ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മിഡ്കാപ് സൂചിക 10,000-ല്‍ തൊട്ടു
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മിഡ്കാപ് സൂചിക 10,000-ല്‍ തൊട്ടു
Monday, September 15, 2014 10:01 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: പുതിയ ഉയരങ്ങള്‍ കീഴടക്കി തുടര്‍ച്ചയായ അഞ്ചാം വാരത്തിലും ഇന്ത്യന്‍ മാര്‍ക്കറ്റ് മുന്നേറി. ഈവാരം ആദ്യ പകുതിയിലും നേട്ടം നിലനിര്‍ത്താം. വാരമധ്യം യുഎസ് ഫെഡ് റിസര്‍വ് വായ്പാ അവലോകനത്തിനു ഒത്തുചേരും. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഓപ്പറേറ്റര്‍മാര്‍ പൊസിഷനുകള്‍ ചുരുക്കാം.

ബോംബെ സെന്‍സെക്സും നിഫ്റ്റിയും കാഴ്ചവയ്ക്കുന്ന ബുള്‍ റാലിക്ക് പിന്‍തുണ നല്‍കി ബിഎസ്ഇ മിഡ്കാപ് ഇന്‍ഡക്സ് കുതിച്ചു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി മിഡ്കാപ് ഇന്‍ഡക്സ് 10,000 പോയിന്റിലേക്കു ഉയര്‍ന്നു. 2008 ജനുവരി രണ്ടിനാണ് മിഡ്കാപ് സൂചിക ആദ്യമായി അഞ്ചക്കത്തിലേക്ക് പ്രവേശിച്ചത്.

സെന്‍സെക്സ് താഴ്ന്ന റേഞ്ചില്‍ നിന്നു റിക്കാര്‍ഡായ 27,355ല്‍ എത്തിയ വേളയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിനു ഉത്സാഹിച്ചു. എങ്കിലും വിപണി ബുള്ളിഷ് ട്രന്‍ഡിലാണ്. യുഎസ് ഫെഡ് റിസര്‍വ് നീക്കങ്ങളെ ഗൌരവമായി തന്നെ വീക്ഷിക്കണം. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ അമേരിക്കന്‍ മാര്‍ക്കറ്റിനൊപ്പം ഇതര വിപണികളിലും ഫണ്ടുകള്‍ ബാധ്യതകള്‍ വിറ്റുമാറാം.

അഞ്ച് ആഴ്ചകൊണ്ട് സെന്‍സെക്സ് 1731 പോയിന്റ് വര്‍ധിച്ചു. സൂചികയിലെ മൊത്തം മുന്നേറ്റം 6.84 ശതമാനം. സെന്‍സെക്സ് 34 പോയിന്റ് പ്രതിവാര നേട്ടത്തില്‍ 27,061 ലാണ്. ഈ വാരം 26,958-ലാണ് ആദ്യ സപ്പോര്‍ട്ട്. ഇതു നഷ്ടമായാല്‍ 26,655-26,407 റേഞ്ചിലേക്ക് ചുവടുവയ്ക്കാം.

വീണ്ടും ഒരു കുതിപ്പിനു തുനിഞ്ഞാല്‍ 27,309-27,557 ല്‍ പ്രതിരോധമുണ്ട്. ഇത്ു തകര്‍ക്കാനായാല്‍ 27,760 ലേക്ക് കടക്കാം. പാരാബോളിക് എസ്എആര്‍ ബുള്ളിഷാണ്. എംഎസിഡി, സ്ളോ സ്റോക്കാസ്റിക്ക് എന്നിവ ഒരു പുള്‍ ബാക്ക് റാലിക്ക് നീക്കം നടത്താം. ആര്‍എസ്ഐ 14 ന്യൂട്രല്‍ റേഞ്ചിലാണ്.

