സ്വര്‍ണവില ഉയര്‍ന്നു, കുരുമുളക് വിലയില്‍ ഇടിവ്
Monday, October 20, 2014 11:08 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: റബര്‍ ഉത്പാദക രാജ്യങ്ങള്‍ വീണ്ടും സംഘടിച്ചു, തായ്ലണ്ട് വന്‍തോതില്‍ ചരക്ക് സംഭരണത്തിനു ഒരുങ്ങുന്നു. കേരളത്തിനു സംഭരണം വിജയിപ്പിക്കാനാവുമോ? വിദേശ ഭക്ഷ്യയെണ്ണ പ്രവാഹം വെളിച്ചെണ്ണയുടെ കരുത്തുചോര്‍ത്തി. ഉത്സവ ഡിമാണ്ട് കുറഞ്ഞത് കുരുമുളകിനെ തളര്‍ത്തി. സ്വര്‍ണ വില ഉയര്‍ന്നു.

റബര്‍

പ്രമുഖ റബര്‍ ഉത്പാദക രാജ്യങ്ങള്‍ സംഘടിച്ചു. കുറഞ്ഞ വിലയ്ക്ക് റബര്‍ കയറ്റുമതി നടത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും തത്വത്തില്‍ യോജിപ്പിലായി. മുന്‍നിര രാജ്യങ്ങള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് വിയറ്റ്നാമും കംബോഡിയയും അണിചേര്‍ന്നതോടെ വരും മാസങ്ങളില്‍ താഴ്ന്ന വിലയ്ക്ക് ചരക്ക് ലഭിക്കാനുള്ള സാധ്യത മങ്ങുന്നു.

റബര്‍ കര്‍ഷകര്‍ക്കും രാജ്യാന്തര വിപണിക്കും മികവ് പകരാന്‍ തായ്ലണ്ട് റബര്‍ സംഭരിക്കും. റബര്‍ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തായ്ലണ്ടിന്റെ നീക്കം ബാങ്കോക്ക് വിപണിക്ക് മാത്രമല്ല, ഏഷ്യയിലെ ഇതര വിപണികള്‍ക്കും നേട്ടമാവും. മുന്‍ വര്‍ഷങ്ങളില്‍ സംഭരിച്ച രണ്ടു ലക്ഷം ടണ്‍ റബര്‍ തായ്ലണ്ട് വിറ്റഴിച്ച സാഹചര്യത്തില്‍, അവരുടെ പുതിയ നീക്കം അനുകൂല ഫലം പകരും. 100 കോടി ഡോളറിന്റെ വന്‍ സംഭരണത്തിനാണ് തായ്ലണ്ട് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ 420 ലക്ഷം ടണ്‍ റബര്‍ ഉത്പാദിപ്പിച്ച തായ്ലണ്ട് മൊത്തം ഉത്പാദനത്തില്‍ 86 ശതമാനം ഷിപ്പ്മെന്റ് നടത്തി.

ഒരു കിലോഗ്രാം റബറിന്റെ വില 60 ബാട്ടായി ഉയര്‍ത്തുകയാണ് തായ്ലണ്ടിന്റെ ലക്ഷ്യം. നിലവില്‍ വില 48 ബാട്ടാണ്. അടുത്ത രണ്ടു മാസങ്ങളില്‍ റബറിന് ഉയര്‍ന്ന റേഞ്ചില്‍ എത്താം. അനുകുല വാര്‍ത്തകളുടെ ചുവടുപിടിച്ച് ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ പോയവാരം അഞ്ചു ശതമാനം ഉയര്‍ന്നു.

