ഓരോ സ്മാര്‍ട്ട് സിറ്റിക്കും 1,000 കോടി വീതം
ഓരോ സ്മാര്‍ട്ട് സിറ്റിക്കും 1,000 കോടി വീതം
Friday, January 30, 2015 11:11 PM IST
മുംബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന നഗരങ്ങളില്‍ ഇവയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,000 കോടി രൂപ വീതം ചെലവഴിക്കുന്നതിനായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷം കൊണ്ടാണ് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുക.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് നൂറോളം സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവിടങ്ങളിലെ ഗതാഗതം, അടിസ്ഥാന വികസനം, ഭവനങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനം തുടങ്ങിയവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനുള്ള നഗരങ്ങളെയും ഇവയുടെ വികസന നയങ്ങളും കേന്ദ്ര നഗര വികസന മന്ത്രാലയം നിശ്ചയിക്കും. മാര്‍ച്ചോടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമാകുമെന്ന് നഗര വികസന സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇ-ഭരണ നിര്‍വഹണത്തോടുള്ള ആഭിമുഖ്യത്തിന്റെയും ക്ളീന്‍ ഇന്ത്യ, മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനുകളിലെ മികവിന്റെയും അടിസ്ഥാനത്തില്‍ 15-20 നഗരങ്ങളെ തെരഞ്ഞെടുക്കും.

പദ്ധതി ചെലവിന്റെ 80-85 ശതമാനം സ്വകാര്യ മേഖല വഹിക്കും, ശേഷിക്കുന്നവ നഗര തദ്ദേശ ഭരണകൂടങ്ങളുടെ ചെറിയ പങ്കാളിത്തത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. തെരഞ്ഞെടുത്ത നഗരങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിന് വയബിളിറ്റി ഗ്യാപ് ഫണ്ടിംഗ് മാതൃക പരിഗണിക്കുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു.

ധനപരമായ മാതൃകകളെ പരിഗണിക്കുമ്പോഴും ഓരോ പദ്ധതിക്കുമായി ഏകദേശം 1,000 കോടി രൂപ വകയിരുത്തുമെന്നാണു സര്‍ക്കാരിന്റെ കണക്കുകള്‍. ഓഹരിയെടുക്കുന്നതിലൂടെയോ വിഹിതമായോ വരുന്ന പത്തു വര്‍ഷം കൊണ്ട് ഇവ നല്‍കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.