വളര്‍ച്ചനിരക്ക് 6.4 ശതമാനമാകുമെന്നു സാമ്പത്തിക ഉപദേശക സമിതി
വളര്‍ച്ചനിരക്ക് 6.4 ശതമാനമാകുമെന്നു സാമ്പത്തിക ഉപദേശക സമിതി
Wednesday, April 24, 2013 10:06 PM IST
ന്യൂഡല്‍ഹി: കാര്‍ഷിക, ഫാക്ടറി ഉത്പാദന മേഖലകളുടെ പിന്‍ബലത്തില്‍ ഈ സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് 6.4 ശതമാനത്തിലെത്തുമെന്നു പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പദ്വ്യവസ്ഥ ഉയര്‍ന്ന നിരക്കിലേക്കുള്ള യാത്ര ഉടന്‍ ആരംഭിക്കും. അത് ഒടുവില്‍ 6.4 ശതമാനത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തി സമിതി ചെയര്‍മാന്‍ ഡോ. സി. രംഗരാജന്‍ പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും തിരിച്ചടി ഉണ്ടായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ചുശതമാനത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്നും സമ്പദ്വ്യവസ്ഥ മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. കാര്‍ഷികം, വ്യവസായം, സേവന മേഖലകള്‍ ഇക്കുറി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതുന്നു. പിന്നിട്ട സാമ്പത്തികവര്‍ഷം 1.8% മാത്രം വളര്‍ച്ച പ്രകടിപ്പിച്ച കാര്‍ഷികമേഖല മൂന്നര ശതമാനത്തിലെത്തിയേക്കും. വ്യവസായ, സേവന മേഖലകളുടെ കാര്യത്തില്‍ യഥാക്രമം 4.9%, 7.7% വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്.

വിവിധ നിക്ഷേപ പദ്ധതികളുടെ വേഗത്തിലുള്ള അനുമതിക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പ്രതിഫലനം ഈ സാമ്പത്തികവര്‍ഷം ഉണ്ടാകുമെന്നു കരുതുന്നു. കറന്റ് അക്കൌണ്ട് കമ്മി 5.1 ശതമാനത്തില്‍ നിന്നും 4.7 ശതമാനത്തിലേക്കു താഴ്ന്നേക്കും. കഴിഞ്ഞ ഡിസംബര്‍ വരെ കറന്റ് അക്കൌണ്ട് കമ്മി ഏറ്റവും കൂടിയ തലമായ 6.7 ശതമാനത്തിലെത്തിയിരുന്നു. കറന്റ് അക്കൌണ്ട് കമ്മിയുടെ നിയന്ത്രണമാണു കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദന. നാണ്യപ്പെരുപ്പ നിരക്ക് താഴുന്നതോടെ സ്വര്‍ണത്തിനായുള്ള ജനങ്ങളുടെ ആവേശം കെട്ടടങ്ങുമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില ആശ്വാസതലത്തിലെത്തുമെന്നും ഡോ. രംഗരാജന്‍ പറഞ്ഞു. നാണ്യപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നതലത്തിലാണെന്നും എന്നാല്‍ അതു താഴുന്നതിന്റെ ശക്തമായ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികവര്‍ഷം നാണ്യപ്പെരുപ്പം ആറുശതമാനമാകുമെന്നു കണക്കുകൂട്ടുന്നു. ഭക്ഷ്യ ഇതര ഉത്പന്നമേഖലയിലെ വിലത്തോത് ആശ്വാസനിരക്കിലാണ് തുടരുന്നത്. വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും കാര്യമായ ഒഴുക്കാണു പ്രതീക്ഷിക്കുന്നത്.


സാമ്പത്തിക ഉപദേശക സമിതി റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍

സാമ്പത്തികവര്‍ഷം പ്രതീക്ഷിത വളര്‍ച്ചനിരക്ക്-6.4%, 4വളര്‍ച്ചനിരക്ക് താഴുന്ന പ്രവണതയ്ക്കു വിരാമമായി, ആഗോള വളര്‍ച്ചയില്‍ മിതത്വം, ആഭ്യന്തര ഉത്പാദന നിരക്ക് ഉയര്‍ന്നതലത്തിലേക്ക്, നിക്ഷേപ, സമ്പാദ്യ നിരക്കുകള്‍ താഴ്ന്നു, ഇനിയും താഴും , നിക്ഷേപ നിരക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിഡിപിയുടെ 35.8 ശതമാനമായി നിശ്ചയിക്കപ്പെട്ടു, ആഭ്യന്തര സമ്പാദ്യ നിരക്ക് 30.8 ശതമാനമായിരുന്നു, കറന്റ് അക്കൌണ്ട് കമ്മി 4.7 ശതമാനത്തിലേക്കു താഴും, വ്യാപാരകമ്മി ജിഡിപിയുടെ 9.9 ശതമാനമാകും, പ്രവാസികളില്‍ നിന്നുള്ള വരുമാനം ജിഡിപിയുടെ 5.3 ശതമാനമായി താഴും, വിദേശനിക്ഷേപം പ്രതീക്ഷിക്കുന്നത് , 3600 കോടി ഡോളര്‍, പൊതുനാണ്യപ്പെരുപ്പ നിരക്ക് ആറുശതമാനത്തിലെത്തുമെന്നു പ്രതീക്ഷ, 4 നാണ്യപ്പെരുപ്പ നിരക്ക് താഴുന്നത് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ ഇനിയും പ്രേരിപ്പിക്കും, കേന്ദ്രസബ്സിഡി കഴിഞ്ഞവര്‍ഷത്തെ തോതായ 2,57,654 കോടി രൂപയില്‍ നിന്ന് 2,31,084 കോടിയിലേക്കു താഴും, ഈ സാമ്പത്തികവര്‍ഷം വരുമാന ലക്ഷ്യം യാഥാര്‍ഥ്യബോധത്തോടെയുള്ളത്, പുതിയ നിക്ഷേപത്തിന്റെ വരവിനായി കൂടുതല്‍ നടപടികള്‍ ആവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.