ജനുവരി അവധി 178 യെന്നില്‍ നിന്ന് 191 യെന്‍ വരെ കയറി. സാങ്കേതികമായി വിപണിക്ക് 192-202 യെന്നില്‍ തടസമുണ്െടന്ന കാര്യം മുന്‍വാരം വ്യക്തമാക്കിയിരുന്നു. റബറിന്റെ വില തകര്‍ച്ചമൂലം ടാപ്പിംഗില്‍ നിന്നു പിന്‍തിരിഞ്ഞ നമ്മുടെ കര്‍ഷകര്‍ റബര്‍ വെട്ട് പുനരാരംഭിക്കുന്നത് അഭികാമ്യം. ലോക വിപണി പ്രതിസന്ധിയുടെ ദിനങ്ങള്‍ മറികടക്കാനുള്ള തയാറെടുപ്പിലാണ്.

ഇതിനിടയില്‍ വിപണി വിലയെക്കാള്‍ കിലോഗ്രാമിനു അഞ്ചു രൂപ ഉയര്‍ത്തി റബര്‍ സംഭരിക്കാന്‍ -കടലാസില്‍-കേരളവും സജ്ജമായി. പ്രഖ്യാപനങ്ങള്‍ ഫലവത്തായാല്‍ സംസ്ഥാനത്തെ ഉത്പാദകന് അന്താരാഷ്ട്ര വിലയേക്കാള്‍ കിലോയ്ക്ക് 27 രൂപ കുടുതല്‍ കിട്ടും. വാരാന്ത്യം കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ കിലോഗ്രാമിനു 124 രൂപയിലാണ്. റബര്‍ മാര്‍ക്കറ്റ് മികവിനു ഒരുങ്ങുകയാണെങ്കിലും തുലാവര്‍ഷം ശക്തമായാല്‍ ടാപ്പിങിനു തിരിച്ചടിയാവാം.

നാളികേരം

വിദേശ പാചക എണ്ണ ഇറക്കുമതി കനത്തു. ദീപാവലി ഡിമാണ്ട് മുന്നില്‍ കണ്ട് ഉത്തരേന്ത്യന്‍ വ്യവസായികള്‍ വന്‍തോതില്‍ എണ്ണ ഇറക്കുമതി നടത്തി. 2013 സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ഇറക്കുമതി 21 ശതമാനം വര്‍ധിച്ച് 10.47 ലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നു. സൂര്യകാന്തി, സോയ എണ്ണകള്‍ക്ക് ഒപ്പം പാം ഓയിലും വന്‍തോതില്‍ പ്രമുഖ തുറമുഖങ്ങളിലെത്തി.

വിദേശ എണ്ണകള്‍ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര മാര്‍ക്കറ്റിലേക്ക് പ്രവഹിച്ചതോടെ വെളിച്ചെണ്ണ അടക്കമുള്ളവയുടെ വില താഴ്ന്നു. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് 450 രൂപ കുറഞ്ഞ് 14,750 രൂപയായി. കൊപ്ര 10,200ല്‍ നിന്ന് 10,000 രൂപയുടെ താങ്ങ് തകര്‍ത്ത് 9925 രൂപയായി. രാജ്യത്ത് ഇറക്കുമതി നടക്കുന്ന പാചക എണ്ണകളില്‍ 80 ശതമാനത്തില്‍ അധികവും പാം ഓയിലാണ്. ഇന്തോനേഷയും മലേഷ്യയുമാണ് പാം ഓയില്‍ കയറ്റുമതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇതിനിടയില്‍ പാം ഓയില്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഡിസംബര്‍ വരെ തുടരാന്‍ ഇന്തോനേഷ്യ കഴിഞ്ഞ ദിവസം തീരുമാനിച്ചു.


കുരുമുളക്

ഉത്സവ വേളയിലേക്ക് ആവശ്യമുള്ള കുരുമുളക് സംഭരിച്ച് ഉത്തരേന്ത്യന്‍ ഇടപാടുകാര്‍ രംഗം വിട്ടതോടെ ഉത്പന്ന വില കുറഞ്ഞു. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്കുനീക്കം കുറവാണെങ്കിലും നിരക്ക് ഉയര്‍ത്തി മുളക് എടുക്കാന്‍ അന്തര്‍ സംസ്ഥാന വാങ്ങലുകാര്‍ തയാറായില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 70,800 രൂപയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 12,000 ഡോളറാണ്.

