ഓണ്‍ലൈന്‍വ്യാപാരം നികുതി നഷ്ടമുണ്ടാക്കുന്നതായി വ്യാപാരി സമൂഹം
ഓണ്‍ലൈന്‍വ്യാപാരം നികുതി നഷ്ടമുണ്ടാക്കുന്നതായി വ്യാപാരി സമൂഹം
Tuesday, December 23, 2014 11:17 PM IST
കൊച്ചി: സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടത്തിയ കേരള ബജറ്റ് 2015-16 പ്രീ ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി കെ.എം.മാണിയുടെ മുന്നിലേക്ക് ആവശ്യങ്ങളുടെയും നിര്‍ദേശങ്ങളുടെയും പ്രവാഹം. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഒട്ടേറെ ആവശ്യങ്ങളാണ് മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചത്.

ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയുള്ള വ്യാപാരം സംസ്ഥാനത്തിനു നികുതി നഷ്ടമുണ്ടാക്കുന്നതായി കേരള മര്‍ച്ചന്‍്സ് ചേംബര്‍ ഓഫ് കോമേഴ്സ് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ വ്യാപാരം സംബന്ധിച്ച് സമഗ്രനിയമനിര്‍മാണം നടത്തണം. ടൂറിസ്റ് ബസ് സര്‍വീസുകളില്‍ ചരക്കു കൊണ്ടുവരുന്നത് തടയണം. കര്‍ശന പരിശോധന നടത്തി നികുതി ഈടാക്കണം. സ്കൂളുകളില്‍ സൊസൈറ്റികളും മറ്റും നടത്തുന്ന പഠനോപകരണ കച്ചവടങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണം.

പത്തു ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണം. ഇതിനുള്ള നടപടികളും ലഘൂകരിക്കണം. ഓഡിറ്റ് പരിധി 60 ലക്ഷം രൂപയില്‍ നിന്ന് രണ്ടു കോടിയായി ഉയര്‍ത്തണം. സ്വര്‍ണത്തിന്റെ അഞ്ചുശതമാനം നികുതി ഒരു ശതമാനമാക്കണമെന്നും ചേംബര്‍ ഓഫ് കോമേഴ്സിനെ പ്രതിനിധീകരിച്ച് ആന്റണി തോമസ് പറഞ്ഞു.

ബജറ്റില്‍ 50 ശതമാനം തുകയെങ്കിലും വകയിരുത്തിയ ശേഷമേ മരാമത്ത് ജോലികള്‍ ടെന്‍ഡര്‍ ചെയ്യാവൂ എന്ന് കേരള കോണ്‍ട്രാക്ടേഴ്സ് അസോസിയിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ പത്തു ശതമാനത്തില്‍ താഴെ തുകമാത്രമാണ് വകയിരുത്തുന്നത്. അതിനുശേഷം ശേഷിച്ച തുക അനുവദിക്കാറുമില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്ക് മുടങ്ങിക്കിടക്കുന്ന കുടിശിക ലഭ്യമാക്കാന്‍ നിര്‍ദേശം വയ്ക്കണമെന്നും അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച വര്‍ഗീസ് കൊല്ലമ്പിള്ളി ആവശ്യപ്പെട്ടു.


വ്യാപാരികളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച സാങ്കേതിക നടപടികള്‍ ലഘൂകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു ധനമന്ത്രി കെ.എം. മാണി ചര്‍ച്ചയ്ക്കു മറുപടിയായി പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം നിയമവിധേയമാക്കുന്നതിനെപ്പറ്റി പഠനം നടത്തിവരികയാണ്. ബജറ്റില്‍ അതിന്റെ പ്രതിഫലനമുണ്ടാകും. ചരക്ക്, സേവന നികുതി നിയമം ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തില്‍ വ്യാപാരികള്‍ക്കായി പരിശീലന പരിപാടികള്‍ നടപ്പാക്കാന്‍ കഴിയില്ല.

എന്നാല്‍ ജിഎസ്ടിയെക്കുറിച്ച് ബോധവല്‍ക്കരണം ഉടന്‍ ആരംഭിക്കും. കോഴിക്കച്ചവടക്കാര്‍ക്ക് നികുതി ഒഴിവാക്കാന്‍ കഴിയില്ല. ചര്‍ച്ചയില്‍ വന്ന നിര്‍ദേശങ്ങള്‍ ബജറ്റ് തയാറാക്കല്‍ വേളയില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ നിശ്ചയിക്കേണ്ടിവരുന്നത് വിഭവശേഷിയുടെ കുറവുമൂലം: കെ.എം. മാണി

കൊച്ചി: ബജറ്റില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പദ്ധതികളെ നിശ്ചയിക്കേണ്ടിവരുന്നത് വിഭവശേഷിയുടെ കുറവുമൂലമാണെന്ന് ധനമന്ത്രി കെ.എം. മാണി. പരിമിതമായ വിഭവശേഷിയും എന്നാല്‍ അതിലേറെയുള്ള ആവശ്യവുമാണ് കേരളം നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഗുലാത്തി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്), കേരള കോമേഴ്ഷ്യല്‍ ടാക്സസ് ഡിപ്പാര്‍ട്ട്മെന്റ്, കുസാറ്റ് കെ.എം. മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് എന്നിവയുടെ സഹകരണത്തോടെ സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേരള ബജറ്റ് 2015-16 പ്രീ ബജറ്റ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.