കസ്റംസ് നികുതി വെട്ടിപ്പ്: ലളിത് മോഡിക്ക് നോട്ടീസ്
കസ്റംസ് നികുതി വെട്ടിപ്പ്: ലളിത് മോഡിക്ക് നോട്ടീസ്
Wednesday, April 24, 2013 10:10 PM IST
മുംബൈ: വിദേശത്തു നിന്നു വിമാനം കൊണ്ടുവന്ന വകയില്‍ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി 18.32 കോടി രൂപയുടെ കസ്റംസ് നികുതി വെട്ടിച്ചുവെന്ന് ആരോപിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അദ്ദേഹത്തിനു നോട്ടീസ് അയച്ചു.

കസ്റംസ് നികുതി വെട്ടിക്കാന്‍ ഇല്ലാത്ത കമ്പനിയുടെ പേരിലാണ് മോഡി വിമാനം ഇറക്കുമതി ചെയ്തത്. ഈ വിമാനം നോണ്‍ ഷെഡ്യൂള്‍ഡ് പാസഞ്ചര്‍ വിഭാഗത്തിലാണെന്നു പറയുകയും പിന്നീട് മോഡിയുടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയുമായിരുന്നു. 2008 മേ യില്‍ അയര്‍ലന്‍ഡിലെ പീല്‍ ഏവിയേഷനില്‍ നിന്ന് ഇന്ത്യയിലെ ഗോള്‍ഡന്‍ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 300 (വി ടി- ആര്‍എകെ) വിമാനം 10.85 കോടി രൂപയുടെ ഏഴുവര്‍ഷത്തെ പാട്ടത്തിനു കൊണ്ടുവന്നത്. നൂറുകോടി രൂപ വിലമതിക്കുന്നതാണ് ഈ വിമാനം.

ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആവശ്യത്തിന് തനിക്കൊരു വിമാനം വേണമെന്ന് ഒരു ഡയറക്ടര്‍ ബോര്‍ഡംഗത്തെ മോഡി അറിയിച്ചിരുന്നു. ബൊംബാര്‍ഡിയര്‍ കമ്പനിയുമായി അദ്ദേഹം നേരിട്ടു ബന്ധപ്പെടുകയും ചെയ്തു. ഈ വിമാനം ഇപ്പോള്‍ ബ്രിട്ടനിലെ ബെഗിന്‍ ഹില്‍സ് വിമാനത്താവളത്തില്‍ കിടപ്പുണ്ട്. 2010 ജനുവരി 20നാണ് അവസാനമായി ബ്രിട്ടനിലേക്കു പറന്നത്. അഴിമതിയുടെ പേരില്‍ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മോഡി തന്റെ ജീവനു ഭീഷണിയുണ്െടന്നു പറഞ്ഞ് ലണ്ടനിലേക്കു താമസം മാറ്റുകയായിരുന്നു.


മോഡിയും അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാരിയായ ദീപ പലേക്കറും തമ്മില്‍ നടത്തിയ ഇ മെ യില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയ ഡിആര്‍ഐ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ നിന്നു മൊഴിയെടുത്തിരുന്നു.

വിമാനം നോണ്‍ ഷെഡ്യൂള്‍ഡ് സര്‍വീസിനായി ഉപയോഗിക്കുമെന്നു കസ്റംസ് നികുതി ഇളവിനായുള്ള സത്യവാങ്ങ് മൂലത്തില്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരം യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും സര്‍വീസ് സംബന്ധമായ ടെക് ലോഗ് ബുക്ക് സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവ പരിശോധിച്ചതോടെയാണു ഡിആര്‍ഐ അധികൃതര്‍ നികുതി വെട്ടിപ്പു കണ്െടത്തുന്നത്.

മോഡിയുടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച വിമാനത്തിലെ യാത്രക്കാര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ ഒരു യാത്രക്കാരന്‍ പോലും കയറിയിട്ടില്ലെന്നും ബോധ്യമായി. ഇതേത്തുടര്‍ന്നാണ് മോഡിക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. മോഡിയെക്കൂടാതെ വിമാനക്കമ്പനി ഡയറക്ടര്‍മാരായ പ്രദീപ് തമ്പി, തന്‍വീര്‍ അക്തര്‍ റൊമാനി എന്നിവര്‍ക്കുമാണു നോട്ടീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.