തുലാവര്‍ഷം സജീവമായാല്‍ അടുത്ത സീസണില്‍ കുരുമുളക് വിളവ് മെച്ചപ്പെടും. നടപ്പു സീസണിനെ അപേക്ഷിച്ച് ഉത്പാദനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കാം. കാലാവസ്ഥ വ്യതിയാനങ്ങള്‍ കണക്കിലെടുത്താല്‍ തുലാത്തില്‍ നല്ല മഴ കിട്ടണം. മഴയുടെ നീക്കങ്ങള്‍ മുന്‍ നിര്‍ത്തി കൂര്‍ഗിലെ തോട്ടമുടമകള്‍ സ്റ്റോക്ക് ഇറക്കാനും ഇടയുണ്ട്.

ഏലക്കാ

ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്കയുടെ പ്രതിദിന വരവ് ഒരു ലക്ഷം കിലോയിലേക്ക്. ദീപാവലി ഡിമാന്‍ഡിന്റെ പിന്‍ബലത്തിലാണ് സുഗന്ധറാണി നിലകൊളളുന്നത്. അതേ സമയം ഉത്സവ ദിനങ്ങള്‍ കഴിയുന്നതോടെ വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാം. ഏലം അവധി വ്യാപാരത്തില്‍ നവംബര്‍ തളര്‍ച്ചയിലാണ്. ദീപാവലി കഴിയുന്നതോടെ ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് നീക്കം കുറഞ്ഞില്ലെങ്കില്‍ ഏലത്തിനു വിദേശ ഓര്‍ഡറുകള്‍ താങ്ങാവേണ്ടതായി വരും.

ചുക്ക്

ഉത്തരേന്ത്യ ശൈത്യത്തിന്റെ പിടിയില്‍ അകപ്പെടുന്നതോടെ ചുക്കിനു ഡിമാന്‍ഡ് അനുഭവപ്പെടാം. ഗള്‍ഫ് മേഖലയില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ചുക്കിനു ഓര്‍ഡറുകള്‍ പ്രതീക്ഷിക്കാം. മീഡിയം ചുക്ക് 21,000 ലും ബെസ്റ്റ് ചുക്ക് 23,000 രൂപയിലുമാണ്.

അടയ്ക്ക

വ്യവസായികളുടെ വരവ് അടയ്ക്ക വില ഉയര്‍ത്തി. 20,000-21,000 രൂപയില്‍ നീങ്ങികൊണ്ടിരുന്ന അടയ്ക്ക് വില വാരത്തിന്റെ രണ്ടാം പകുതിയില്‍ 23,000-24,000 ലേക്ക് കയറി.

ജാതിക്ക

ജാതിക്ക വില സ്റെഡിയായി നീങ്ങി. ജാതിക്ക തൊണ്ടന്‍ 270-280 രൂപ, തൊണ്ടില്ലാത്തത് 450-480, ജാതിപത്രി 700-800 രൂപയിലുമാണ്. ഗ്രാമ്പൂ 965-ലേക്ക് താഴ്ന്നു.

സ്വര്‍ണം

അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ മഞ്ഞലോഹ വില ചാഞ്ചാടി. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ഫണ്ടുകളുടെ പിന്‍ബലത്തില്‍ ഔണ്‍സിനു 1221 ഡോളറില്‍ നിന്നു 1250 വരെ കയറിയെങ്കിലും ഉയര്‍ന്ന റേഞ്ചില്‍ അധികനേരം നില്‍ക്കാനായില്ല. വാരാന്ത്യം 1238 ഡോളറിലാണ് സ്വര്‍ണം. കേരളത്തില്‍ പവന്‍ 20,320 രൂപയില്‍ നിന്ന് 20,640 രൂപയായി. ഒരു ഗ്രാമിന്റെ വില 2545 ല്‍ നിന്ന് 2580 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.