ഐടി: സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നു കമ്പനികള്‍
ഐടി: സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നു കമ്പനികള്‍
Sunday, September 21, 2014 11:12 PM IST
ബാംഗളൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം രാജ്യത്തെ ഐടി മേഖല വളര്‍ച്ചയുടെ പാതയിലെന്നു റിപ്പോര്‍ട്ട്. അനിശ്ചിതത്വത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും കാലങ്ങളിലൂടെ നീങ്ങിയ ഇന്ത്യന്‍ ഐടി മേഖലയിലെ മുന്‍നിര കമ്പനികളെല്ലാം തന്നെ ബിസിനിസ് രംഗത്ത് അനുകൂലമായ സാഹര്യങ്ങളൊരുങ്ങിയെന്ന് അഭിപ്രായപ്പെട്ടു.

മേഖല ഉയര്‍ന്ന വളര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ഭാവിയില്‍ വന്‍ നേട്ടങ്ങളുണ്ടാകുമെന്നും പ്രമുഖ കമ്പനികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ആദ്യം ഹോങ്കോംഗ് ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ ഈ ആഴ്ച സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത പ്രമുഖ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മേഖലയുടെ നേട്ടം വിവരിച്ചത്.

ഉപഭോക്താക്കളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പണ്ടത്തെപോലെ ഉയരുന്നുണ്െടന്നും കമ്പനികള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ടിസിഎസ് ഏതാനും വര്‍ഷങ്ങളായി വന്‍ കുതിപ്പു നടത്തിവരുമ്പോള്‍ ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ എന്നിവ ശ്രദ്ധയോടെയും നേട്ടത്തോടെയും മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. കമ്പനി ശരിയായ ഒരു വഴിത്തിരിവിലെത്തിയെന്നാണു തങ്ങള്‍ കരുതുന്നതെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു.ബി. പ്രവീണ്‍ റാവു പറഞ്ഞു. വിപണിയില്‍ നാടകീയ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാനായില്ലെന്നും സ്വാഭാവിക പരിണാമമെന്ന നിലയ്ക്കുള്ള തിരിച്ചുവരവാണിതെന്നും അദ്ദേഹം നിക്ഷേപക സംഗമത്തില്‍ പറഞ്ഞു.


യൂറോപ്പില്‍ നിന്നുള്ള ഓര്‍ഡറുകളുടെ നേട്ടത്തില്‍ കമ്പനിയും മുന്നേറുന്നതായാണ് എച്ച്സിഎല്‍ ടെക്നോളജീസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അനില്‍ ചനാന അഭിപ്രായപ്പെട്ടത്. രാജ്യാന്തര വ്യാപാരങ്ങളെന്ന ആശയത്തിലേക്കു മേഖല തിരിച്ചുവരവു നടത്തുന്നതാണു കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷക്കാലം കൊണ്ട് മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 50 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.