ആഭ്യന്തര റബര്‍വില മെച്ചപ്പെട്ടു, സ്വര്‍ണത്തിനു 1200 ഡോളറിന്റെ താങ്ങ് നഷ്ടമായി
ആഭ്യന്തര റബര്‍വില മെച്ചപ്പെട്ടു, സ്വര്‍ണത്തിനു 1200 ഡോളറിന്റെ താങ്ങ് നഷ്ടമായി
Monday, December 22, 2014 10:04 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: ടയര്‍ വ്യവസായികളുടെ തിരിച്ചുവരവ് ആഭ്യന്തര റബര്‍ ഷീറ്റ് വില മെച്ചപ്പെടുത്തി, പക്ഷേ ഉണര്‍വ് എത്രനാള്‍? ക്രിസ്മസ് ഡിമാന്‍ഡ് വെളിച്ചെണ്ണയ്ക്ക് ചൂടുപകര്‍ന്നു. കുരുമുളകിനു ആഭ്യന്തര ആവശ്യം ചുരുങ്ങി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിനു വീണ്ടും 1200 ഡോളറിന്റെ താങ്ങ് നഷ്ടപ്പെട്ടു.

റബര്‍

റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ടയര്‍ കമ്പനികളുമായി ചേര്‍ന്ന് പുതിയ പാക്കേജ് പ്രഖ്യാപിച്ചു. റബര്‍ വില 11,400 രൂപയില്‍ നീങ്ങിയ അവസരത്തിലാണ് വ്യവസായികളെ ഇറക്കുമതിയില്‍ നിന്ന് പിന്‍തിരിപ്പിച്ച് നാട്ടില്‍ നിന്നു തന്നെ ഷീറ്റ് സംഭരിക്കാന്‍ പദ്ധതി തയാറാക്കിയത്.

ഏതായാലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 300 രൂപയുടെ മികവുമായി ആര്‍എസ്എസ് നാലാം ഗ്രേഡ് റബര്‍ ശനിയാഴ്ച 11,700 ലാണ്. അഞ്ചാം ഗ്രേഡ് ഷീറ്റിനു 700 രൂപ വര്‍ധിച്ച് 11,500 രൂപയായി. കൊച്ചിയില്‍ 500 ടണ്ണിന്റെ ഇടപാടുകള്‍ നടന്നു. റബറിന്റെ വിലക്കയറ്റത്തെതുടര്‍ന്ന് വാരത്തിന്റെ രണ്ടാം പകുതിയില്‍ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിംഗ് സജീവമായി.

പുതിയ സാഹചര്യത്തില്‍ കൊച്ചി, കോട്ടയം വിപണികളില്‍ ജനുവരി ആദ്യം ഷീറ്റിന്റെ ലഭ്യത ഉയരാം. ലാറ്റക്സ് വരവ് വര്‍ധിച്ചതോടെ ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികള്‍ 7600 രൂപയ്ക്കാണ് ശേഖരിച്ചത്.

അന്താരാഷ്ട്ര റബര്‍ മാര്‍ക്കറ്റിലെ പ്രതിസന്ധി തുടരുന്നു. റബര്‍ ഇറക്കുമതിക്കാര്‍ അവധി ദിനങ്ങള്‍ മുന്നില്‍ കണ്ട് സംഭരണം കുറച്ചത് തായ്ലണ്ട്, ഇന്തോനേഷ്യന്‍ മാര്‍ക്കറ്റുകളെ തളര്‍ത്തി. ക്രൂഡ് ഓയിലിന്റെ തളര്‍ച്ചയെ ആശങ്കയോടെയാണ് റബര്‍ ഉത്പാദക രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ടോക്കോമിലും സിക്കോമിലും റബറിനു കാര്യമായ മികവ് കാണിക്കാനായില്ല.


നാളികേരം

പ്രാദേശിക കമ്പോളങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് ക്രിസ്മസ് ഡിമാന്‍ഡ്. ഉത്സവ ഡിമാന്‍ഡ് മുന്നില്‍ക്കണ്ട് വ്യാപാരികള്‍ എണ്ണ സംഭരണം ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് മില്ലുകാര്‍ വെളിച്ചെണ്ണ നീക്കം കുറച്ചത് വിപണിയെ ചൂടുപിടിപ്പിച്ചു. വെളിച്ചെണ്ണവില 12,700 ല്‍ നിന്നു വാരാന്ത്യം 12,900 രൂപയായി. ഇതിനിടയില്‍ കാര്‍ഷിക മേഖല കൊപ്രയില്‍ പിടിമുറുക്കി.

ഇതോടെ മില്ലുകാര്‍ 8,635 രൂപ വരെ കൊപ്രയ്ക്ക് വാഗ്ദാനം ചെയ്തു. കാങ്കയത്തെ മില്ലുകാര്‍ 9,000 രൂപയ്ക്കും കൊപ്ര ശേഖരിച്ചു. ക്രിസ്മസ് വരെ വെളിച്ചെണ്ണ മികവ് നിലനിര്‍ത്താം. ജനുവരിയില്‍ കൊപ്രയുടെ പുതുക്കിയ താങ്ങ് വില പ്രഖ്യാപിക്കും.

