എഡിബി വായ്പ ഉടനെന്നു കെ.എം. ഏബ്രഹാം
Sunday, November 23, 2014 12:24 AM IST
കൊച്ചി: അസാപി(അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെ രൂപരേഖ തയാറായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറഞ്ഞു. ഇതിന് എഡിബി വായ്പ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ അസാപും കേന്ദ്ര ഐടി മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച ഇഫ്യൂച്ചുറ ഇലക്ട്രോണിക് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 30 നിയോജകമണ്ഡലങ്ങളില്‍ ഇതിനകം പാര്‍ക്കിന് സ്ഥലം കണ്െടത്തിയിട്ടുണ്ട്. വിവിധ കമ്പനികളുടെ സഹകരണം പാര്‍ക്കിനായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഇലക്ട്രോണിക് വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഗുണമേന്മ അവലോകന സംവിധാനവും സ്ഥാപിക്കും. ഈ രംഗത്ത് പ്രഗത്ഭരായവരുടെ സേവനവും ഉപയോഗപ്പെടുത്തിയാകും ഈ അവലോകന സംവിധാനം രൂപപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്, ടെലികോം മേഖലയിലെ തൊഴില്‍ സാധ്യതകളെ തിരിച്ചറിയുകയും അതിനനുസൃതമായ പാഠ്യപദ്ധതി രൂപീകരിക്കാനുമാണ് അസാപ് ഇത്തരമൊരു ശില്പശാല സംഘടിപ്പിച്ചത്. ഈ വ്യവസായത്തിലെ വിവിധ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിയാനും തൊഴില്‍ അവസരം കണ്െടത്തി യുവാക്കളെ അതിന് സജ്ജരാക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. ഈ മേഖലകളില്‍ ഇന്റേണ്‍ഷിപ്പ് സമ്പ്രദായം കൊണ്ടുവരാനും അസാപ് ലക്ഷ്യമിടുന്നു.


ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഐടി ജോയിന്റ് സെക്രട്ടറി ഡോ. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്. അനന്തനാരായണന്‍, കോഴിക്കോട് എന്‍ഐഇഎല്‍ഐടി ഡയറക്ടര്‍ ഡോ. എം.പി. പിള്ള എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തി. ഇലക്ട്രോണിക് മേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഇഎസ്എസ്സി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്‍.കെ. മോഹപത്ര, ടെലികോം മേഖലയിലെ സാധ്യകളെക്കുറിച്ച് ടിഎസ്എസ്സി അംബാസഡര്‍ എ. ഗുരുരാജ് എന്നിവര്‍ ക്ളാസ് നയിച്ചു. ഇതുസംബന്ധിച്ച് പാനല്‍ ചര്‍ച്ചയും നടന്നു. അസാപ് സിഇഒ എം.ടി. റെജു സ്വാഗതവും പ്രോഗ്രാം ലീഡര്‍ ജോര്‍ജ് തോമസ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.