മലബാര്‍ ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ ആകര്‍ഷണീയം: മുഖ്യമന്ത്രി
മലബാര്‍ ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ ആകര്‍ഷണീയം: മുഖ്യമന്ത്രി
Saturday, November 29, 2014 11:30 PM IST
തിരുവനന്തപുരം: മലബാര്‍ ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികള്‍ ആകര്‍ഷണീയമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തു വന്‍ തൊഴില്‍സാധ്യതയുള്ള നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കണം. തലസ്ഥാനത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യത്തെ ഷോപ്പിംഗ് മാളായ മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലബാര്‍ ഗ്രൂപ്പിന്റെ കെട്ടിട നിര്‍മാണ വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്സ് ആണ് മാള്‍ ഓഫ് ട്രാവന്‍കുമാര്‍ നിര്‍മിക്കുന്നത്. മലബാര്‍ ബില്‍ഡേഴ്സിന്റെ തലസ്ഥാനത്തെ ആദ്യ ഭവന പദ്ധതിയായ ഗ്രാന്‍ഡ് ബന്യന്റെ ബ്രോഷര്‍ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മലബാര്‍ ഗ്രൂപ്പിന്റെ സൌജന്യ മൊബൈല്‍ ക്ളിനിക്കിന്റെ തിരുവനന്തപുരം കേന്ദ്രമായിട്ടുള്ള സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാറും നിര്‍വഹിച്ചു. മലബാര്‍ ഹൌസിംഗ് ചാരിറ്റബള്‍ ട്രസ്റ് ചെക്ക് വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടന്നു.

മാള്‍ ഓഫ് ട്രാവന്‍കൂര്‍ എന്നപേരില്‍ ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 200ഓളം ഔട്ട്ലെറ്റുകളിലായി ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരത്തുന്ന ഷോപ്പിംഗ് വിസ്മയം, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ടെക്നോപാര്‍ക്കിനും സമീപം സൌകര്യപ്രദമായ സ്ഥലത്താണു നിര്‍മാണമാരംഭിക്കുന്നത്. വിനോദത്തിനും ഉല്ലാസത്തിനുമായി അമ്യൂസ്മെന്റ് റൈഡുകള്‍, മള്‍ട്ടിപ്ളക്സുകള്‍, ലോകത്തിലെ വിവിധ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ്കോര്‍ട്ടുകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, ഫോറിന്‍ എക്സ്ചേഞ്ച് സെന്ററുകള്‍ തുടങ്ങി നഗരജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതായിരിക്കും 2016ഓടെ പ്രവര്‍ത്തനം ആരംഭിക്കുന്ന മാള്‍ ഓഫ് ട്രാവന്‍കൂറിലെ സൌകര്യങ്ങള്‍. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നു. മലബാര്‍ ഡെവലപ്പേഴ്സ് കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ പ്രമുഖരാണ്.


കുടുംബങ്ങള്‍ക്കു താമസിക്കുന്നതിനു ഫ്ളാറ്റുകളും വില്ലകളും വാണിജ്യാവശ്യങ്ങള്‍ക്കു ബഹുനില മന്ദിരങ്ങളും ഷോപ്പിങ് സമുച്ചയങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച മലബാര്‍ ഡെവലപ്പേഴ്സ് ആഡംബര വില്ലകള്‍, ടൌണ്‍ഷിപ്പുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ മെട്രൊ നഗരങ്ങളില്‍ സജീവമാവുകയാണ്. ചടങ്ങില്‍ മേയര്‍ കെ ചന്ദ്രിക അധ്യക്ഷത വഹിച്ചു. വി.ശിവന്‍കുട്ടി എം എല്‍ എ, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ,് രവിപിള്ള, ഇ.എം. നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.