സെന്‍സെക്സും നിഫ്റ്റിയും സെക്കന്‍ഡ് റെസിസ്റന്‍സ് മറികടന്നു
സെന്‍സെക്സും നിഫ്റ്റിയും  സെക്കന്‍ഡ് റെസിസ്റന്‍സ് മറികടന്നു
Monday, November 24, 2014 9:45 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ചൈനീസ് കേന്ദ്ര ബാങ്ക് നീക്കം ഏഷ്യന്‍ ഓഹരി വിപണികളിലെ ബുള്‍ തരംഗത്തിനു ആയുസ് പകരും. ഇന്ത്യന്‍ മാര്‍ക്കറ്റ് നാലാം വാരത്തിലും ആവേശത്തിലാണ്.

സെന്‍സെക്സും നിഫ്റ്റിയും മുന്‍വാരം വ്യക്തമാക്കിയ സെക്കന്‍ഡ് റെസിസ്റന്‍സ് മറികടന്നു. അതേ സമയം സാങ്കേതിക വശങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. എന്നാല്‍ മുഡീസ് ഇന്‍വസ്റേഴ്സ് സര്‍വീസ് ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയെ നെഗറ്റീവില്‍ നിന്നു സ്റേബിളാക്കി ഉയര്‍ത്തിയത് ധനകാര്യസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാവും. ഇന്നു പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. അടുത്ത വാരം റിസര്‍വ് ബാങ്ക് വായ്പാ അവലോകന യോഗം ചേരും.

വിദേശ ഫണ്ടുകളുടെ പിന്തുണയില്‍ പുതിയ ഉയരം സ്വന്തമാക്കിയ സെന്‍സെക്സും നിഫ്റ്റിയും ഈവാരം റിക്കാര്‍ഡുകള്‍ പുതുക്കുമോ, അതോ തിരുത്തലിലേക്ക് വഴുതുമോ? ഒരു വിഭാഗം നിക്ഷേപകര്‍ക്ക് ആശങ്കയുണ്ട്. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഈ വാരം നവംബര്‍ സീരീസ് സെറ്റില്‍മെന്റാണ്. അതേ സമയം ഫണ്ടുകള്‍ പൊസിഷനുകള്‍ ഡിസംബറിലേക്ക് റോള്‍ ഓവര്‍ ചെയ്യുമെന്ന വിശ്വാസവും ഇല്ലാതില്ല.

ബോംബെ സെന്‍സെക്സ് താഴ്ന്ന നിലവാരമായ 27,921 ല്‍ നിന്ന് എക്കാലത്തെയും ഉയര്‍ന്ന തലമായ 28,360 വരെ കുതിച്ചു. മുന്‍വാരം ഇതേ കോളത്തില്‍ വ്യക്തമാക്കിയ സെക്കന്‍ഡ് റെസിസ്റന്‍സായ 28,329 പോയിന്റ് കടന്ന് 28,334 ല്‍ മാര്‍ക്കറ്റ് ക്ളോസിംഗ് നടന്നു. സെന്‍സെക്സ് 287 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. ഇന്നു സൂചികയ്ക്ക് ആദ്യ കടമ്പ 28,489 ലാണ്.

ഇതു മറികടന്നാല്‍ 28,644-28,928 നെ ലക്ഷ്യമാക്കി വിപണി സഞ്ചരിക്കും. അതേ സമയം തിരിച്ചടിക്ക് അവസരം വന്നാല്‍ 28,050 ല്‍ താങ്ങ് പ്രതീക്ഷിക്കാം.

ഇതു നഷ്ടമായാല്‍ പരീക്ഷണം 27,766-27,611 ലേക്കാവും. വിപണിയുടെ സാങ്കേതിക വശങ്ങളായ എംഎസിഡി, ആര്‍എസ്ഐ, പിഎസ്എആര്‍ എന്നിവ സെല്ലിംഗ് മൂഡിലാണ്.


നിഫ്റ്റി സൂചിക 87 പോയിന്റ് പ്രതിവാര മുന്നേറ്റം നടത്തി. തുടക്കത്തില്‍ 8349 ലേക്ക് നീങ്ങിയ വേളയില്‍ അലയടിച്ച ബുള്ളിഷ് ട്രെന്‍ഡില്‍ റിക്കാര്‍ഡായ 8487 ലേക്ക് കയറി. മുന്‍വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ച പ്രതിരോധമായ 8476 നു ഒരു പോയിന്റ് മുകളില്‍ 8,477 ല്‍ വ്യാപാരം അവസാനിച്ചു. ഈ വാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 8388 ലാണ്. ഈ സപ്പോര്‍ട്ട് നഷ്ടമായാല്‍ 8299-8249 ല്േ തിരിയാം. അതേ സമയം ബുള്‍ തരംഗത്തില്‍ 8527-8666 ലേക്ക് ചുവടുവയ്ക്കാം.

പിന്നിട്ടവാരം അഞ്ചില്‍ മൂന്നു ദിവസവും സെന്‍സെക്സ് നേട്ടം കൈവരിച്ചു. മൂന്നു തവണ സൂചിക റിക്കാര്‍ഡ് പ്രകടനം നടത്തി. ബാങ്കിംഗ് ഇന്‍ഡക്സ് തിളക്കമാര്‍ന്ന മുന്നേറ്റത്തിലാണ്. കാപിറ്റല്‍ ഗുഡ്സ് ഇന്‍ഡക്സിലും കുതിപ്പ്. വിദേശ ഫണ്ടുകള്‍ കഴിഞ്ഞവാരം 272.54 കോടി രൂപയുടെ നിക്ഷേപം നടത്തി.

അമേരിക്കന്‍ മാര്‍ക്കറ്റ് അഞ്ചാം വാരത്തിലും മികവിലാണ്. സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് 12 ലേക്ക് താഴ്ന്നത് നിക്ഷേപകരെ വിപണിയിലേക്ക് അടുപ്പിച്ചു. ഡൌ ജോണ്‍സ് സൂചിക ഈ വര്‍ഷം 28-ാം തവണ റിക്കാര്‍ഡ് പുതുക്കി 17,894 വരെ കയറിയ ശേഷം 17,810 ല്‍ ക്ളോസ് ചെയ്തു.

എസ് ആന്‍ഡ് പി 500 ഇന്‍ഡക്സ് 2014 ല്‍ 45-ാം തവണ റിക്കാര്‍ഡ് പ്രകടനം നടത്തി 2071 വരെ ഉയര്‍ന്നു. നാസ്ഡാക് 4712 ല്‍ ക്ളോസ് ചെയ്തു.ചൈനീസ് കേന്ദ്ര ബാങ്ക് രണ്ടു വര്‍ഷത്തിനിടയില്‍ ആദ്യമായി പലിശ കുറച്ചു. ചൈനയുടെ നീക്കം ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1200 ഡോളറിനു മുകളിലെത്തിച്ചു. ക്രൂഡ് ഓയില്‍ ബാരലിന് 76 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.