ആഗോള റീട്ടെയില്‍ കമ്പനികളില്‍ ലുലു ഗ്രൂപ്പും
Thursday, January 29, 2015 10:57 PM IST
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനികളില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ സ്ഥാപനമായ ലുലു ഗ്രൂപ്പും സ്ഥാനം പിടിച്ചു. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ലോകത്തിലെ റീട്ടെയില്‍ കമ്പനികളുടെ പുതിയ പട്ടിക പുറത്തിറക്കിയത്. 2013ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രമുഖരായ 250 റീട്ടെയില്‍ കമ്പനികളിലൊന്നായാണ് ലുലുവും ഇടം പിടിച്ചിരിക്കുന്നത്.

540 കോടി യുഎസ് ഡോളര്‍ (35,000 കോടി രൂപയിലധികം) വിറ്റുവരവുള്ള ലുലുവിന് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി നൂറിലേറെ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളുണ്ട്. ഡിലോയ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 2008 മുതല്‍ 2013 വരെ 18 ശതമാനമാണു ലുലുവിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക്.

2012ല്‍ 4.5 ബില്യണ്‍ യുഎസ് ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഗ്രൂപ്പിന് 2013 ആകുമ്പോഴേക്കും മൊത്തം വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ മറികടന്നു. 2012നെ അപേക്ഷിച്ച് 14 സ്ഥാനങ്ങള്‍ മറികടന്നാണ് ലുലു ആഗോള പട്ടികയില്‍ 183-ാമതായി സ്ഥാനം മെച്ചപ്പെടുത്തിയത്. വാര്‍ഷിക വളര്‍ച്ചാ നിരക്കിലെയും വിറ്റുവരവിലെയും വര്‍ധനയാണ് ആഗോള റീട്ടെയില്‍ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ലുലുവിനെ സഹായിച്ചത്.

മിഡില്‍ ഈസ്റില്‍ നിന്ന് ആഗോള റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം കണ്െടത്തിയ ഏക സ്ഥാപനം കൂടിയാണ് വ്യവസായി എം.എ. യൂസഫലി സാരഥിയായിട്ടുള്ള ലുലു ഗ്രൂപ്പ്.


37 രാജ്യങ്ങളില്‍ നിന്നായി 32,000പരം ആളുകളാണ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങും. സൌദി അറേബ്യ, കുവൈറ്റ്, യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളിലായി 15 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് 2015-16 വര്‍ഷത്തില്‍ ലുലു തുറക്കുന്നത്.

എണ്ണവില താഴുന്ന സാഹചര്യത്തിലും മിഡില്‍ ഈസ്റിലെ ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി കുറയുന്നില്ല എന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് ഗ്ളോബല്‍ പവേഴ്സ് ഓഫ് റീട്ടെയിലിംഗ് പുറത്തിറക്കിക്കൊണ്ട് ഡിലോയ്റ്റ് മിഡില്‍ ഈസ്റ്റ് ബിസിനസ് ഹെഡ് ഹെര്‍വ് ബല്ലാന്റിനെ പറഞ്ഞു.

യൂറോപ്പിലെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പിന്നോക്കം പോയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.