ഒപെക് എണ്ണ ഉത്പാദനം കുറച്ചേക്കില്ല
Friday, November 21, 2014 11:13 PM IST
വിയന്ന: ഇന്ധന ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനത്തില്‍ കുറവു വരുത്തിയേക്കില്ലെന്നു വിലയിരുത്തല്‍. ഏഷ്യയിലെ ഇന്ധനവിലയില്‍ ഉണ്ടാകുന്ന സമ്മിശ്ര പ്രതികരണം കണക്കിലെടുത്താണ് 27ന് വിയന്നയില്‍ ചേരുന്ന ഒപെക് യോഗത്തില്‍ എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായേക്കില്ലെന്ന് വിപണി വിലയിരുത്തുന്നത്.

അന്തര്‍ദേശീയ വിപണിയില്‍ എണ്ണയുടെ വിലയിടിവ് തടയുന്നതിനായി ഉത്പാദനത്തില്‍ കുറവു വരുത്തണമെന്ന അംഗരാജ്യങ്ങളുടെ സമ്മര്‍ദത്തെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ സൌദി അറേബ്യ പ്രതിരോധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എല്ലവരും ഉറ്റുനോക്കുന്നത് സൌദി അറേബ്യയെയാണെന്നും ഒപെക്കിനകത്തു നിന്നും പുറത്തുനിന്നുമുള്ള സമ്മര്‍ദത്തെ സൌദി എങ്ങനെ പ്രതിരോധിക്കുമെന്നതിനെ അനുസരിച്ചിരിക്കും തീരുമാനങ്ങളെന്നും സിഡ്നി സിഎംസി വിപണിയിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് മിഖായേല്‍ മക്കാര്‍ത്തി അഭിപ്രായപ്പെട്ടു.


നിലവിലെ സാഹചര്യത്തില്‍ നിന്നു സൌദി പിന്നോക്കം പോകില്ലെന്ന സൂചനകളാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടംഗ രാജ്യങ്ങളില്‍ വെനസ്വേലയും ഇക്വഡോറും ഉത്പാദനം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണു നല്‍കുന്നത്.

കഴിഞ്ഞ ദിവസം യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ്റ് ടെക്സാസില്‍ ക്രൂഡ് വില ഡിസംബര്‍ ഡെലിവറി 20 സെന്റിന്റെ കുറവോടെ 74.41 ഡോളറായി കുറഞ്ഞപ്പോള്‍ ബ്രെന്റ് ക്രൂഡ് ജനുവരി ഡെലിവറി 10 സെന്റിന്റെ വര്‍ധനയോടെ 78.57 ഡോളറായി ഉയര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.