അടിസ്ഥാനവര്‍ഷം മാറ്റുന്നു; ജിഡിപി തുക ഉയരും
Friday, January 30, 2015 11:12 PM IST
ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തികഉത്പാദനവും (ജിഡിപി) വളര്‍ച്ചയും കണക്കുകൂട്ടുന്ന രീതിയും അടിസ്ഥാനവര്‍ഷവും മാറ്റുന്നു. പുതിയ രീതിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ജിഡിപി കണക്കുകള്‍ ഇന്നു പുറത്തുവിടും.

മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) തുകയില്‍ ഗണ്യമായ വര്‍ധനയ്ക്ക് ഇതു കാരണമാകും. ഇതുവരെ 2004-05 അടിസ്ഥാനവര്‍ഷമായാണ് കണക്ക് തയാറാക്കിയിരിക്കുന്നത്. ഇനി 2011-12 അടിസ്ഥാനവര്‍ഷമാകും.

ഇതോടെ 2013-14 ലെ ജിഡിപി തുക നേരത്തേ കണക്കാക്കിയ 105.4 ലക്ഷം കോടിരൂപയില്‍ നിന്ന് 111.7 ലക്ഷം കോടി രൂപയിലേക്ക് കൂടുമെന്ന് ഇന്ത്യ റേറ്റിംഗ്സ് എന്ന ധനകാര്യ വിശകലന സ്ഥാപനം കണക്കാക്കുന്നു. മുന്‍വര്‍ഷങ്ങളിലേതും ഇതുപോലെ മാറും.

ഈ മാറ്റത്തിന്റെ ഫലമായ കേന്ദ്രത്തിന്റെ കമ്മികണക്കുകളിലും മാറ്റംവരും. കമ്മിയെ ജിഡിപിയുടെ ശതമാനമായാണ് രേഖപ്പെടുത്തുക. ജിഡിപി വലുതാകുമ്പോള്‍ കമ്മിയുടെ ശതമാനം കുറയും മാറ്റം മൂലം 2019-20 ഓടെ ഇന്ത്യന്‍ ജിഡിപി മൂന്നുലക്ഷംകോടി (ട്രില്യണ്‍) ഡോളര്‍ വലിപ്പത്തിലാകും. ഇപ്പോള്‍ രണ്ടുലക്ഷം കോടി ഡോളറിനു തൊട്ടുതാഴെയാണ്.


2008-ല്‍ യുണൈറ്റഡ് നേഷന്‍സ് സിസ്റം ഓഫ് നാഷണല്‍ അക്കൌണ്ട്സ് നിര്‍ദേശിച്ചപ്രകാരമുള്ള മാറ്റങ്ങളും കണക്കുകൂട്ടലില്‍ വരുത്തുന്നുണ്ട്. ഇതനുസരിച്ച് മൊത്തമൂല്യവര്‍ധന (ഗ്രോസ് വാല്യം ആഡഡ് - ജിവിഎ) കണക്കും ഇനി പുറത്തുവിടും.

ജിഡിപിയില്‍നിന്നു നികുതികള്‍ കുറച്ചശേഷം സബ്സിഡികളുടെ തുക കൂട്ടുമ്പോള്‍ കിട്ടുന്നതാണ് ജിവിഎ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.