സൂചികകള്‍ റിക്കാര്‍ഡ് ഭേദിക്കുന്നു, വിദേശനാണ്യ ശേഖരം
സൂചികകള്‍ റിക്കാര്‍ഡ് ഭേദിക്കുന്നു, വിദേശനാണ്യ ശേഖരം
Monday, January 26, 2015 11:30 PM IST
ഓഹരി അവലോകനം /സോണിയ ഭാനു

മുംബൈ: സെന്‍സെക്സ് 30,169 നെ ലക്ഷ്യമാക്കി സഞ്ചാരം തുടരുന്നു. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയോട് തോന്നിയ അമിതാവേശം വിദേശ നാണയ കരുതല്‍ ശേഖരത്തെ സര്‍വകാല റിക്കാര്‍ഡിലേക്ക് ഉയര്‍ത്തി. പണപ്രവാഹം ഓഹരി സൂചികകളിലും മണികിലുക്കം സൃഷ്ടിച്ചതോടെ വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. 1,156 പോയിന്റിന്റെ തിളക്കമാര്‍ന്ന പ്രകടനമാണ് ബോംബെ സൂചിക പോയവാരം നടത്തിയത്. നിഫ്റ്റി 321 പോയിന്റ് ഉയര്‍ന്നു.

സെന്‍സെക്സ് ആദ്യമായി 29,000 ലെ തടസം മറികടന്ന് വെള്ളിയാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 29,408.73 വരെ കയറി. മുന്‍വാരം സൂചിപ്പിച്ച തേഡ് റെസിസ്റന്‍സായ 29,425ന് കേവലം 17 പോയിന്റ് അകലെ ഫണ്ടുകള്‍ ലാഭമെടുപ്പിനു ഉത്സാഹിച്ചു. ഇന്നത്തെ അവധി കൂടി മുന്നില്‍ കണ്ടാണ് നിക്ഷേപകര്‍ വാരാവസാനം ലാഭമെടുപ്പിനു തിടുക്കപ്പെട്ടത്. മാര്‍ക്കറ്റ് ക്ളോസിംഗ് നടക്കുമ്പോള്‍ സൂചിക 29,278 ലാണ്. ഈവാരം ആദ്യ തടസം 29,723 ലാണ്. ഇത് മറികടക്കുന്നതോടെ നിര്‍ണായക ലക്ഷ്യമായ 30,169 ലേക്കും തുടര്‍ന്ന് 30,930 ലേക്കും സെന്‍സെക്സ് ഫെബ്രുവരിയില്‍ ചുവടുവെക്കാം.

ലാഭമെടുപ്പിനു നീക്കങ്ങള്‍ വീണ്ടുമുണ്ടായാല്‍ 28,516-27,755 ല്‍ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി താഴ്ന്ന നിലവാരമായ 8,534 ല്‍ നിന്നുള്ള കുതിപ്പില്‍ തുടര്‍ച്ചയായി റിക്കാര്‍ഡുകള്‍ പുതുക്കി കൊണ്ട് 8866 വരെ കുതിച്ചു. വാരാന്ത്യ ക്ളോസിംഗ് നടക്കുമ്പോള്‍ സൂചിക 8836 ലാണ്. വ്യാഴാഴ്ച ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ജനുവരി സീരീസ് സെറ്റില്‍മെന്റാണ്. ഇന്നത്തെ അവധി കൂടി കണക്കിലെടുത്തല്‍ സെറ്റില്‍മെന്റിന് രണ്ടു ദിവസമേ ശേഷിക്കുന്നുള്ളു. ബുള്ളുകള്‍ ഫെബ്രുവരിയിലേക്ക് റോള്‍ ഓവറിന് നീക്കം നടത്തിയാല്‍ സ്വാഭാവികമായും ഒരു പ്രീ ബജറ്റ് റാലിക്ക് അവസരം ലഭിക്കും.


ഇന്ത്യന്‍ മാര്‍ക്കറ്റ് തുടര്‍ച്ചയായ ഏഴാം ദിവസവും ബുള്‍ റാലി നിലനിര്‍ത്തുകയാണ്. ഈ കാലയളവില്‍ 1900 പോയിന്റാണ് സെന്‍സെക്സ് സ്വന്തമാക്കിയത്. അഞ്ചര വര്‍ഷത്തിനിടയില്‍ ഇത്ര ശക്തമായ റാലിയിലുടെ ഏഴു ശതമാനം സെന്‍സെക്സ് മുന്നേറുന്നത് ആദ്യമാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പോയവാരം 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. വിദേശ നാണയ വിനിമയ വിപണിയിലെ കരുതല്‍ ശേഖരത്തിലേക്ക് 267 കോടി ഡോളറിന്റെ പ്രവാഹമുണ്ടായി.

ഇതോടെ ജനുവരി 16ന് അവസാനിച്ച വാരത്തിലെ കരുതല്‍ ശേഖരം 322 കോടി 15 ലക്ഷം ഡോളറെന്ന സര്‍വകാല റിക്കാര്‍ഡ് നിലവാരത്തിലാണ്.

ബിഎസ്ഇ യില്‍ 22,149.42 കോടി രൂപയുടെയും എന്‍എസ്ഇയില്‍ 94,845.96 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മുന്‍വാരം ഇത് 18,662.50 കോടിയും 88,774.58 കോടി രൂപയുമായിരുന്നു. യുറോപ്യന്‍ കേന്ദ്ര ബാങ്ക് സാമ്പത്തിക ഉത്തേജക പദ്ധതികളുമായി മുന്നേറിയത് വിദേശ ഫണ്ടുകളെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കൂടുതലായി ആകര്‍ഷിച്ചു. ചൈനീസ് ഓഹരി വിപണിയായ ഷാങ്ഹായ് സൂചികയ്ക്ക് ഒറ്റദിവസം നേരിട്ട് ഏഴു ശതമാനം തകര്‍ച്ചയും ഫണ്ടുകളെ ഇന്ത്യയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു.

ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2016 ലും നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയത് നിക്ഷേപകര്‍ക്ക് നമ്മുടെ വിപണിയിലുള്ള വിശ്വാസം ഇരട്ടിപ്പിച്ചു. നാളെയും ബുധനാഴ്ചയുമായി യു എസ് ഫെഡ് റിസര്‍വ് വായ്പ അവലോകനം നടത്തും. ഫോറെക്സ് വിപണിയില്‍ യുറോയ്ക്ക് മുന്നില്‍ ഡോളര്‍ 11 വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം തുടരുകയാണ്.

ന്യൂയോര്‍ക്ക്എക്സ്ചേഞ്ചില്‍ ക്രൂഡ് ഓയില്‍ ബാരലിന് 49 ഡോളറിലും സ്വര്‍ണം ട്രോയ് ഔണ്‍സിന് 1294 ഡോളറിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.