ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന് പ്രഥമ പരിഗണന: ചിദംബരം
ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന് പ്രഥമ പരിഗണന: ചിദംബരം
Sunday, April 21, 2013 10:54 PM IST
വാഷിംഗ്ടണ്‍: ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഉയര്‍ത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. അടുത്ത പാര്‍ലമെന്റ് സെക്ഷനില്‍ ഇതു സംബന്ധിച്ച ബില്‍ പരിഗണനയ്ക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഷ്വറന്‍സ് മേഖലയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മന്ത്രി ഈ വിഷയത്തില്‍ ഒരു അവബോധം പ്രതിപക്ഷത്തിനു നല്‍കാന്‍ ഇന്‍ഷ്വറന്‍സ് മേഖലയ്ക്കു കഴിഞ്ഞുവെന്നും ഇത് ബില്‍ പാസാകുന്നതിന് സഹായകമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്ന ഈ വിഷയം 22 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പരിഗണനയിലെത്തിക്കും.

ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനം ആയിരിക്കണമോ അതോ 49 ലേക്ക് ഉയര്‍ത്തണമോ എന്ന കാര്യമാണ് ചര്‍ച്ചചെയ്യുക. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ബില്‍ പാസാകുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


ബ്രിക്സ് ബാങ്ക് എന്നുള്ളത് ഒരു മഹത്തായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് ബാങ്ക് സാധ്യമായ ഒന്നാണോയെന്നും അതിന്റെ പ്രായോഗികതയെ സംബന്ധിച്ചും അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. സാധ്യമാണെന്ന മന്ത്രിമാരുടെ റിപ്പോര്‍ട്ട് ബ്രിക്സ് അംഗീകരിച്ചു.

ബ്രിക്സ് ഡവലപ്മെന്റ് ബാങ്ക് ആരംഭിക്കുന്നത് സംബന്ധിച്ച പ്രാരംഭ നടപടികള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതു സംബന്ധിച്ച കാര്യങ്ങള്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങളുടെ നേതാക്കന്മാര്‍ സംയുക്തമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.