കുരുമുളക്

ഉത്തരേന്ത്യയില്‍ നിന്നു കുരുമുളകിനു ആവശ്യം ചുരുങ്ങിയത് മൂലം തുടര്‍ച്ചയായ മുന്നാം വാരത്തിലും ഉത്പന്ന വില താഴ്ന്നു. യുറോപ്യന്‍ രാജ്യങ്ങള്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചതിനാല്‍ രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണി ഹോളിഡേ മൂഡിലാണ്.


ഹൈറേഞ്ച് കുരുമുളക് വിളവെടുപ്പിന് ഒരുങ്ങുന്നതിനാല്‍ കര്‍ഷകരും സ്റോക്കിസ്റ്റുകളും ചെറിയതോതില്‍ ചരക്ക് ഇറക്കുന്നുണ്ട്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 69,700 രൂപയിലും അണ്‍ ഗാര്‍ബിള്‍ഡ് 66,700 ലുമാണ്.

ഏലക്ക

ഏലക്ക വിളവെടുപ്പ് പുരോഗമിക്കുകയാണ്. നടപ്പ് സീസണില്‍ ഏതാണ്ട് 9250 ടണ്‍ ഏലക്ക ലേല കേന്ദ്രങ്ങളില്‍ ഇറങ്ങി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വരവ് കുറവാണെങ്കിലും ഉത്പാദകാരുടെ പ്രതീക്ഷയ്ക്ക് ഒത്തുവില ഉയര്‍ന്നില്ല. വാരാവസാനം നടന്ന ലേലത്തില്‍ മികച്ചയിനം ഏലക്ക കിലോഗ്രാമിനു 1,008 രൂപയിലും ശരാശരി ഇനങ്ങള്‍ 806 രൂപയിലുമാണ്.

ചുക്ക്

ഉത്തരേന്ത്യയില്‍ ശൈത്യം ശക്തമാണെങ്കിലും വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്തു ചുക്കിനു ആവശ്യക്കാര്‍ എത്തിയില്ല. കൊച്ചിയില്‍ വിവിധയിനം ചുക്കുകള്‍ 21,000-23,000 രൂപയിലാണ്.

ജാതിക്ക

ജാതിക്ക വില ഏതാണ്ട് സ്റ്റെഡിയായി നീങ്ങി. ജാതിക്ക തൊണ്ടന്‍ 250-260 രൂപ, തൊണ്ടില്ലാത്തത് 450-470, ജാതിപത്രി 750-775 ലുമാണ്. ഗ്രാമ്പൂ വില 975 രൂപ.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ തോതില്‍ ചാഞ്ചാട്ടം. ആഭരണ വിപണികളില്‍ പവന്‍ 20,120-20,200 റേഞ്ചിലാണ് സഞ്ചരിച്ചത്. വാരാന്ത്യം ഒരു ഗ്രാമിന്റെ വില 2525 രൂപ.

ന്യൂയോര്‍ക്കില്‍ സ്വര്‍ണത്തിനു 1200 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട് 1193 ഡോളറായി. വര്‍ഷാന്ത്യമായതോടെ ഫണ്ടുകള്‍ നിക്ഷേപതോത് കുറച്ചത് സ്വര്‍ണത്തിന്റെ തിളക്കത്തിനു മങ്ങലേല്‍പ്പിക്കാം.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ 1078.35 ടണ്‍ സ്വര്‍ണം ഇറക്കുമതി നടത്തിയ സ്ഥാനത്ത് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി 1013.72 ടണ്ണായിരുന്നു. എന്നാല്‍ 13-14 കാലയവില്‍ ഇത് 661.71 ടണ്ണായി കുറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ 120 ടണ്‍ സ്വര്‍ണവും നവംബറില്‍ 146 ടണ്ണുമാണ് ഇറക്കുമതി നടത്തിയത്.

ഡിസംബറില്‍ സ്വര്‍ണ ഇറക്കുമതിയില്‍ കേന്ദ്രം ഇളവുകള്‍ വരുത്തിയെങ്കിലും മാസത്തിന്റെ ആദ്യപകുതിയില്‍ എത്തിയത് കേവലം 15 ടണ്‍ മാത്രമെന്നാണ് വ്യവസായികളുടെ പക്ഷം. തൊട്ടു മുന്‍മാസങ്ങളില്‍ വരവ് ശക്തമായതാണ് വ്യവസായികളെ ഇറക്കുമതിയില്‍ നിന്നു പിന്‍തിരിപ്പിച്ചത്.

ഇതിനിടയില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിലെ വിലകള്‍ തമ്മിലുള്ള പ്രീമിയം ഔണ്‍സിന് 150 ഡോളറില്‍ നിന്ന് രണ്ട് ഡോളറിലേക്ക് താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.