ആരോഗ്യരംഗത്തു കൂടുതല്‍ ഗവേഷണങ്ങള്‍ വേണം: കെ.എം. മാണി
ആരോഗ്യരംഗത്തു കൂടുതല്‍ ഗവേഷണങ്ങള്‍ വേണം: കെ.എം. മാണി
Saturday, September 20, 2014 10:03 PM IST
കൊച്ചി: ആരോഗ്യരംഗത്തു കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നു ധനമന്ത്രി കെ.എം. മാണി. എറണാകുളം ഗസ്റ് ഹൌസില്‍ ഔഷധിയുടെ പുതിയ രണ്ട് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തു നാം ഏറെ മുന്നിലാണെങ്കിലും പുതിയ രോഗങ്ങള്‍ വേട്ടയാടുകയാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങള്‍ വരുന്നു. രോഗകാരണങ്ങളിലും ചികിത്സാ രീതികളിലും കൂടുതല്‍ ഗവേഷണത്തിനു പ്രാധാന്യം നല്‍കണം. ഗവേഷണങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ കണ്ടുപിടിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഔഷധിയില്‍ ലാസ്റ് ഗ്രേഡ് തസ്തികകള്‍ പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
452 ഇനം മരുന്നുകള്‍ വിപണിയിലിറക്കിയ ഔഷധിയുടെ പുതിയ രണ്ട് ഉത്പന്നങ്ങളായ പ്രമേഹൌഷധി ഗുളിക, ലഘുസൂത ശേഖര രസം(എല്‍എസ്ആര്‍) ഗുളിക എന്നിവയാണു ധനമന്ത്രി വിപണിയില്‍ ഇറക്കിയത്. 1998 മുതല്‍ ചൂര്‍ണ രൂപത്തിലുള്ള പ്രമേഹൌഷധിയുടെ ഗുളിക രൂപം തയാറാക്കുന്നതിനു രണ്ടു വര്‍ഷത്തെ ഗവേഷണമാണു വേണ്ടിവന്നത്. 14 പച്ച മരുന്നുകളുടെ മിശ്രിതമാണിത്. ഗ്യാസ് ട്രബിള്‍ അലട്ടുന്നവര്‍ക്കായാണ് എല്‍എസ്ആര്‍ ഗുളിക.


ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഔഷധി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എം.ആര്‍. രാമദാസ്, ഉതുപ്പ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) കെ. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഔഷധി വിതരണക്കാരും കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.