ഇന്തോനേഷ്യയിൽ ഭൂകമ്പം; 100 പേർ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിൽ ഭൂകമ്പം; 100 പേർ കൊല്ലപ്പെട്ടു
Wednesday, December 7, 2016 2:57 PM IST
ജക്കാർത്ത: പടിഞ്ഞാറൻ ഇന്തോനേഷ്യയിൽ അസെ പ്രവിശ്യയിലെ സുമാത്ര ദ്വീപിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം നൂറായി. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. 200ൽ ഏറെപ്പേർക്കു പരിക്കേറ്റു.

റിക്ടർ സ്കെയിലിൽ 6.5രേഖപ്പെടുത്തിയ ഭുകമ്പത്തെത്തുടർന്നു സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചില്ലെങ്കിലും നിരവധി ജനങ്ങൾ ഉയർന്ന സ്‌ഥലങ്ങളിലേക്കു പലായനം ചെയ്തു. തകർന്ന കെട്ടിടങ്ങളുടെയും മറിഞ്ഞു കിടക്കുന്ന വൈദ്യുതി പോസ്റ്റുകളുടെയും വിള്ളൽ വീണ റോഡുകളുടെയും ചിത്രങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്തു.നൂറുകണക്കിനു വീടുകളും കടകളും നിലംപൊത്തി. രക്ഷാപ്രവർത്തനത്തിന് ആയിരം സൈനികരെയും 900 പോലീസുകാരെയും നിയോഗിച്ചു. ചീഫ് ഓഫ് സ്റ്റാഫിനെ അസെയിലേക്ക് അയച്ചതായി പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു.


2004ൽ ഇന്തോനേഷ്യയിലെ അസെ പ്രവിശ്യയിലും ഇന്ത്യൻ മഹാസമുദ്രമേഖലയിലെ മറ്റു രാജ്യങ്ങളിലും ഉണ്ടായ സുനാമിയിൽ 1,70,000 പേർക്കു ജീവഹാനി നേരിടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.