കോടക് മഹീന്ദ്ര ബാങ്ക് ഐഎന്‍ജി വൈശ്യയെ ഏറ്റെടുക്കുന്നു
Friday, November 21, 2014 11:13 PM IST
ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യമേഖല ബാങ്കായ കോടക് മഹീന്ദ്ര ബെംഗളൂ രു ആസ്ഥാനമായ ഐഎന്‍ജി വൈശ്യ ബാങ്കിനെ ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞതായി ബാങ്ക് അറിയിച്ചു. ഏറ്റെടുക്കല്‍ നടക്കുന്നതോടെ കോടക് മഹീന്ദ്ര രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായി മാറും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് മുന്നിലുള്ള മറ്റു ബാങ്കുകള്‍.

ഏറ്റെടുക്കലിന് കോടക് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇന്നലെ അംഗീകാരം നല്‍കി. ഏറ്റെടുക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ അവസാനഘട്ടത്തിലെത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ബിഎസ്ഇ വ്യാപാരങ്ങളില്‍ ഇരു ഓഹരികളും ആറു ശതമാനത്തിന്റെ നേട്ടത്തോടെ മുന്നേറുകയായിരുന്നു. പിന്നീട് കോടക് ഓഹരി വില 7.28 ശതമാനത്തിന്റെ നേട്ടത്തോടെ 1157.05 ലും ഐഎന്‍ജി വൈശ്യയുടെ ഓഹരിവില 7.15 ശതമാനത്തിന്റെ നേട്ടത്തോടെ 814.20 രൂപയിലും അവസാനിച്ചു.


725:1,000 ഓഹരി അനുപാതത്തിലാണ് ഏറ്റെടുക്കലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ഐഎന്‍ജി വൈശ്യ ഓഹരി ഉടമകള്‍ക്ക് ഓരോ ആയിരം ഓഹരികള്‍ക്കും 725 കോടക് മഹീന്ദ്ര ഓഹരികള്‍ ലഭിക്കും. കോടക് മഹീന്ദ്ര ഓഹരികളുടെ മുഖവില അഞ്ചു രൂപയും ഐഎന്‍ജി വൈശ്യയുടെ മുഖവില 10 രൂപയുമായിരിക്കും.

ഏറ്റെടുക്കല്‍ സാധ്യമാകുന്നതോടെ കോടക് മഹീന്ദ്ര ബാങ്ക് ശാഖകളുടെ എണ്ണം ഇരട്ടിയായി ഉയരും. ഐഎന്‍ജി വൈശ്യ ബാങ്കിന്റെ മൂന്നില്‍ രണ്ടു ശാഖകളും തെന്നിന്ത്യയിലാണ്. രാജ്യത്തിന്റെ പശ്ചിമ മേഖലകളില്‍ നല്ല തോതില്‍ സാന്നിധ്യമുള്ള കോടക് മഹീന്ദ്രയ്ക്ക് ഇതു മുതല്‍ക്കൂട്ടാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഏപ്രില്‍ ഒന്നോടുകൂടി തീരുമാനങ്ങള്‍ നടപ്പില്‍ വരുമെന്നാണുപ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.