വിലക്കയറ്റം ആറു ശതമാനത്തില്‍ താഴ്ത്തി നിര്‍ത്തല്‍ ലക്ഷ്യം
വിലക്കയറ്റം ആറു ശതമാനത്തില്‍ താഴ്ത്തി നിര്‍ത്തല്‍ ലക്ഷ്യം
Wednesday, March 4, 2015 10:57 PM IST
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണനയം രാജ്യത്തെ ചില്ലറ വിലക്കയറ്റം ആറുശതമാനത്തില്‍ കൂടാത്തവിധം നിര്‍ത്താന്‍ ലക്ഷ്യമിട്ടാകും. പണനയം തീരുമാനിക്കാന്‍ റിസര്‍വ് ബാങ്ക് പ്രതിനിധിയും ഗവണ്‍മെന്റ് പ്രതിനിധിയും സ്വതന്ത്ര പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി വരും. റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ഫെബ്രുവരി 20ന് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. ഇതേപ്പറ്റി ബജറ്റ് പ്രസംഗത്തില്‍ സൂചനയുണ്ട്.

പലിശനിരക്കു നിശ്ചയിക്കുന്നതും രാജ്യത്തെ പണലഭ്യത ക്രമീകരിക്കുന്നതും വിലക്കയറ്റത്തോത് ലക്ഷ്യമിട്ടാകും. ചില്ലറ വിലക്കയറ്റം അഥവാ ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം ആണു ലക്ഷ്യമാക്കുക. 2016 ജനുവരിയോടെ ഇത് ആറു ശതമാനത്തില്‍ താഴെയാക്കണം. തുടര്‍ന്ന് ഈ വിലക്കയറ്റം നാലു ശതമാനമായി തുടരണം. രണ്ടു ശതമാനം വരെ കുറയുകയോ ആറു ശതമാനംവരെ കൂടുകയോ ചെയ്യാം. രണ്ടു ത്രൈമാസത്തില്‍ കൂടുതല്‍ ഈ പരിധി ലംഘിക്കപ്പെട്ടാല്‍ റിസര്‍വ് ബാങ്ക് ഗവണ്‍മെന്റിനു കാരണങ്ങള്‍ വിശദീകരിച്ചു റിപ്പോര്‍ട്ട് നല്‍കണം.

ബ്രിട്ടനടക്കം പല രാജ്യങ്ങളിലും നടപ്പുള്ള രീതിയാണിത്. ഇങ്ങനെ വേണമെന്നു റിസര്‍വ് ബാങ്ക് നിയോഗിച്ച ഊര്‍ജിത് പട്ടേല്‍ കമ്മിറ്റി കഴിഞ്ഞവര്‍ഷം ശിപാര്‍ശ ചെയ്തിരുന്നു.


ആറുമാസം കൂടുമ്പോള്‍ റിസര്‍വ് ബാങ്ക് വിലക്കയറ്റം സംബന്ധിച്ച ഒരു രേഖ പുറത്തിറക്കും. അതില്‍ നിലവിലുള്ള വിലക്കയറ്റ കാരണങ്ങള്‍ വിശദീകരിക്കണം. അടുത്ത ഏഴെട്ടുമാസത്തേക്കുള്ള വിലക്കയറ്റ പ്രതീക്ഷ നല്‍കണം. വിലക്കയറ്റം തുടര്‍ച്ചയായ മൂന്നു ത്രൈമാസങ്ങളില്‍ പരിധി ലംഘിച്ചുനിന്നാല്‍ റിസര്‍വ് ബാങ്കിന്റെ പരാജയമായി അതു വിലയിരുത്തും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ദീര്‍ഘനാളായി വിലക്കയറ്റം ലക്ഷ്യമാക്കി വേണം പണനയം എന്നു വാദിച്ചിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആ വാദം അംഗീകരിച്ചിരിക്കുന്നു. ഇതനുസരിച്ചു റിസര്‍വ് ബാങ്ക് നിയമം മാറ്റും.

ഇതോടൊപ്പം ഗവണ്‍മെന്റിനു വേണ്ടി കടപ്പത്രം ഇറക്കാനും അതിന്റെ വ്യാപാരം നടത്താ നും ഒരു സ്വതന്ത്ര സംവിധാനം ഉണ്ടാക്കും. ഇക്കാര്യവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശകടവും ആഭ്യന്തര കടവും ഇനി റിസര്‍വ് ബാങ്കില്‍നിന്നു പബ്ളിക് ഡെറ്റ് മാനേജ്മെന്റ് ഏജന്‍സിയിലേക്കു മാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.