മാരുതി സുസുക്കിയുടെ പുതിയ ഓള്‍ട്ടോ കെ10 എത്തുന്നു
മാരുതി സുസുക്കിയുടെ പുതിയ ഓള്‍ട്ടോ കെ10 എത്തുന്നു
Saturday, October 25, 2014 11:06 PM IST
ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ ഓള്‍ട്ടോ കെ10 കാറുകള്‍ വിപണിയിലെത്തുന്നു. ചെറുകാറുകളുടെ വിഭാഗത്തില്‍ വിപണിയില്‍ കമ്പനിയുടെ മത്സരക്ഷമത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്ളാറ്റ്ഫോമില്‍ 200 കോടി രൂപ ചെലവഴിച്ച് പുതിയ കാര്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.എസ്. കല്‍സി പറഞ്ഞു.

ഉയര്‍ന്ന മോഡലില്‍ ഓട്ടോമേറ്റഡ് ഗിയര്‍ ബോക്സ് അടക്കം ആറു പതിപ്പുകളിലാണ് പുതിയ കെ10 വിപണിയിലെത്തുന്നത്. കുറഞ്ഞ ചെലവില്‍ ഇന്ധനക്ഷമതയുള്ള സാങ്കേതിക വിദ്യയാണ് കമ്പനി അവതരിപ്പിക്കുന്നതെന്നും പെട്രോള്‍ പതിപ്പിന് 24.07 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 32.26 കിലോമീറ്ററുമാണ് മൈലേജെന്നും അദ്ദേഹം പറഞ്ഞു.


3.15 ലക്ഷം രൂപ മുതല്‍ കാറുകളുടെ വിലയാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ വിപണിയിലെത്തുന്ന വാഹനത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കാണ് വിപണി. 2010 ല്‍ പുറത്തിറങ്ങിയ ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 4.3 ലക്ഷം ഓള്‍ട്ടോ കെ10 കാറുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

സെലേറിയോക്കു ശേഷം സ്വന്തമായി വികസിപ്പിച്ചെടുത്ത ഓട്ടോ ഷിഫ്റ്റ് ഗിയര്‍ ടെക്നോളജിയുമായി എത്തുന്ന പുതിയ പതിപ്പുകളും വില്പനയില്‍ വിസ്മയം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്നും കല്‍സി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.