റബര്‍ ഉത്പാദക രാജ്യങ്ങള്‍ അവധി വ്യാപാരത്തിലേക്ക്, സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം
റബര്‍ ഉത്പാദക രാജ്യങ്ങള്‍ അവധി വ്യാപാരത്തിലേക്ക്, സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം
Monday, November 24, 2014 9:48 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: മുഖ്യ റബര്‍ ഉത്പാദക രാജ്യങ്ങള്‍ അവധി വ്യാപാരം ആരംഭിക്കാന്‍ തയാറെടുക്കുന്നു, ലക്ഷ്യം കര്‍ഷക രക്ഷ. വിദേശ കുരുമുളക് എത്തി, കാര്‍ഷിക മേഖല വീണ്ടും ആശങ്കയില്‍. വന്‍കിട മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചത് വില തകര്‍ച്ചയ്ക്ക് ഇടയാക്കി. സ്വര്‍ണവില നേരിയ റേഞ്ചില്‍ കയറിയിറങ്ങി.

റബര്‍

അന്താരാഷ്ട്ര റബര്‍ മാര്‍ക്കറ്റിലെ പ്രതിസന്ധി മറികടക്കാന്‍ പ്രമുഖ ഉത്പാദക രാജ്യങ്ങള്‍ പുതിയ അവധി വ്യാപാര എക്സ്ചേഞ്ച് ആരംഭിക്കാന്‍ ഒരുങ്ങുന്നു. തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും സംയുക്തമായാണ് ഇത്തരം ഒരു നീക്കത്തിനു പിന്നില്‍. മുഖ്യ ഉത്പാദക രാജ്യങ്ങളുടെ നീക്കം കര്‍ഷകര്‍ക്കും വിപണിക്കും ഗുണകരമാവുമെന്ന പ്രതീക്ഷയുണ്ട്.

നിലവില്‍ ജപ്പാനിലെ ടോക്കോം എക്സ്ചേഞ്ചും സിംഗപുര്‍ എക്സ്ചേഞ്ചുമാണ് ആഗോള റബര്‍ വിപണിയുടെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിക്കുന്നത്. ചൈനയിലും ഇന്ത്യയിലും റബറിനു അവധി വ്യാപാരം ഉണ്ട്. വരുന്ന 18 മാസത്തിനുള്ളില്‍ പുതിയ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍.

ആഗോള റബര്‍ വിപണിയിലെ മാന്ദ്യം മുന്‍ നിര്‍ത്തി ഇന്ത്യന്‍ വ്യവസായികള്‍ പിന്നിട്ട വാരത്തിലും ചരക്ക് സംഭരിക്കാന്‍ മടിച്ചു. വ്യാവസായിക ഡിമാന്‍ഡ് മങ്ങിയത് മൂലം ആര്‍എസ്എസ് നാലാം ഗ്രേഡ് റബര്‍ 11,700 രൂപയില്‍ സ്റെഡിയായി നീങ്ങി.

ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് 11,500 രൂപയ്ക്ക് ശേഖരിച്ചു. വിലത്തകര്‍ച്ച മുലം തോട്ടങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന ഉത്പാദകരെ ആകര്‍ഷിക്കാന്‍ വ്യവസായികള്‍ ലാറ്റക്സ് വില 700 രൂപ ഉയര്‍ത്തി വാരാവസാനം 8000-ല്‍ എത്തിച്ചു. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ കൈമാറ്റം നടന്നു.

കുരുമുളക്

മുന്‍വാരം വ്യക്തമാക്കിയതു പോലെ തന്നെ കുരുമുളകിനു റിക്കാര്‍ഡ് പുതുക്കാനുള്ള കരുത്തു ലഭിച്ചില്ല. ഇതിനിടയിലാണ് വിദേശ ചരക്ക് വരവ് ഉയര്‍ന്ന വിവരം പുറത്തുവന്നത്. ക്വിന്റലിനു 1,700 രൂപയാണ് ഇടിഞ്ഞത്. ഗാര്‍ബിള്‍ഡ് കുരുമുളക് 73,500 രൂപയില്‍ നിന്ന് 71,800 ലേക്ക് താഴ്ന്നു. അണ്‍ഗാര്‍ബിള്‍ഡ് 68,800 രൂപയിലാണ്. ഇതിനിടയില്‍ ശ്രീലങ്ക വഴി വിദേശ കുരുമുളക് എത്തുന്നത് ഡിജി എഫ്ടി നിരീക്ഷിച്ചു തുടങ്ങി. അയല്‍ രാജ്യത്തെ ചരക്ക് എന്ന പേരില്‍ മറ്റ് ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള മുളക് എത്തിയതായും സൂചനയുണ്ട്. ഇന്ത്യ-ശ്രീലങ്ക വാണിജ്യ വ്യാപാര കരാര്‍ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 2500 ടണ്‍ കുരുമുളക് മാത്രമേ ഡ്യൂട്ടി രഹിതമായി കയറ്റുമതി നടത്താനാവൂ.


