ലക്ഷ്യം 9-10% സ്ഥിര വളര്‍ച്ച: അരുണ്‍ ജയ്റ്റ്ലി
ലക്ഷ്യം 9-10% സ്ഥിര വളര്‍ച്ച: അരുണ്‍ ജയ്റ്റ്ലി
Wednesday, March 4, 2015 10:58 PM IST
ന്യൂയോര്‍ക്ക്: ഒമ്പതുമുതല്‍ പത്തു ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും അത് നിലനിര്‍ത്തുകയെന്നതുമാണ് ഇന്ത്യന്‍ സാമ്പത്തികരംഗം ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ന്യൂയോര്‍ക്കില്‍ കൊളംബിയ യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ ആന്‍ഡ് പബ്ളിക്ക് അഫയേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിനു മറുപടിയായാണ് 10 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ജയ്റ്റ്ലി പറഞ്ഞത്. തനിക്ക് ശുഭാപ്തിവിശ്വാസത്തോടെ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ കഴിയും. എന്നാല്‍, യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ട് സംസാരിക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിലെത്തിക്കും. തുടര്‍ന്ന് ഇതു പത്തു ശതമാനം വരെയെത്തിക്കുകയും അതു പത്തുവര്‍ഷത്തിനപ്പുറത്തേക്കു നിലനിര്‍ത്തുകയും ചെയ്യും. വളര്‍ച്ചാനിരക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തു മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളൊരുക്കും. ദാരിദ്യ്രത്തിന്റെ തോതു കുറയ്ക്കാന്‍ ഇതു വഴിയൊരുക്കും. സാമ്പത്തിക വളര്‍ച്ചയ്ക്ക് ജയ്റ്റ്ലി ചൈനയെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.


ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ വിഭവങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചയ്ക്കു കരുത്തു പകരാന്‍ വിദേശ നിക്ഷേപം ആവശ്യമാണ്. വളര്‍ച്ചയ്ക്കുള്ള ഇന്ധനമാണ് ഇത്തരം നിക്ഷേപങ്ങള്‍. ഇത് എവിടുന്ന് ലഭിച്ചാലും സ്വീകരിക്കും. നീതി ആയോഗിന്റെ വൈസ് ചെയര്‍മാനും കൊളംബിയ യൂണിവേഴ്സിറ്റിയിലെ മുന്‍ പ്രഫസറുമായ അരവിന്ദ് പനഗഢിയയും ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.