വിമാനങ്ങളില്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കാന്‍ അനുമതി
വിമാനങ്ങളില്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കാന്‍ അനുമതി
Thursday, April 24, 2014 9:52 PM IST
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ കയറിക്കഴിഞ്ഞാല്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന അനൌണ്‍സ്മെന്റ് ഇനിയുണ്ടാവില്ല. പകരം, ഫോണ്‍ ഫ്ളൈറ്റ് മോഡിലാക്കണമെന്നായിരിക്കും. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.

ഇതുവരെ വിമാനങ്ങളില്‍ ഇലക്ട്രോണിക് പോര്‍ട്ടബിള്‍ ഉപകരണങ്ങളുടെ ഉപയോഗം അനുവദിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഇനിമുതല്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളൊക്കെ ഉപയോഗിക്കാം. എല്ലാം ഫ്ളൈറ്റ് മോഡിലാക്കണമെന്നു മാത്രം.

വീഡിയോ ഗെയിം ആകാം, പാട്ട് കേള്‍ക്കാം, പ്രീലോഡഡ് സിനിമകള്‍ കാണാം, മെയില്‍ അയയ്ക്കാം. ഇതില്‍ ഇമെയിലിനു മാത്രം ഒരു ഭേദഗതിയുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമേ അയയ്ക്കാവൂ.വിമാനങ്ങളില്‍ യാത്രക്കാരുടെ വിരസത അകറ്റുന്നതിനും അവരുടെ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അനുവദിക്കണമെന്നു ഏവിയേഷന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാര്‍ക്ക് ഇത്തരം സൌകര്യങ്ങള്‍ അനുവദിക്കുന്നതിന് വിമാന ജോലിക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.


വിമാനത്തില്‍ ഏതെങ്കിലും പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സംശയകരമായി കാണപ്പെടുകയോ അതില്‍ നിന്നു പുകയോ തീയോ കാണുകയോ ചെയ്താല്‍ അക്കാര്യം ഉടന്‍തന്നെ ഡിജിസി എയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം അനുവദിക്കണമെന്നു വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടുവരുകയായിരുന്നു.

അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ ഏജന്‍സികള്‍ വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അനുവദിച്ചിട്ടുള്ള കാര്യം കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനങ്ങളില്‍ മൊബൈല്‍ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.