ആന്ധ്രയില്‍ എട്ടു ബിസിനസുകാര്‍ മത്സരരംഗത്ത്
Tuesday, April 15, 2014 10:26 PM IST
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ എട്ടു പ്രമുഖ ബിസിനസുകാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റുന്നു. ഇതില്‍ നാലു പേര്‍ ജഗന്‍മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസില്‍പ്പെട്ടവരാണ്. ആന്ധ്രയില്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണു നടത്തുന്നത്.

രാംകി ഗ്രൂപ്പ് മേധാവി അയോധ്യ റാമി റെഡ്ഡി, ട്രൈമാക്സ് ഗ്രൂപ്പ് മേധാവി കൊനേരു പ്രസാദ്, കെഎംസി കണ്‍സ്ട്രക്ഷന്‍സ് മേധാവി എം. രാജാമോഹന്‍, നന്ദി പൈപ്പ്സ് മേധാവി എസ്പിവൈ റെഡ്ഡി തുടങ്ങിയവരാണു വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ഏപ്രില്‍ 30ന് തെലുങ്കാനയിലും മേയ് ഏഴിന് സീമാന്ധ്രയിലും തെരഞ്ഞെടുപ്പു നടക്കും.

വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം അനധികൃത സ്വത്തുകേസില്‍ പ്രതിയാണ് അയോധ്യറാമി. എമ്മാര്‍ ലാന്‍ഡ് കേസില്‍ പ്രതിയാണ് കൊനേരു പ്രസാദ്. ഗുണ്ടൂരിലെ നരസറാവുപേട്ട് ലോക്സഭാ മണ്ഡലത്തിലാണു അയോധ്യ റാമി.

കോണ്‍ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്ന, ട്രാന്‍സ്ട്രായ് ഇന്ത്യ പ്രമോട്ടര്‍ റായപതി സാംബശിവറാവുവാണ് അവരെ നേരിടുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന അയോധ്യ റാമി റെഡ്ഡി എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. 5000 കോടി ആസ്തി മൂല്യം വരുന്നതാണ് ഇദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.

കൊനേരു പ്രസാദ്, രാജാമോഹന്‍ റെഡ്ഡി, എസ്പിവൈ റെഡ്ഡി തുടങ്ങിയവര്‍ വിജയവാഡ, നെല്ലൂര്‍, നന്ദ്യാല്‍ തുടങ്ങിയവ സീമാന്ധ്ര ലോക്സഭാ മണ്ഡലങ്ങളില്‍ യഥാക്രമം മത്സരിക്കുന്നു. മധുകോണ്‍ കമ്പനി മേധാവി നമ നാഗേശ്വരറാവു, അമരരാജാ ബാറ്ററീസ് ചെയര്‍മാനും എംഡിയുമായ ഗല്ല ജയദേവ എന്നിവര്‍ ടിഡിപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നു. ഇതില്‍ ജയദേവ സീമാന്ധ്രയിലെ ഗൂണ്ടൂരിലും നമ തെലുങ്കാനയിലെ ഖമ്മം സീറ്റിലും മത്സരിക്കുന്നു.


വ്യവസായ ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊന്നാണു ജയ് ഗല്ലയുടേത്. കഴിഞ്ഞ മാസമാണ് അദ്ദേഹം ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ച് ടിഡിപിയില്‍ ചേരുന്ന കാര്യം അറിയിച്ചത്. വിശാഖ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ജി. വിവേകാനന്ദ് തെലുങ്കാനയിലെ പെഡപ്പള്ളി ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു.

മറ്റൊരു പ്രമുഖ വ്യവസായി, രാജ്യസഭാ എംപിയുമായ കെ. വി. പി. രാമചന്ദ്രറാവുവിന്റെ ബന്ധുവായ കനുമുറു രഘുരാമ കൃഷ്ണം രാജു സീമാന്ധ്രയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉറ്റ സുഹൃത്തുകൂടിയാണ് അദ്ദേഹം. ലാന്‍കോ മേധാവി, പാര്‍ലമെന്റില്‍ കുരുമുളകു സ്പ്രേ ചെയ്തതിലൂടെ കുപ്രസിദ്ധി നേടിയ എല്‍. രാജഗോപാല്‍, സുജാന ഗ്രൂപ്പ് മേധാവി വൈ. എസ്. ചൌധരി, ഗായത്രി ഗ്രൂപ്പ് ചെയര്‍മാന്‍ ടി. സുബ്ബരാമി റെഡ്ഡി, പ്രോഗ്രസീവ് കണ്‍സ്ട്രക്ഷന്‍സ് മേധാവി കവുരി സാംബശിവ റാവു എന്നിവരും മത്സര രംഗത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.