ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലുമായി സഹകരിക്കില്ല: ടി. നസിറുദ്ദീന്‍
Saturday, November 29, 2014 12:15 AM IST
തൊടുപുഴ: വ്യാപാരി വ്യവസായികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലുമായി സഹകരിക്കില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയാറാകാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാടക നിയന്ത്രണ ബില്‍ പാസാക്കുക, ഓണ്‍ലൈന്‍ വ്യാപാരത്തിനും നികുതി ഈടാക്കുക, കടപരിശോധന അവസാനിപ്പിക്കുക, വിറ്റുവരവ് നികുതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജി.കെ.എസ്.എഫുമായി സഹകരിക്കാന്‍ തയാറാണ്.


ഡിസംബര്‍ മൂന്നിനു നിയമസഭ വളയല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറല്ല. മുഖ്യമന്ത്രിയും ധന, വ്യവസായ, തൊഴില്‍ വകുപ്പ് മന്ത്രിമാരും ഒന്നിച്ച് ചര്‍ച്ച ചെയ്യണം. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് ആലോചിക്കും. മുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനും തോല്‍പ്പിക്കാനും വ്യാപാരി സമൂഹത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.