വിപണി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി
വിപണി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി
Monday, October 20, 2014 11:07 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: സെന്‍സെക്സ് ഇന്ന് 26,459 ലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ്. അനുകൂല വാര്‍ത്തകള്‍ വരുമെന്ന പ്രതീക്ഷയില്‍ ബുള്‍ ഇടപാടുകാര്‍ രംഗത്ത് ഇറങ്ങാം. ദീപാവലിയുടെ വെടിക്കെട്ടിനു അവര്‍ തിരികൊളുത്തിയാല്‍ ബോംബെ സൂചിക 26,811 ലേക്കും കത്തിക്കയറാം. എന്നാല്‍ ഈ വാരം ഇടപാടുകള്‍ കേവലം മൂന്നു ദിവസങ്ങളില്‍ ഒതുങ്ങും. മൂഹൂര്‍ത്ത വ്യാപാരം വ്യാഴാഴ്ച വൈകുന്നേരം 6.15 മുതല്‍ 7.30 വരെയാണ്. വെള്ളിയാഴ്ചയും വിപണി അവധിയാണ്.

വിക്രംസംവത് 2070 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്തി സമുഹം. ഓഹരി വിപണി ഈ ശുഭ മുഹൂര്‍ത്തത്തില്‍ നേട്ടത്തില്‍ നീങ്ങാന്‍ ശ്രമിക്കും.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ കേന്ദ്രസര്‍ക്കാരിനു അനുകൂലമാണ്. ഈ മികവിന് ഒപ്പം ഡീസല്‍ വില നിയന്ത്രണം നീക്കം ചെയ്തതും ഓഹരി വിപണിക്ക് നേട്ടമാവും. എണ്ണക്കമ്പനികളുടെ ഓഹരികളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞാല്‍ ദീപാവലിയുടെ വെടിക്കെട്ടിനു നിറം പകരാം.

അതേ സമയം വിപണിയുടെ സാങ്കേതിക വശങ്ങള്‍ അത്ര ശുഭകരമല്ല. സെന്‍സെക്സ് 50 ദിവസത്തെ മുവിംഗ് ആവറേജിനു താഴെയാണ്. ഇതു ദുര്‍ബലാവസ്ഥയ്ക്ക് ശക്തിപകരാം. പാരാബോളിക് എസ്എആര്‍ സെല്ലിംഗ് മൂഡിലും എം എസിഡി ഓവര്‍ സോള്‍ഡിലുമാണ്. ഫാസ്റ് സ്റോക്കാസ്റിക്ക് തിരുത്തല്‍ തുടരുമെന്ന നിലയിലും. വാരമധ്യത്തില്‍ 26,000 ലെ താങ്ങ് തകര്‍ന്ന് സൂചിക 25,911 വരെ നീങ്ങിയ ശേഷം 189 പോയിന്റ് നഷ്ടത്തില്‍ 26,108 ലാണ്. തിരിച്ചടി നേരിട്ടാല്‍ 25,833-25,559 റേഞ്ചിലേക്ക് നീങ്ങാം.

നിഫ്റ്റി തുടക്കത്തില്‍ 7923 വരെ ഉയര്‍ന്നെങ്കിലും അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഫണ്ടുകള്‍ നടത്തിയ പ്രോഫിറ്റ് ബുക്കിംഗ് വില്പന സമ്മര്‍ദമായതോടെ സൂചിക ഉയര്‍ന്ന തലത്തില്‍ നിന്നു 200 പോയിന്റ് ഇടിഞ്ഞു. മുന്‍വാരം സൂചിപ്പിച്ച സപ്പോര്‍ട്ടായ 7729 റേഞ്ചിലേക്ക് നീങ്ങിയ ശേഷം 7780 ലാണ് വാരാവസാനം. ഈവാരം സപോര്‍ട്ട് 7695 ലും 7611 ലുമാണ്. മുന്നേറിയാല്‍ 7893 ലും 8007 ലും തടസവും നേരിടാം.


ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് ഇന്‍ഡക്സുകള്‍ പിന്നിട്ടവാരം രണ്ടു ശതമാനം താഴ്ന്നു. വിദേശ ഫണ്ടുകള്‍ ഈ മാസം 3755 കോടി രൂപയുടെ വില്പന നടത്തി. ഫോറെക്സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിനു മുന്നില്‍ രൂപ 61.46 ലാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 82.75 ഡോളറിലും. പിന്നിട്ട അഞ്ചു മാസത്തിനിയില്‍ എണ്ണ വില 25 ശതമാനം കുറഞ്ഞു.

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2009 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന തലത്തിലേക്ക് നീങ്ങി. സെപ്റ്റംബറില്‍ ഇത് 2.38 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 3.78 ശതമാനമായിരുന്നു.

ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകള്‍ പലതും ചാഞ്ചാടി. ജപ്പാനില്‍ നിക്കി സുചിക നാലു മാസത്തിനിടയിലെ താഴ്ന്ന റേഞ്ചിലാണ്. അതേ സമയം യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലും. അമേരിക്കയില്‍ ഡൌ ജോണ്‍സ് സൂചിക 16,380 ലും എസ് ആന്‍ഡ് പി 1886 ലും നാസ്ഡാക് 4258 ലും ക്ളോസ് ചെയ്തു.

സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് അപായ സൂചന നല്‍കിയതോടെ വില്‍പ്പന സമ്മര്‍ദത്തിലേക്ക് അമേരിക്കന്‍ മാര്‍ക്കറ്റ് നീങ്ങിയെങ്കിലും വാരാന്ത്യം നേട്ടത്തിലാണ്. വോളാറ്റിലിറ്റി ഇന്‍ഡക്സ് 31 ലേക്ക് ഉയര്‍ന്നതാണ് നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചത്. 2011 ഡിസംബറിനു ശേഷം ആദ്യമാണ് വോളാറ്റിലിറ്റി ഇന്‍ഡക്സ് 30 നു മുകളിലേക്ക് എത്തുന്നത്. വാരാന്ത്യം സൂചിക 21.99 ലാണ്.

ഇന്ത്യാ വോളാറ്റിലിറ്റി ഇന്‍ഡക്സ് 16.40 ലാണ്. ഈ സൂചികയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ 17.20-18.90 റേഞ്ചിലേക്ക് നീങ്ങാം. 15.70 ല്‍ സപ്പോര്‍ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.