ജിഡിപി നേട്ടത്തിന്റെ പേരില്‍ അവകാശവാദങ്ങള്‍
ജിഡിപി നേട്ടത്തിന്റെ പേരില്‍ അവകാശവാദങ്ങള്‍
Sunday, August 31, 2014 10:36 PM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ധിച്ചതിന്റെ അവകാശത്തെച്ചൊല്ലി എന്‍ഡിഎയും യുപി എയും തമ്മില്‍ തര്‍ക്കം.

സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും നിക്ഷേപക വിശ്വാസം മെച്ചപ്പെട്ടുവെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവകാശപ്പെടുമ്പോള്‍ ഇപ്പോഴത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് യുപി എ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് മുന്‍ ധനമന്ത്രി പി. ചിദംബരവും രംഗത്ത്. മൊത്ത ആഭ്യന്തര ഉത്പാദനം 5.7 ശതമാനമാണു രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശനിക്ഷേപചട്ടങ്ങള്‍ ലഘൂകരിച്ചതും ഫാക്ടറി ഉത്പാദന രംഗത്തുണ്ടായ ഉണര്‍വുമാണ് ഇതിനു കാരണമായതെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലെ കണക്കാണിത്. ഇനിവരുന്ന പാദങ്ങളിലെ ഫലങ്ങള്‍ ഇതിലും ആവേശകരമായിരിക്കും. രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.

അധികാരമേറ്റ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം സൃഷ്ടിക്കുന്ന തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞുവെന്നു ജയ്റ്റ്ലി അവകാശപ്പെട്ടു.

പ്രതിരോധം, റെയില്‍വേ രംഗങ്ങളില്‍ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലഘൂകരിച്ചു. നികുതി സംബന്ധമായ തര്‍ക്കങ്ങളും മറ്റും പരിഹരിക്കുന്നതിനു പ്രത്യേക സംവിധാനമുണ്ടാക്കി.


ഓഹരി വിറ്റഴിക്കല്‍, ചരക്കു സേവന നികുതി, ഇന്‍ഷ്വറന്‍സ് മേഖലകള്‍ക്കായി അടുത്ത ശീതകാല സമ്മേളനത്തില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.

അതേസമയം കഴിഞ്ഞ സാമ്പത്തികവര്‍ഷം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നു ചിദംബരം പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം ആദ്യംതന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.

ജിഡിപിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും താനും സന്തുഷ്ടരാണ്. കഴിഞ്ഞസാമ്പത്തികവര്‍ഷം മധ്യത്തോടെ സാമ്പത്തിക മാന്ദ്യത്തിനു തടയിടാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ മേയ് 26 വരെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിട്ട അടിത്തറയില്‍ എന്‍ഡിഎ സര്‍ക്കാര്‍ സമ്പദ്രംഗം പണിതുയര്‍ത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ട്.

ഫാക്ടറി ഉത്പാദനം, വൈദ്യുതി, ഖനനം തുടങ്ങിയ രംഗങ്ങളുടെ ഉണര്‍വിന് യുപിഎ സര്‍ക്കാര്‍ അനവധി നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ചിദംബരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.