ഓഹരി വിപണിയില്‍ ആറാം വാരത്തിലും മികവ്
ഓഹരി വിപണിയില്‍ ആറാം വാരത്തിലും മികവ്
Monday, September 22, 2014 10:22 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: വന്‍ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ആറാം വാരത്തി ലും മികവ് നിലനിര്‍ത്തി. സൂചികയിലെ നേട്ടം ചെറുതാണ്. വാരത്തിന്റെ ആദ്യ പകുതിയില്‍ തകര്‍ന്ന് അടിഞ്ഞ സെന്‍സെക്സിനും നിഫ്റ്റിയ്ക്കും പുതുജീവന്‍ പകര്‍ന്നത് യുഎസ് ഫെഡില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളാണ്.

യുഎസ് സമ്പദ്ഘടന മെച്ചപ്പെടുന്നുവെന്ന സൂചനകള്‍ക്കൊപ്പം ഡോളര്‍ ഇന്‍ഡക്സിന്റെ കുതിച്ചുചാട്ടവും കൂടിയായപ്പോള്‍ അമേരിക്കന്‍ ഫെഡ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന നിഗമനത്തിനു ശക്തികൂടി. അതുകൊണ്ട് തന്നെ വിദേശ ഫണ്ടുകള്‍ ലോക വിപണികളില്‍ നിന്ന് ബാധ്യതകള്‍ ഒഴിവാക്കാന്‍ വാരത്തിന്റെ ആദ്യ പകുതിയില്‍ ഉത്സാഹിച്ചു. ഇന്ത്യ അടക്കമുള്ള എമര്‍ജിംഗ് വിപണികളില്‍ ഫണ്ടുകള്‍ വില്പനയ്ക്ക് മൂന്‍തുക്കം നല്‍കി. ഇത് ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയെ തളര്‍ത്തി. രൂപയുടെ മൂല്യം ഒരുമാസത്തെ താഴ്ന്ന റേഞ്ചിലേക്ക് ഒരുവേള ഇടിഞ്ഞെങ്കിലും പിന്നീട് സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ രൂപയ്ക്ക് താങ്ങായി.

ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സില്‍ നിഫ്റ്റി സെപ്റ്റംബര്‍ സീരിസ് സെറ്റില്‍മെന്റ് വ്യാഴാഴ്ചയാണ്. മുന്‍വാരത്തിലെ സെല്ലിംഗ് പ്രഷറില്‍ ആദ്യ സപ്പോര്‍ട്ടുകള്‍ തകര്‍ത്ത് സൂചിക 7,950 ലേക്ക് ഇടിഞ്ഞു. എന്നാല്‍ 7,934 ലെ സപ്പോര്‍ട്ട് നിലനിര്‍ത്തുന്നതില്‍ സൂചിക വിജയിച്ചു. തകര്‍ച്ചയ്ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ 8,160 വരെ കുതിച്ചു. എന്നാല്‍ മുന്‍ലക്കം സൂചിപ്പിച്ച 8,167 ലെ പ്രതിരോധം തകര്‍ക്കാനുമായില്ല. സെറ്റില്‍മെന്റിനു മൂന്ന് ദിവസം മാത്രം ശേഷിക്കവേ ഫണ്ടുകള്‍ ഒക്ടോബറിലേക്ക് റോള്‍ ഓവറിനും ശ്രമം നടത്താം. വാരാന്ത്യം 8,126 ല്‍ നിലകൊള്ളുന്ന നിഫ്റ്റിക്ക് ആദ്യ തടസങ്ങള്‍ 8,210 ലും 8,294 ലുമാണ്. മികവ് കാണിക്കാനായില്ലെങ്കില്‍ 7,996-7,866 ലേക്കും അവിടെ നിന്ന് 7,782 ലേക്കും നീങ്ങാം. ഡെയ്ലി ചാര്‍ട്ടില്‍ എംഎസിഡി, പാരാബോളിക്ക് എന്നിവ സെല്ലിംഗ് മൂഡിലാണ്. അതേ സമയം വീക്കിലി ചാര്‍ട്ട് ഓവര്‍ ബോട്ടും.


ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7,927-8,160 റേഞ്ചിലായിരുന്നു. വാരാന്ത്യം നിഫ്റ്റി 8,121 ലും. സാങ്കേതികമായി ആര്‍എസ്ഐ 14, സ്ളോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ ന്യൂട്ടറല്‍ റേഞ്ചിലാണ്. അതേ സമയം പാരാബോളിക്ക് സെല്ലിംഗ് മൂഡിലും.

വാരത്തിന്റെ ആദ്യ ദിനങ്ങളിലെ സെല്ലിംഗ് പ്രഷറില്‍ തകര്‍ന്നടിഞ്ഞ സെന്‍സെക്സ് ഒരു വേള 27,000 ലെ താങ്ങും തകര്‍ത്ത് 26,464 ലേക്ക് പരീക്ഷണം നടത്തി. ഈവാരം ബിഎസ്ഇ യുടെ പ്രതിരോധം 27,403-27,716 ലാണ്, താങ്ങ് 26,620-26,150 ലും. വാരമധ്യം യുഎസ് ചെയര്‍പേഴ്സണ്‍ ജാനറ്റ് യെല്ലന്‍ നടത്തിയ പ്രസ്താവന അമേരിക്കന്‍ ഓഹരി വിപണികള്‍ക്കു മാത്രമല്ല, യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ ഇന്‍ഡക്സുകള്‍ക്കും കരുത്തായി.

വാരാവസാനം സെന്‍സെക്സ് 27,090 ലാണ്. മാര്‍ക്കറ്റിന്റെ അടിയൊഴുക്ക് വ്യക്തമാക്കുന്ന ഇന്ത്യാ വോളാറ്റിലിറ്റി ഇന്‍ഡക്സ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 11.88 ലാണ്. നിക്ഷേപകര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്ന വോളാറ്റിലിറ്റി ഇന്‍ഡക്സിനെ കണക്കിലെടുത്താല്‍ മാര്‍ക്കറ്റ് അഞ്ചു ശതമാനം വീണ്ടും ഉയരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.