്രതീക്ഷിച്ചതാണ്. പൊതുബജറ്റ് ധനകമ്മി കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ നിയന്ത്രണം പാലിച്ചു. അടുത്തവര്‍ഷത്തേക്കു ധനകമ്മി നാലുശതമാനത്തില്‍ താഴെയാക്കി നിര്‍ത്തി. ഇതും വിലക്കയറ്റം കുറഞ്ഞതും നിരക്ക് കുറയ്ക്കാന്‍ അന്തരീക്ഷം ഒരുക്കി.രാജനെ ഈ നടപടിക്ക് നിര്‍ബന്ധിതനാക്കിയ കാരണങ്ങള്‍ പലതാണ്.

ഒന്ന്: ജനുവരിയില്‍ എട്ടു കാതല്‍ വ്യവസായമേഖലകളില്‍ ഉത്പാദനവളര്‍ച്ച 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. വിലക്കയറ്റം കുറഞ്ഞിട്ടും വളര്‍ച്ച ഉണ്ടാകാത്ത സാഹചര്യം.

രണ്ട്: ബജറ്റ് നിര്‍ദേശങ്ങള്‍ ആശങ്ക അകറ്റി. ധനകാര്യ അച്ചടക്കം കൈവിടില്ലെന്നു ബജറ്റ് സൂചിപ്പിച്ചു. റവന്യൂ വര്‍ധനയ്ക്കു നടപടികളെടുത്തതും വിശ്വാസം വര്‍ധിപ്പിച്ചു. സ്വത്തുനികുതിക്കു പകരം ഒരുകോടിക്കു മുകളില്‍ വരുമാനമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ചുമത്തിയ രണ്ടുശതമാനം സര്‍ചാര്‍ജ് 9000 കോടിരൂപ നല്‍കുന്നതാണ്.

മൂന്ന്: പുതിയ ജിഡിപി കണക്കനുസരിച്ചു വളര്‍ച്ച 7.4 ശതമാനമുണ്ട്. പക്ഷേ അതില്‍ ഗവര്‍ണര്‍ രഘുറാം രാജന് വിശ്വാസമില്ല. 7.4 ശതമാനം വളര്‍ച്ച ശരിക്കും ഉണ്െടങ്കില്‍ നിരക്ക് താഴ്ത്തേണ്ട കാര്യമില്ലായിരുന്നു.


നാല്: പലിശ താഴ്ത്തുന്നതുവഴി രൂപയുടെ വിനിമയനിരക്ക് അല്‍പം താഴ്ത്താന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നു. രൂപ കയറുന്നതു കയറ്റുമതിയെ ബാധിക്കും. അതിനാല്‍ ധാരാളം ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന സമയത്ത് നിരക്ക് താഴ്ത്തി രൂപയ്ക്ക് ഒരു ചെറിയ 'കൊട്ട്' കൊടുത്തു. (ഇന്നലെ ഡോളറിന് 33 പൈസ കയറിയത് ഇതിന്റെ ഫലമാണ്).

നിരക്ക് കുറച്ചതോടെ ഭവനവായ്പകളുടെയും മറ്റും ഇഎംഐ കുറയാം. വായ്പ നല്‍കിയ ബാങ്ക് നിരക്ക് കുറയ്ക്കുമ്പോഴേ ഇഎംഐ മാറൂ. ജനുവരിയില്‍ നിരക്ക് കുറച്ചപ്പോള്‍ മൂന്നു ബാങ്കുകള്‍ മാത്രമേ വായ്പാപലിശ കുറച്ചുള്ളൂ. എന്നാല്‍ നവംബര്‍-ജനുവരിയില്‍ നിരവധി ബാങ്കുകള്‍ നിക്ഷേപ പലിശ കുറച്ചു.

പലിശ കുറയുന്നതു ഭവനവായ്പ എടുക്കുന്നതിനു പ്രേരണയാകും. വാഹനവായ്പകളും കൂടും. നിരക്ക് കുറച്ചതിനെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ സ്വാഗതം ചെയ്തു.

ചില്ലറ വിലക്കയറ്റം ആറുശതമാനത്തില്‍ താഴെ നിര്‍ത്താന്‍ റിസര്‍വ് ബാങ്കും ഗവണ്‍മെന്റും കരാറിലേര്‍പ്പെട്ടതിനു ശേഷം ആദ്യമുള്ള നിരക്കു മാറ്റമാണ് ഇന്നലത്തേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.