ഗ്രാന്‍ഡ് കേരള ഷോപ്പിംഗ്: വ്യാപാരി വ്യവസായി സംഘടനകള്‍ സഹകരിക്കും
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ്: വ്യാപാരി വ്യവസായി സംഘടനകള്‍ സഹകരിക്കും
Thursday, October 30, 2014 10:27 PM IST
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ എട്ടാം സീസണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ 19 സംഘടനകളുടെ കൂട്ടായ്മയായ വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി.

കേരളത്തിലെ ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്യാപാരവ്യവസായ കോണ്‍ഫഡറേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി അനില്‍ കുമാറിനും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ അശാസ്ത്രീയമായ നികുതി പരിഷ്ക്കരണങ്ങളും മാനദണ്ഡം പാലിക്കാതെ നടത്തുന്ന പരിശോധനകളും ഒഴിവാക്കണമെന്നും വാണിജ്യനികുതി വകുപ്പില്‍ അടിയന്തിരമായി ഓംബുഡ്സ്മാന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഷോപ്പിംഗ് ഫെസ്റിവല്‍ സ്ഥാപനവല്‍ക്കരിച്ച് ശക്തിപ്പെടുത്തണമെന്നും വ്യാപാരമേഖലയില്‍ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന സ്ഥാപനമായി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിനെ മാറ്റണമെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടു. വ്യാപാരസംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഉറപ്പു നല്‍കി.


കേരള സംസ്ഥാന വ്യാപാരവ്യവസായ സമിതി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി ഫെഡറേഷന്‍, കേരള ടെക്സ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് അസോസിയേഷന്‍ അടക്കം 19 സംഘടനകളാണ് ഷോപ്പിംഗ് ഫെസ്റിവലിനെ പിന്തുണയ്ക്കുവാന്‍ തീരുമാനിച്ചത്.

ഫെസ്റിവല്‍ ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍ സ്റേറ്റ് കോര്‍ഡിനേറ്റര്‍ വി. വിജയന്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വ്യാപാരി വ്യവസായി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ. ഹസന്‍ കോയ, സെക്രട്ടറി വി. സുനില്‍ കുമാര്‍ സംസ്ഥാന ട്രഷറര്‍ എം. നസീര്‍, ഫ്രൂട്സ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. വി. ഹംസ, കേരള ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മാത്യു കുരുവിത്തടം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.