ഫോര്‍ബ്സ് സമ്പന്ന പട്ടിക: ഇന്ത്യക്കാരില്‍ മുകേഷ്; മലയാളികളില്‍ യൂസഫലി
ഫോര്‍ബ്സ് സമ്പന്ന പട്ടിക: ഇന്ത്യക്കാരില്‍ മുകേഷ്; മലയാളികളില്‍ യൂസഫലി
Tuesday, March 3, 2015 11:29 PM IST
മുംബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ ശ്രേണിയുമായി ഫോര്‍ബ്സിന്റെ പട്ടിക പുറത്തുവന്നു. ബില്‍ ഗേറ്റ്സ് (7,920 കോടി ഡോളര്‍), കാര്‍ലോസ് സ്ളിം (7,710 കോടി ഡോളര്‍), വാറന്‍ ബഫറ്റ് (7,270 കോടി ഡോളര്‍) എന്നിവര്‍ പട്ടികയില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനി (2,100 കോടി ഡോളര്‍) ഒന്നാമതെത്തി.

അഗോള പട്ടികയില്‍ മുകേഷിന് 39-ാം സ്ഥാനമാണുള്ളത്. 44-ാം സ്ഥാനക്കാരനായ ദിലീപ് സംഘ്വി 2,000 കോടി ഡോളറിന്റെ ആസ്തിയോടെ ഇന്ത്യക്കാരില്‍ രണ്ടാമതെത്തിയപ്പോള്‍ അസിം പ്രേംജി, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍ എന്നിവര്‍ തൊട്ടുപിന്നില്‍ അണിനിരന്നു.

ഫോര്‍ബ്സിന്റെ സമ്പന്ന പട്ടികയില്‍ ആകെ ആറു മലയാളികളാണ് ഇടം കണ്െടത്തിയത്. 250 കോടി ഡോളറിന്റെ (15,000 കോടി രൂപ) ആസ്തിയോടെ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി ആഗോള പട്ടികയില്‍ 737-ാം സ്ഥാനത്തെത്തിക്കൊണ്ട് മലയാളികളില്‍ ഒന്നാമനായി. 240 കോടി ഡോളറിന്റെ (14,000 കോടി രൂപ) ആസ്തിയോടെ രണ്ടാമനായ രവി പിള്ളക്ക് ആഗോള പട്ടികയില്‍ 782-ാം സ്ഥാനമാണ്.


200 കോടി ഡോളറിന്റെ (12,000 കോടി രൂപ) ആസ്തിയോടെ സണ്ണി വര്‍ക്കി മൂന്നാമതെത്തിയപ്പോള്‍ 190 കോടി ഡോളറിന്റെ (11,400 കോടി രൂപ) ആസ്തിയോടെ ക്രിസ് ഗോപാലകൃഷ്ണനും 110 കോടി ഡോളറിന്റെ (6,600 കോടി രൂപ) ആസ്തിയോടെ ആസാദ് മൂപ്പനും തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. 110 കോടി ഡോളറിന്റെ (6,600 കോടി രൂപ) ആസ്തിയോടെ പട്ടികയിലെത്തിയ അടുത്ത മലയാളി ടി.എസ്. കല്യാണരാമനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.