വിപണികളില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു
വിപണികളില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു
Wednesday, January 28, 2015 11:02 PM IST
മുംബൈ: സര്‍വകാല റിക്കാര്‍ഡുകള്‍ തിരുത്തിക്കൊണ്ടുള്ള ഇന്ത്യന്‍ ഓഹരി സൂചികകളുടെ കുതിപ്പ് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്നലെ 292 പോയിന്റിന്റെ നേട്ടത്തോടെ 29,571 ലും ദേശീയ സൂചികയായ നിഫ്റ്റി 75 പോയിന്റിന്റെ നേട്ടത്തോടെ 8,910 ലും വ്യാപാരം അവസാനിപ്പിച്ചു.

ആണവ കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യയും-അമേരിക്കയും തമ്മിലുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് നിക്ഷേപങ്ങളിലെ ശുഭപ്രതീക്ഷകളാണ് ഇന്നലെ വിപണിയെ നയിച്ചത്. 2015 ലെ ആദ്യ നയപ്രഖ്യാപനത്തിനായി യുഎസ് ഫെഡറല്‍ റിസര്‍വ് ആദ്യം യോഗം ചേരുന്നതും ഗ്രീസില്‍ നിന്നുള്ള തെരഞ്ഞെടുപ്പു ഫലങ്ങളും ആഗോള വിപണിയിലും പ്രതിഫലിച്ചു.

ഓഹരിവിപണി ലഭ്യമാക്കിയ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 2,020 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. വിദേശ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളാണു പതിവുപോലെ ഇന്നലെയും ഇന്ത്യന്‍ സൂചികകളെ ഉയര്‍ത്തിയത്. ധനകാര്യ സ്ഥാപനങ്ങള്‍ മുന്നില്‍ നിന്നു നയിച്ച വ്യാപാരകുതിപ്പിന്റെ ഒരവസരത്തില്‍ സെന്‍സെക്സ് 29,618.59 എന്ന ഉന്നതിയിലും നിഫ്റ്റി 8.925.05 എന്ന പുതു ഉയരത്തിലും തൊട്ടു മടങ്ങി.

ബിഎസ്ഇയില്‍ ഇന്നലെ മുന്‍നിരക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മധ്യ-ചെറുകിട സൂചികകള്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇയില്‍ ഇന്നലെ നടന്ന വ്യാപാരങ്ങളില്‍ 1,415 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,514 കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. 12 സെക്ടറല്‍ സൂചികകളില്‍ ഒമ്പതും ഇന്നലെ നേട്ടത്തില്‍ നിലകൊണ്ടു. ബിഎസ്ഇ ബാങ്കെക്സ് 2.3 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മൂലധന സൂചിക 1.8 ശതമാനവും ഓട്ടോ സൂചിക 1.2 ശതമാനവും നേട്ടമുണ്ടാക്കി. ഐടി സൂചികയാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.


ഐടിക്ക് 1.6 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോള്‍ മെറ്റല്‍ സൂചികയ്ക്ക് 0.6 ശതമാനത്തിന്റെ നഷ്ടമുണ്ടായി.

ധനകാര്യ സ്ഥാപനങ്ങളാണ് ഇന്നലെ വിപണയില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. പ്രധാനമായും സ്വകാര്യമേഖലാ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക് എന്നിവ വ്യാപാരത്തിന്റെ പകുതിയോടെ തന്നെ റിക്കാര്‍ഡുകള്‍ ഭേദിച്ചു.

മൂലധന സൂചികകളില്‍ എല്‍ ആന്‍ഡ് ടി രണ്ടു ശതമാനത്തിന്റെയും ഭെല്‍ 0.7 ശതമാനത്തിന്റെയും എഫ്എംസിജി വമ്പന്‍ ഐടിസി മൂന്നു ശതമാനത്തിന്റെയും നേട്ടം കൊയ്തു. ഓട്ടോ ഓഹരികളില്‍ ടാറ്റ മോട്ടോഴ്സ് മൂന്നു ശതമാനത്തിന്റെയും മാരുതി സുസുക്കി രണ്ടു ശതമാനത്തിന്റെയും നേട്ടമുണ്ടാക്കിയപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 2.8 ശതമാനത്തിന്റെയും ബജാജ് ഓട്ടോയ്ക്ക് 1.3 ശതമാനത്തിന്റെയും ഇടിവുണ്ടായി.

ഫാര്‍മ ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്. സിപ്ള അഞ്ചു ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയപ്പോള്‍ സണ്‍ ഫാര്‍മയ്ക്ക് ഒരു ശതമാനത്തിന്റെയും ഡോ.റെഡ്ഢീസിന് നാലു ശതമാനത്തിന്റെയും നഷ്ടമുണ്ടായി.

ഐടി ഓഹരികളില്‍ ടിസിഎസ് 0.2 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫോസിസിന് 3.5 ശതമാനത്തിന്റെ ഇടിവുണ്ടായി. വിപ്രോ 0.6 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.