നികുതി വെട്ടിപ്പ്: മുൻ ഫ്രഞ്ച് മന്ത്രിക്കു തടവ്
നികുതി വെട്ടിപ്പ്: മുൻ ഫ്രഞ്ച് മന്ത്രിക്കു തടവ്
Thursday, December 8, 2016 2:39 PM IST
പാരീസ്: രാജ്യത്തു നികുതി അടയ്ക്കാത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് നിയമിച്ച മുൻ ബജറ്റ് മന്ത്രി ജെറോം കഹുസ്വാകിനു നികുതി വെട്ടിച്ച കേസിൽ മൂന്നുവർഷം തടവ്.

പാരീസിലെ പ്രത്യേക കോടതിയാണ് മുൻമന്ത്രിക്കു ശിക്ഷ വിധിച്ചത്. അഞ്ചുവർഷത്തേക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനു വിലക്കുമുണ്ട്. അപ്പീൽ കൊടുക്കാൻ സാവകാശം അനുവദിച്ചു.

കോസ്മെറ്റിക് സർജനായിരുന്ന ജെറോമിനെ 2012ലാണ് ഫ്രാൻസ്വാ ഒളാന്ദ് ബജറ്റ് മന്ത്രിയായി നിയമിക്കുന്നത്. അടുത്തവർഷം തന്നെ സ്വിസ് ബാങ്കിലെ അക്കൗണ്ട് വിവരം മറച്ചുവച്ചതിന്റെ പേരിൽ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടി വന്നിരുന്നു. അക്കൗണ്ട് വിവരം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരം മറച്ചുവച്ചതിനു ബാങ്കിനും പിഴ വിധിച്ചിട്ടുണ്ട്. ജെറോമിന്റെ മുൻ ഭാര്യയും നികുതിവെട്ടിപ്പിന് രണ്ടുവർഷം തടവ് അനുഭവിച്ചിട്ടുണ്ട്.


രാജ്യത്തെ സമ്പന്നരിൽനിന്നും നികുതി പിരിക്കാനുള്ള കർശനനടപടികളുമായാണ് ഫ്രാൻസ്വാ ഒളാന്ദ് മുന്നോട്ടു പോകുന്നത്. തന്റെ മന്ത്രിസഭയിലുള്ളവർ സ്വത്ത് വെളിപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.