ലാ ലാ ലാൻഡിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം
ലാ ലാ ലാൻഡിനു ഗോൾഡൻ ഗ്ലോബ് പുരസ്കാരം
Monday, January 9, 2017 2:21 PM IST
ലോസ്ആഞ്ചലസ്: എഴുപത്തിനാലാമതു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനും നടിക്കും ഉൾപ്പെടെ ഏഴു പുരസ്കാരങ്ങൾ ലാ ലാ ലാൻഡ് എന്ന പ്രണയ സംഗീത ചിത്രം സ്വന്തമാക്കി.

ലാ ലാ ലാൻഡിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച റയാൻ ഗ്ലോസിംഗാണു മികച്ച നടൻ. മികച്ച നടിയായി എമ്മ സ്റ്റോൺ തെരഞ്ഞെടുക്കപ്പെട്ടു. കോമഡി– സംഗീത വിഭാഗങ്ങളിലാണ് ഇവരുടെ നേട്ടം. മികച്ച സംവിധായൻ, നടി, തിരക്കഥാകൃത്ത്, പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലാ ലാ ലാൻഡ് വാരിക്കൂട്ടി. ഏറ്റവും കൂടുതൽ കാറ്റഗറികളിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമെന്ന ബഹുമതി ഇതോടെ ലാ ലാ ലാൻഡ് സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള (ഡ്രാമ) പുരസ്കാരം ബാരി ജെൻകിൻസിന്റെ മൂൺലൈറ്റിനാണ്. ഡാമിയൻ ചാസെലേ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി.

പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിൻ ഹർവിറ്റ്സിനാണ്. മികച്ച ഗാനം സിറ്റി ഓഫ് സ്റ്റാർസ്. മികച്ച ഹാസ്യതാരം ക്രിസ്റ്റൻ വിംഗ്. വയോല ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ ആരോൺ ടെയ്ലർ മികച്ച സഹനടനായി. ഡ്രാമയിലെ മികച്ച നടന്റെ പുരസ്കാരം കാസേ അഫ്ലെകും മികച്ച നടിയുടെ പുരസ്കാരം ഇസബെല്ലേ ഹുപ്പെർട്ടും സ്വന്തമാക്കി. (ചിത്രം എല്ലേ) മികച്ച വിദേശഭാഷാ ചിത്രമായി ഫ്രഞ്ച് സിനിമ എല്ലേ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ചിത്രം സുട്ടോപ്യയാണ്.

ടെലിവിഷൻ വിഭാഗത്തിൽ മികച്ച പരമ്പരയായി ദി ക്രൗണും കോമഡി സംഗീത വിഭാഗത്തിൽ അറ്റ്ലാൻഡയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ നടനായി ടോം ഹിഡിൽട്സണും (ദി നൈറ്റ് മാനേജർ) മികച്ച നടിയായി സാറാ പോൾസണും തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷൻ ഡ്രാമയിലെ മികച്ച നടൻ ബില്ലി ബോബും നടിയായി ക്ലെയർ ഫോയും തെരഞ്ഞെടുക്കപ്പെട്ടു.


പ്രിയങ്ക ചോപ്രയും ദേവ് പട്ടേലും അവതാരകരായി വേദിയിലെത്തി. മലയാളത്തിൻനിന്നുള്ള ചിത്രമായിരുന്ന ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം പിന്തള്ളപ്പെട്ടു.


ട്രംപിനെതിരേ മെറിൽ സ്ട്രീപ്

മൂന്നു തവണ ഓസ്കർ നേടിയ ഹോളിവുഡ് നടി മെറിൽ സ്ട്രീപ് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഭിന്നശേഷിയുള്ള ഒരു റിപ്പോർട്ടറെ ഒരു പ്രസംഗവേദിയിൽ അനുകരിച്ചുകൊണ്ടു ട്രംപ് നടത്തിയ അംഗവിക്ഷേപം തന്റെ ഹൃദയം തകർത്തെന്നു സ്ട്രീപ് പറഞ്ഞു.

ഉന്നത പദവിയിൽ ഇരിക്കുന്നവർ ഒരിക്കലും ചെയ്തുകൂടാത്തതാണിത്. അധികാരസ്‌ഥാനത്തിരിക്കുന്നവർ മറ്റുള്ളവരെ അപമാനിക്കുന്നത് ഇപ്രകാരം ചെയ്യാൻ പലർക്കും പ്രേരണയായിത്തീരും. അവഹേളനം കൂടുതൽ അവഹേളനത്തിനും അക്രമം കൂടുതൽ അക്രമത്തിനും വഴിതെളിക്കുമെന്നും മെറിൽ സ്ട്രീപ് പറഞ്ഞു.

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം നേടിയ ഹോളിവുഡ് നടിയാണ് മെറിലെന്നായിരുന്നു ട്രംപിന്റെ പ്രതികര
ണം. എന്നെ അവർക്ക് അറിയില്ലെങ്കിലും ഗോൾഡൻ ഗ്ലോബിൽ എനിക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടു. അവർ ഹില്ലരിയുടെ ആളാണ്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സെർജി കോവലസ്കിയെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.