സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 76.30 കോടി രൂപ
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 76.30 കോടി രൂപ
Wednesday, October 22, 2014 11:54 PM IST
തൃശൂര്‍: സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ അറ്റാദായം 76.30 കോടി രേഖപ്പെടുത്തി. ഈ കാലയളവിലെ അര്‍ധവാര്‍ഷിക അറ്റാദായം 202.95 കോടി രൂപയാണ്.

സാമ്പത്തിക മേഖലയിലെ അനുസ്യൂതം തുടരുന്ന വെല്ലുവിളികള്‍ക്കിടയിലും ബാങ്കിന്റെ ബിസിനസ് വ്യാപ്തിയിലും അറ്റ പലിശ ലാഭത്തിലും പ്രവര്‍ത്തനലാഭത്തിലും വളര്‍ച്ച കൈവരിക്കാനും ആസ്തിഗുണനിലവാരത്തിലെ കരുത്ത് നിലനിര്‍ത്താനും സാധിച്ചു. വായ്പാ പുനര്‍രൂപീകരണത്തിലേക്കുള്ള വര്‍ധിച്ച നീക്കിയിരിപ്പുകാരണം ഈ പാദത്തിലെ അറ്റാദായത്തില്‍ കുറവു വന്നിട്ടുണ്ട്. രണ്ടാം പാദത്തിലെ വര്‍ധിത നീക്കിയിരിപ്പിലെ 50 ശതമാനവും ഒരു തവണ മാത്രം ആവശ്യമായി വരുന്നതാണ്.

ബാങ്കിന്റെ മൊത്തം ബിസിനസ് 75610 കോടി രൂപയില്‍ നിന്നും 9.20 ശതമാനം വര്‍ധിച്ച് 82564 കോടി രൂപയായി (6954 കോടി രൂപയുടെ വര്‍ധനവ്). മൊത്തം നിക്ഷേപം 43478 കോടി രൂപയില്‍ നിന്നും 46693 കോടി രൂപയായി ഉയര്‍ന്നു (7.39 ശതമാനം വര്‍ധനവ്). സിഎഎസ്എ നിക്ഷേപങ്ങള്‍ 9271 കോടി രൂപയില്‍നിന്നും 1044 കോടി രൂപയുടെ വര്‍ധനവോടെ (11.26%), 10315 കോടി രൂപയായി ഉയര്‍ന്നു. കോര്‍ നിക്ഷേപം 6251 കോടി രൂപയുടെ (20.12%) വര്‍ധനവോടെ 31065 കോടി രൂപയില്‍നിന്നും 37316 കോടി രൂപയായി.

ബാങ്കിന്റെ വായ്പ 3739 കോടി രൂപയുടെ (11.64%) വര്‍ധനവോടെ 32132 കോടി രൂപയില്‍നിന്നും 35871 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയില്‍ രംഗത്തുനിന്നാണ് കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.


നിഷ്ക്രിയ ആസ്തിയും അറ്റ നിഷ്ക്രിയ ആസ്തിയും 2013 സെപ്റ്റംബര്‍ 30ല്‍ യഥാക്രമം 1.92 ശതമാനവും 1.39 ശതമാനവുമായിരുന്നു. ഇത് 2014 സെപ്റ്റംബര്‍ 30ന് യഥാക്രമം 1.55 ശതമാനവും 0.90 ശതമാനവുമായി കുറയ്ക്കാന്‍ സാധിച്ചു. ഇതുവഴി ആസ്തിഗുണനിലവാരം ഗണ്യമായി വര്‍ധിച്ചു. കരുതല്‍ നീക്കിയിരിപ്പ് അനുപാതം 53.56 ശതമാനത്തില്‍ നിന്നും 62.91 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്. അറ്റപലിശ ലാഭം 2.72 ശതമാനത്തില്‍നിന്നും 2.80 ശതമാനമായി വളര്‍ച്ച രേഖപ്പെടുത്തി. പലിശേതര വരുമാനം 34.68 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ മൂലധനപര്യപ്ത അനുപാതം 12.35 ശതമാനത്തില്‍ നിലനിര്‍ത്താനായി.

മിഡ് കോര്‍പറേറ്റ്, എംഎസ്എംഇ, കാര്‍ഷിക, ഗൃഹ, വാഹനവായ്പാ വിഭാഗങ്ങള്‍ എന്നിവയിലെ പ്രകടനം ദക്ഷിണേന്ത്യയിലെ മികച്ച സാന്നിധ്യം ഉപയോഗപ്പെടുത്തിക്കൊണ്ട് മെച്ചപ്പെടുത്താന്‍ ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലെ ശാഖാ വിപുലീകരണത്തിന് ഊന്നല്‍ നല്‍കുന്നതിനും ബിസിനസ് വിപുലീകരണത്തിലും നിയന്ത്രണ കാര്യങ്ങളിലും കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗമായ ഐഡിആര്‍ബിടിയുടെ 2014ലെ ബാങ്കിംഗ് ടെക്നോളജി എക്സലന്‍സ് അവാര്‍ഡ് സൌത്ത് ഇന്ത്യന്‍ ബാങ്ക് നേടിയിരുന്നു. മികച്ച ഐടി ടീമിനുള്ള അംഗീകാരമാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.