നിഫ്റ്റി 8057-8180 റേഞ്ചിലാണ് സഞ്ചരിച്ചത്. റിക്കാര്‍ഡ് നിലവാരത്തില്‍ നിന്ന് തളര്‍ച്ചയിലേക്ക് നീങ്ങിയെങ്കിലും വ്യാപാരാന്ത്യം സൂചിക 8105 ലാണ്. 8100 നു മുകളില്‍ പിടിച്ചു നിന്നത് നേട്ടമാണെങ്കിലും 8150 ലെ സപ്പോര്‍ട്ട് നഷ്ടപ്പെട്ടത് താല്‍ക്കാലിക തളര്‍ച്ചയ്ക്ക് കാരണമാകാം.


8167 ല്‍ റെസിസ്റന്‍സുണ്ട്. ഇത്ു മറികടന്നാല്‍ 8229-8279 വരെ സഞ്ചരിക്കാം. തിരുത്തലിനു തുനിഞ്ഞാല്‍ 8055-8005 ല്‍ ആദ്യ താങ്ങുണ്ട്.

ഇതു കൈമോശം വന്നാല്‍ സൂചിക 7943 റേഞ്ചിലേക്ക് തിരിയും. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ സെറ്റില്‍മെന്റ് അടുക്കുന്നതിനാല്‍ കരുതലോടെയാവും ഓപ്പറേറ്റര്‍മാര്‍ ചുവടുവയ്പുകള്‍ നടത്തുക.

8134 ല്‍ നീങ്ങുന്ന നിഫ്റ്റി സെപ്റ്റംബര്‍ ഫ്യൂചര്‍ ഓവര്‍ ബോട്ടാണ്. സാങ്കേതികമായി വിലയിരുത്തിയാല്‍ ഡെയ്ലി ചാര്‍ട്ടില്‍ പാരാബോളിക് സെല്‍ സിഗ്നലിലാണ്. സെപ്റ്റംബര്‍ ഫ്യുചറില്‍ ഷോട്ട് കവറിംഗുണ്ടായാല്‍ 8202-8270 ലേക്ക് നീങ്ങാം. പ്രോഫിറ്റ് ബുക്കിംഗ് അനുഭവപ്പെട്ടാല്‍ 8068-8002 ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാല്‍ 7934 ലേക്ക് തിരിയാം.

റബര്‍ മാര്‍ക്കറ്റിലെ തിരിച്ചടി ടയര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായി. റബര്‍ വില കുറഞ്ഞത് കമ്പനികളുടെ ഓഹരികള്‍ക്ക് പ്രിയം വര്‍ധിപ്പിച്ചു. എംആര്‍എഫ്, ഡണ്‍ലപ്, അപ്പോളോ, ഗുഡ് ഇയര്‍, സിയറ്റ് തുടങ്ങിയവ മികവിലാണ്.

ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കീ സൂചിക എട്ടുമാസത്തെ ഉയര്‍ന്ന തലത്തില്‍. യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ ചാഞ്ചാടി. അതേ സമയം യുഎസ് മാര്‍ക്കറ്റുകള്‍ അഞ്ചാഴ്ചത്തെ കുതിപ്പിനു ശേഷം തളര്‍ച്ചയിലാണ്. ബുധനാഴ്ച ഫെഡ് റിസര്‍വ് യോഗ തീരുമാനം പുറത്തുവരും.

സാമ്പത്തിക രംഗം മെപ്പെടുന്നതിനൊപ്പം യുഎസ് ഡോളര്‍ സുചികയും നേട്ടത്തിലാണ്. 17 വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനത്തിലാണ് ഡോളര്‍ ഇന്‍ഡക്സ്. ഡൌ ജോണ്‍സ് 16,987 ലും എസ് ആന്‍ഡ് പി 1985 ലും നാസ്ഡാക് 4567 ലും ക്ളോസിംഗ് നടന്നു.

ഡോളര്‍ സൂചികയുടെ തിരിച്ചു വരവ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് അകറ്റി. ഇതിനിടയില്‍ ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞു. എണ്ണ വില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കും. ഇതു ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയ്ക്ക് നേട്ടമാവും. അതേ സമയം വിദേശ ഫണ്ടുകള്‍ ഓഹരികള്‍ വിറ്റുമാറാന്‍ മത്സരിച്ചാല്‍ രൂപയുടെ മുല്യം കുറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.