തെക്കന്‍ കേരളത്തില്‍ സത്ത് നിര്‍മാണത്തിനു ആവശ്യമായ ലൈറ്റ് പെപ്പര്‍ വിളവെടുപ്പിനു സജ്ജമായി. പൊള്ള മുളകിനു പക്ഷേ കര്‍ഷകര്‍ പ്രതീക്ഷിച്ച ഡിമാന്‍ഡ് അനുഭവപ്പെട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം മുളകിനു മൂപ്പ് കൂടിപ്പോയെന്നു ഒരു വിഭാഗം സത്ത് നിര്‍മാതാക്കള്‍ പറയുന്നു.


നാളികേരം

മുംബൈയിലെ വന്‍കിട എണ്ണ കമ്പനികള്‍ കൊപ്ര സംഭരണം നിര്‍ത്തി രംഗം വിട്ടത് ദക്ഷിണേന്ത്യന്‍ നാ ളികേര വിപണികളെ സമ്മര്‍ദത്തിലാക്കി. വെളിച്ചെണ്ണ വില ചൂടുപിടിച്ച നിന്ന അവസരത്തില്‍ പ്രാദേശിക തലത്തില്‍ വില്പന ചുരുങ്ങിയത് തിരിച്ചടിയായി. പോയവാരം വെളിച്ചെണ്ണ വില ക്വിന്റലിന് 800 രൂപ ഇടിഞ്ഞ് 13,700 ലേക്ക് താഴ്ന്നു.

510 രൂപയുടെ ഇടിവ് നേരിട്ട കൊപ്ര വാരാന്ത്യം 9,210 രൂപയിലാണ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചതേങ്ങ, കൊപ്ര സംഭരിക്കുന്നത് വന്‍കിടക്കാര്‍ കുറച്ചു. ഇതര പാചകയെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണ വില ഉയര്‍ന്ന നിലവാരത്തില്‍ നീങ്ങിയത് വില്പനയെ ബാധിച്ചു. കാര്‍ഷിക കേരളം നാളികേര വിളവെടുപ്പിനു തയാറെടുക്കുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ തേങ്ങയുടെ ലഭ്യത ഉയരും.


അടയ്ക്ക

പുതിയ അടയ്ക്ക വിളവെടുപ്പ് പുരോഗമിക്കുകയാണ്. പിന്നിട്ടവാരം ഉത്പന്ന വില സ്റെഡിയായി നീങ്ങി. പുതിയ അടയ്ക്ക 16,500-18,000 രൂപയിലും പഴയ അടയ്ക്ക 20,000-22,500 രൂപയിലുമാണ്.

ചുക്ക്

ചുക്ക് വിലയില്‍ മാറ്റമില്ല. പച്ച ഇഞ്ചിയുടെ ലഭ്യത ഉയര്‍ന്നതു ചുക്ക് സ്റോക്കിസ്റുകളില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. അതേ സമയം ഉത്തരേന്ത്യയില്‍ ശൈത്യം ശക്തമായതിനാല്‍ ചുക്കിനു ഡിമാന്‍ഡ് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് വിപണി. വിവിധയിനം ചുക്ക് 21,000-23,000 രൂപയിലാണ്.

ജാതിക്ക

ശ്രീലങ്കന്‍ ജാതിക്കയുടെ വരവ് സ്റോക്കിസ്റുകള്‍ക്ക് തിരിച്ചടിയാവുമോ? ജാതിക്ക തൊണ്ടന്‍ 250-280 രൂപ, തൊണ്ടില്ലാത്തത് 460-500, ജാതിപത്രി 750-775 രൂപയിലാണ്. ഗ്രാമ്പൂ വില 1050 രൂപയായി ഉയര്‍ന്നു.

സ്വര്‍ണം

സ്വര്‍ണവില നേരിയ റേഞ്ചില്‍ ചാഞ്ചാടി. ആഭരണ വിപണികളില്‍ പവന്‍ 20,000 ല്‍ നിന്ന് 19,880 ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം 19,960 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2495 രൂപ. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ വാരാന്ത്യം സ്വര്‍ണം ട്രോയ് ഔണ്‍സിനു 1200 ഡോളറിനു മുകളിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.