കുരുമുളകും വെളിച്ചെണ്ണയും റിക്കാര്‍ഡ് തിരുത്തി; സ്വര്‍ണവില ചാഞ്ചാടി
Monday, April 21, 2014 11:33 PM IST
വിപണി വിശേഷം /കെ.ബി ഉദയഭാനു

കൊച്ചി: കൊപ്രയ്ക്കായി ഓയില്‍ മില്ലുകാര്‍ പരക്കം പായുന്നു, നാളികേരോത്പന്നങ്ങള്‍ക്ക് പുതിയ റിക്കാര്‍ഡ്. കുരുമുളക് പുതിയ ഉയരത്തില്‍. ആഭ്യന്തര, വിദേശ ഡിമാന്‍ഡ് ചുക്ക് വില വീണ്ടും ഉയര്‍ത്തി. റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. സ്വര്‍ണ വില ചാഞ്ചാടി.

കുരുമുളക്

കുരുമുളക് വില വീണ്ടും റിക്കാര്‍ഡ് പുതുക്കി. ഗാര്‍ബിള്‍ഡ് കുരുമുളക് 61,500 രൂപയില്‍ നിന്ന് 62,500 രൂപയായി. ആഗോള വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിനു 11,000 ഡോളറായി. ന്യൂയോര്‍ക്കില്‍ നിന്നും യൂറോപ്പില്‍ നിന്നും കുരുമുളകിനു അന്വേഷണങ്ങളില്ല. ഈസ്റര്‍ ആഘോഷങ്ങളില്‍ മുഴുകി നില്‍ക്കുന്ന ബയ്യര്‍മാര്‍ വാരമധ്യത്തോടെ മാത്രമേ രാജ്യാന്തര വിപണിയില്‍ തിരിച്ചെത്തു. വിയറ്റ്നാമും ഇന്തോനേഷ്യയും ബ്രസീലും വില്പനക്കാരായുണ്ട്.

ആഭ്യന്തര ഡിമാന്‍ഡ് ശക്തമാണ്. കാര്‍ഷിക മേഖലകളിലെ ചെറുകിട വിപണികളിലേക്കുള്ള കുരുമുളക് നീക്കം കുറവാണ്. കര്‍ണാടകത്തിലെ കൂര്‍ഗില്‍ വിളവെടുപ്പ് പുരോഗമിക്കുന്നു. കര്‍ണാടകത്തിലും വില്പന സമ്മര്‍ദമില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,500 രൂപയില്‍ നിന്ന് 60,500 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില 27,800 രൂപ ഉയരത്തിലാണ്.

നാളികേരം

നാളികേരോത്പന്ന വിപണി പുതിയ ഉയരത്തില്‍. മില്ലുകളുടെ നിത്യേനയുള്ള പ്രവര്‍ത്തനത്തിനുവേണ്ട കൊപ്ര കണ്െടത്താനാവാത്ത അവസ്ഥ. അവരിപ്പോള്‍ കിട്ടുന്ന വിലയ്ക്ക് ചരക്ക് സംഭരിക്കുന്ന നയത്തിലാണ്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വെളിച്ചെണ്ണ 14,400 ല്‍ നിന്ന് 15,000 രൂപയായി ഉയര്‍ന്ന് റിക്കാര്‍ഡ് സഥാപിച്ചു.

സംസ്ഥാനത്ത് വിളവെടുപ്പ് ഊര്‍ജിതമെങ്കിലും കൊപ്ര കാര്യമായി എത്തിയില്ല. ഉത്പാദനം ചില ഭാഗങ്ങളില്‍ ഗണ്യമായി കുറഞ്ഞു. കൊപ്ര വില 10,300 രൂപയില്‍ നിന്ന് 10,700 ലേക്ക് കയറി. പ്രാദേശിക വിപണികളില്‍ വെളിച്ചെണ്ണ കിലോഗ്രാമിനു 160 രുപയായി.


തൃശൂരില്‍ എണ്ണ 14,750 ലും കോഴിക്കോട് 15,500 ലുമാണ്. അതേ സമയം തമിഴ്നാട്ടിലെ മുഖ്യ വിപണിയായ കാങ്കയത്ത് എണ്ണ 14,275 ല്‍ നിന്ന് 14,875 രൂപയായി.

ചുക്ക്

ചുക്ക് മുന്നേറ്റം തുടരുന്നു. ഉത്പന്നത്തിനു വിപണിയില്‍ കടുത്ത ക്ഷാമം നേരിടുന്നു. വിവിധയിനം ചുക്ക് വില 4,500 രൂപ ഉയര്‍ന്നു. മാര്‍ക്കറ്റില്‍ കാര്യമായി ചരക്കില്ലാത്തതിനാല്‍ നിരക്ക് ഉയര്‍ത്തിയാണ് വ്യാപാരികള്‍ ചുക്ക് എടുത്തത്.

കൊച്ചിയില്‍ മീഡിയം ചുക്ക് 28,500 ല്‍ നിന്ന് 22,000 രൂപയായി. ബെസ്റ്റ് ചുക്ക് 29,500 ല്‍ നിന്ന് 34,000 രൂപയായി.

സ്വര്‍ണം

സ്വര്‍ണ വില വര്‍ധിച്ചു. ആഭരണ വിപണികളില്‍ പവന്‍ 21,240 ല്‍ നിന്ന് 22,400 ലേക്ക് ഉയര്‍ന്നു. ആഗോള വിപണിയില്‍ സ്വര്‍ണത്തിനു 1,300 ഡോളറിലെ താങ്ങ് നഷ്ടമായി. വാരാന്ത്യം ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിനു 1,295.90 ഡോളറിലാണ്.

റബര്‍

റബര്‍ ഉത്പാദകര്‍ സാമ്പത്തികമായി പരിങ്ങലിലേക്ക് നീങ്ങുകയാണ്. സംഭരണ ഏജന്‍സികള്‍ രംഗത്തുണ്െടങ്കിലും വിലത്തകര്‍ച്ച അത്യന്തം രൂക്ഷമായ അവസ്ഥയിലാണ്. ആര്‍എസ്എസ് നാലാം ഗ്രേഡ് 14,500 രൂപയില്‍ നിന്ന് വാരാന്ത്യം വില 14,300 ലേക്ക് ഇടിഞ്ഞു. ആര്‍എസ്എസ് അഞ്ചാം ഗ്രേഡ് 13,800 രൂപയിലും ഒട്ടുപാല്‍ കിലോ 100 ലും ലാറ്റക്സ് 110 ലുമാണ്. കൊച്ചിയില്‍ 800 ടണ്‍ റബറിന്റ കൈമാറ്റം നടന്നു.

ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ സെപ്റ്റബര്‍ അവധിയുടെ നിയന്ത്രണം സെല്ലര്‍മാര്‍ കൈയിലൊതുക്കി. ടോക്കോമില്‍ റബര്‍ സെപ്റ്റംബര്‍ അവധിക്ക് 200 യെന്നിലെ നിര്‍ണായക സപ്പോര്‍ട്ട് നിലനിര്‍ത്താനായില്ലെങ്കില്‍ മുന്‍വാരം സൂചിപ്പിച്ചപോലെ തന്നെ 180 യെന്നില്‍ താങ്ങ് വിപണി പരീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.