സ്പൈസ് ജെറ്റ് സര്‍വീസുകള്‍ സ്തംഭിച്ചു; പുനരാരംഭിക്കാനായില്ല
സ്പൈസ് ജെറ്റ് സര്‍വീസുകള്‍ സ്തംഭിച്ചു; പുനരാരംഭിക്കാനായില്ല
Thursday, December 18, 2014 11:21 PM IST
ന്യൂഡല്‍ഹി: കടക്കെണിയില്‍പ്പെട്ട യാത്രാവിമാനക്കമ്പനി സ്പൈസ് ജെറ്റിന്റെ എല്ലാ സര്‍വീസുകളും ഇന്നലെ പുലര്‍ച്ചെ മുതല്‍ സ്തംഭിച്ചു. ഇന്ധനം വിതരണം ചെയ്ത ഇനത്തില്‍ ലഭിക്കേണ്ട തുക നല്‍കാത്തതിനാല്‍ ഇന്ധനം വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സ്പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ ഇന്നലെ മുതല്‍ പൂര്‍ണമായും സ്തംഭിച്ചത്.

യാത്രക്കാര്‍ക്കുണ്ടായ അസൌകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും സര്‍വീസുകള്‍ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ പുനരാരംഭിക്കുമെന്നും സ്പൈസ് ജെറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജീവ് കപൂര്‍ ട്വിറ്ററില്‍ പോസ്റ് ചെയ്തെങ്കിലും ഒരു സര്‍വീസുപോലും പുനരാരംഭിക്കാനായില്ല. ചൊവ്വാഴ്ച കൊച്ചിയില്‍ നിന്നുള്ള സ്പൈസിന്റെ ഒരു അന്താരാഷ്ട്ര സര്‍വീസും 12 അഭ്യന്തര സര്‍വീസുകളും ഡല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളും മുടങ്ങിയിരുന്നു. കലാനിധിമാരന്റെ സണ്‍ഗ്രൂപ്പാണു സ്പൈസ്ജെറ്റിന്റെ ഉടമകള്‍.

2,000 കോടി രൂപയുടെ ബാധ്യതയുള്ള സ്പൈസ് ജെറ്റിനെ അടച്ചുപൂട്ടലില്‍ നിന്നു സംരക്ഷിക്കുന്നതിന്റെ ഭാഗമായി എണ്ണവിതരണക്കമ്പനികളോടും എയര്‍പോര്‍ട്ട്സ് അഥോറിറ്റിയോടും 15 ദിവസത്തെ സമയം ചോദിക്കുമെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍വീസുകള്‍ നിലയ്ക്കാതിരിക്കുന്നതിനായി 600 കോടി രൂപ വരെ കമ്പനിക്കു വായ്പ നല്‍കാനും രാജ്യത്തെ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെടും.

സ്പൈസിന് മൂലധനം സ്വരൂപിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് വിദേശ വാണിജ്യ വായ്പ (ഇസിബി) സ്വീകരിക്കുന്നതിനുള്ള അനുമതി നേടുന്നതിനായി കേന്ദ്ര ധനമന്ത്രാലയത്തെയും സമീപിച്ചേക്കും. സര്‍ക്കാരിന്റെ സഹായം തേടി സ്പൈസ് ജെറ്റ് സിഒഒ സഞ്ജീവ് കപൂറും സണ്‍ ഗ്രൂപ്പ് സിഎഫ്ഒ എസ്.എല്‍. നാരായണനും ചേര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാനമന്ത്രിയെയും ഡയറക്ടര്‍ ജനറല്‍ പ്രഭാത്കുമാറിനെയും സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.


സ്പൈസ് ജെറ്റ് ചെയര്‍മാന്റെ വ്യക്തിപരമായ ഉറപ്പിന്മേല്‍ 600 കോടി രൂപ മൂലധനമായി വായ്പയിനത്തില്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ പൊതുമേഖലാ എണ്ണക്കമ്പനികളും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) 15 ദിവസത്തെ അവധികൂടി അനുവദിച്ചേക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

എണ്ണക്കമ്പനികള്‍ സ്പൈസ് ജെറ്റിന് ഇന്ധനം നല്‍കി

ന്യൂഡല്‍ഹി: എണ്ണവിതരണക്കമ്പനികള്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം ഇന്നലെ മുതല്‍ സ്പൈസ് ജെറ്റിന് വിമാന ഇന്ധനം വിതരണം ചെയ്തു. കടക്കെണിയില്‍പ്പെട്ട കമ്പനി പണം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ ഇന്ധനം വിതരണം ചെയ്തത്.

ആറുമാസമായി വാങ്ങലിന് പണം എന്ന വ്യവസ്ഥയിലാണ് സ്പൈസ് ജെറ്റ് ഇന്ധനം വാങ്ങിക്കൊണ്ടിരുന്നത്. തങ്ങള്‍ ഇന്ധന വിതരണം നിര്‍ത്തിയിരുന്നില്ലെന്നും സ്പൈസ് ജെറ്റ് ഇന്ധനം വാങ്ങാനെത്താഞ്ഞതിനെ തുടര്‍ന്ന് വിതരണം മുടങ്ങുകയായിരുന്നെന്നും ഒരു പൊതുമേഖലാ എണ്ണക്കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ (ബിപിസിഎല്‍) നിന്നു പ്രതിദിനം 5.5 കോടി രൂപയുടെ ഇന്ധനം വാങ്ങിക്കൊണ്ടിരുന്ന സ്പൈസ് ജെറ്റ് ആറു മാസം മുന്‍പ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ (എച്ച്പിസിഎല്‍) നിന്നും റിലയന്‍സ് ഇന്‍ഡസട്രീസില്‍ നിന്നും ഇന്ധനം വാങ്ങാന്‍ ആരംഭിച്ചതോടെ ബിപിസിഎല്‍ രൊക്കം പണത്തിന് ഇന്ധനം എന്ന വ്യവസ്ഥയിലേക്ക് എത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.